അന്‍വര്‍ പറഞ്ഞത് ശുദ്ധ അസംബന്ധം; ഇത് കോടതിയോടുള്ള വെല്ലുവിളി; ലാവ്‌ലിന്‍ പരാമര്‍ശത്തില്‍ മറുപടിയുമായി എകെ ബാലന്‍

തിരുവനന്തപുരം: ലാവ്‌ലിന്‍ കേസിലെ പിവി അന്‍വറിന്റെ പരാമര്‍ശത്തിന് മറുപടിയുമായി സിപിഎം നേതാവ് എകെ ബാലന്‍. അന്‍വര്‍ പറഞ്ഞത് ശുദ്ധഅസംബന്ധമാണ്. ഇത് കോടതിയോടുള്ള വെല്ലുവിളിയാണ്. അന്‍വര്‍ വായില്‍ തോന്നിയത് പറയുന്നത് ആര് വിചരിച്ചാലും തടയാന്‍ പറ്റില്ല. അന്‍വര്‍ ഉന്നയിക്കുന്ന ആരോപണം തെളിവില്ലാത്തതാണെന്നും എകെ ബാലന്‍  പറഞ്ഞു.

‘ലാവ്‌ലിന്‍ കേസുമായി ബന്ധപ്പെട്ട് എന്തെങ്കിലും ഒന്ന് അന്‍വറിന് അറിയാമെന്ന് തോന്നുന്നില്ല. അതിന്റെ നാള്‍വഴികള്‍ ആദ്യം പഠിക്കണം. കേരളത്തിലെ സിബിഐ കോടതി എഫ്‌ഐആര്‍ റദ്ദ് ചെയ്ത കേസ് ആണിത്. അതിനെതിരായി യുഡിഎഫ് ബിജെപിയും ഹൈക്കോടതിയില്‍ പോയെങ്കിലും ഹൈക്കോടതി സിബിഐ കോടതി നടപടി ശരിയ്ക്കുകയായിരുന്നു. അത്തരമൊരുകേസില്‍ അതിന്റെ ഉള്ളടക്കത്തിലേക്ക് കടന്ന് സ്വാധീനിക്കാന്‍ ആര്‍ക്കും കഴിയില്ല. പിണറായി വിജയന്‍ അട്ടിമറിച്ചു എന്നുപറഞ്ഞാല്‍ സിബിഐയെയും ഹൈക്കോടതിയെയും സ്വാധീനിക്കാന്‍ പിണറായി വിജയനു കഴിഞ്ഞുവെന്നതാണ് പച്ചമലയാളം’.

സുപ്രീം കോടതിയില്‍ കേസ് ഇടയ്ക്ക് ഇടയ്ക്ക് മാറ്റിവെക്കുന്നത് പിണറായിയുടെ സ്വാധീനമാണെന്ന് പറഞ്ഞാല്‍ പിണറായി സുപ്രീം കോടതിയെയും സ്വാധീനിക്കുന്നുവെന്നാണ് അതിന്റെ അര്‍ഥം. ഇത് കോടതിയോടുള്ള വെല്ലുവിളിയാണ്. ശുദ്ധ അസംബന്ധമാണ് അന്‍വര്‍ പറയുന്നത്. അന്‍വര്‍ മനസിലാക്കേണ്ട കാര്യം കേരളത്തിലെ മുഖ്യമന്ത്രിക്കെതിരെ പൊലീസ് ചാര്‍ജ് ചെയ്ത ഒരു കേസുപോലും ഹൈക്കോടതിയുടെയോ കീഴ്‌ക്കോടതിയുടെയോ ഭാഗമായിട്ടില്ല. ഇന്നേവരെ ഒരു കേസിലും അദ്ദേഹത്തിനെതിരെ വിധിയും വന്നിട്ടില്ല. എന്തെങ്കിലും പുതുതായി അന്‍വറിന്റെ കൈവശം ഉണ്ടെങ്കില്‍ ഗവണ്‍മെന്റിന് കൊടുക്കാം. ഹൈക്കോടതിയില്‍ പൊതുതാത്പര്യ ഹര്‍ജി കൊടുക്കാം. അദ്ദേഹം ഉന്നയിച്ച ആരോപണത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്. പല ആരോപണങ്ങളും തെളിവില്ലാത്തതാണ്’- എകെ ബാലന്‍ പറഞ്ഞു.

 

Be the first to comment

Leave a Reply

Your email address will not be published.


*