വെസ്റ്റേണ്‍ ഡിലൈറ്റ്സ്; ആകര്‍ഷകമായ പുതിയ ടൂർ പാക്കേജുമായി ഇന്ത്യന്‍ റെയില്‍വേ

തിരുവനന്തപുരം: ഒരു യാത്ര പോയാലോ എന്ന് ആലോചിക്കുമ്പോള്‍ തന്നെ ആദ്യം മനസിലേക്ക് ഓടിവരുന്നത് ബഡ്ജറ്റ് തന്നെയാണ്. എന്നാല്‍ കീശ കാലിയാകാതെ യാത്രപോകാന്‍ സൗകര്യം ഒരുക്കുകയാണ് ഇന്ത്യന്‍ റെയില്‍വേ. ഇന്ത്യയുടെ അഭിമാനമായ സ്റ്റാച്യു ഓഫ് യൂണിറ്റിയും സബര്‍മതി ആശ്രമവും ഗോവയിലെ ബീച്ചുകളും പ്രമുഖ തീര്‍ത്ഥാടന കേന്ദ്രങ്ങളുമൊക്കെ കാണാന്‍ അവസരം കിട്ടിയാല്‍ ആരാണ് പോകാത്തത്. മലയാളികള്‍ക്കായി ഇതിനുള്ള സൗകര്യം ഒരുക്കുകയാണ് ഇന്ത്യന്‍ റെയില്‍വേ കാറ്ററിങ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷന്‍ (ഐആര്‍സിടിസി). തിരുവനന്തപുരം കൊച്ചുവേളിയില്‍ നിന്നും ജൂലൈ 28-ന് പ്രത്യേക ടൂറിസ്റ്റ് ട്രെയിന്‍ പുറപ്പെടും. പത്തു ദിവസത്തെ യാത്രക്കു ശേഷം ആഗസ്റ്റ് 6-ന് മടങ്ങിയെത്തും.

ഈ യാത്രയിലൂടെ മധ്യപ്രദേശ്, ഗുജറാത്ത്, ഗോവ എന്നീ സംസ്ഥാനങ്ങളില്‍ സ്ഥിതി ചെയ്യുന്ന ഭാരതത്തിലെ പ്രശസ്ത തീര്‍ത്ഥാടന കേന്ദ്രങ്ങളും പൈതൃക നിര്‍മ്മിതികളും സന്ദര്‍ശിക്കാവുന്നതാണ്. ടൂര്‍ പാക്കേജ് നിരക്ക് 19,000/ രൂപ മുതലാണ് ആരംഭിക്കുന്നത്. മഹാകാലേശ്വര്‍ ക്ഷേത്രം, ഓംകാരേശ്വര്‍ ക്ഷേത്രം, അക്ഷര്‍ധാം ക്ഷേത്രം, മോഡേര സൂര്യക്ഷേത്രം, സബര്‍മതി ആശ്രമം, സ്റ്റാച്യു ഓഫ് യൂണിറ്റി, ഗോവയിലെ പ്രമുഖ ബീച്ചുകള്‍, ബോം ജീസസ് ബസിലിക്ക, സെ കത്തീഡ്രല്‍, മംഗുഷി ക്ഷേത്രം തുടങ്ങിയവ ഈ യാത്രയിലൂടെ സന്ദര്‍ശിക്കാം. വെസ്റ്റേണ്‍ ഡിലൈറ്റ്സ് എന്ന് പേരുള്ള ഈ പാക്കേജിന്റെ ബുക്കിങ്ങുകള്‍ ആരംഭിച്ചു കഴിഞ്ഞു.

സ്ലീപ്പര്‍ ക്ലാസ് ട്രെയിന്‍, യാത്രകള്‍ക്ക് നോണ്‍ എസി വാഹനം, നോണ്‍ എസി ബജറ്റ് ഹോട്ടല്‍, മൂന്നു നേരവും സസ്യാഹാരം, ടൂര്‍ എസ്‌കോര്‍ട്ട്, സെക്യൂരിറ്റി എന്നിവരുടെ സേവനം, യാത്ര ഇന്‍ഷുറന്‍സ് എന്നിവ യാത്രയില്‍ ഉള്‍പ്പെടുന്നു. ബുക്ക് ചെയ്തവര്‍ക്ക് കൊച്ചുവേളി, കൊല്ലം, ചെങ്ങന്നൂര്‍, കോട്ടയം, എറണാകുളം, തൃശൂര്‍, ഒറ്റപ്പാലം, പാലക്കാട് എന്നീ സ്റ്റേഷനുകളില്‍നിന്നും ട്രെയിനില്‍ കയാറാം. കൂടുതല്‍ വിവരങ്ങള്‍ക്കും ബുക്കിങ്ങിനും തിരുവനന്തപുരം – 8287932095, എറണാകുളം – 8287932082, കോഴിക്കോട് – 8287932098, കോയമ്പത്തൂര്‍ – 9003140655 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം. വെബ്സൈറ്റ്: www.irctctourism.com.

Be the first to comment

Leave a Reply

Your email address will not be published.


*