ഹൈദരാബാദ്: ഉപഭോക്താക്കളുടെ ആവശ്യങ്ങൾക്കനുസരിച്ച് ഇടക്കിടെ പുതിയ അപ്ഡേറ്റുകളുമായി എത്താറുണ്ട് ജനപ്രിയ മെസേജിങ് ആപ്പായ വാട്സ്ആപ്പ്. ഇപ്പോൾ വീണ്ടും പുതിയ ഫീച്ചർ അവതരിപ്പിച്ചിരിക്കുകയാണ് വാട്സ്ആപ്പ്. പുതുതായി ഡിസൈൻ ചെയ്ത ടൈപ്പിങ് ഇൻഡിക്കേറ്ററാണ് പുതിയ ഫീച്ചർ. ആൻഡ്രോയിഡിലും ഐഒഎസിലും പുതിയ ഫീച്ചർ ലഭ്യമാവും.
മുൻപ് മറ്റൊരാൾ നിങ്ങൾക്ക് മെസേജ് ടൈപ്പ് ചെയ്യുമ്പോൾ വാട്സ്ആപ്പ് ഇന്റർഫേസിന്റെ ഏറ്റവും മുകളിലായി ‘ടൈപ്പിങ്’ എന്ന് എഴുതിക്കാണിക്കും. എന്നാൽ പുതിയ അപ്ഡേറ്റ് വന്നതോടെ മറ്റൊരാൾ നിങ്ങൾക്ക് മെസേജ് ടൈപ്പ് ചെയ്യുന്നുവെന്നതിന് സൂചനയായി ചാറ്റ് ഇന്റർഫേസിനുള്ളിൽ അവസാന മെസേജിന് താഴെയായി ചലിക്കുന്ന മൂന്ന് ഡോട്ട് മാർക്കുകൾ കാണാനാകും. അപ്പുറത്തുള്ള ആൾ നിങ്ങൾക്കായി മെസേജ് ടൈപ്പ് ചെയ്യുന്നുവെന്നതിന്റെ സൂചനയാണ് ഇത് നൽകുന്നത്.
മെസേജ് അയക്കുന്നയാളുടെ പേരിന് താഴെയായി മുൻപ് ‘ടൈപ്പിങ്’ എന്ന് എഴുതിക്കാണിക്കുന്ന ഫീച്ചറാണ് ഉണ്ടായിരുന്നത്. ഈ ഫീച്ചർ പുതുക്കി ഡിസൈൻ ചെയ്താണ് പുതിയ ടൈപ്പിങ് ഫീച്ചർ അവതരിപ്പിച്ചിരിക്കുന്നത്. വ്യക്തിഗത ചാറ്റുകളിലും ഗ്രൂപ്പ് ചാറ്റുകളിലും ഈ ഫീച്ചർ ലഭ്യമാവും.
അതേസമയം വോയിസ് മെസേജുകൾക്കും സമാനമായ ഫീച്ചർ ലഭ്യമാകും. എന്നാൽ ഇൻഡിക്കേറ്ററിന്റെ അടയാളത്തിൽ വ്യത്യാസമുണ്ടാകും. മുൻപ് മറ്റൊരാൾ വോയിസ് മെസേജ് അയക്കുമ്പോൾ ‘റെക്കോർഡിങ്’ എന്നായിരുന്നു സ്ക്രീനിന്റെ മുകൾഭാഗത്തായി എഴുതിക്കാണിച്ചിരുന്നത്. എന്നാൽ ഇനി മുതൽ മറ്റൊരാൾ നിങ്ങൾക്കായി വോയിസ് മെസേജ് അയക്കുമ്പോൾ ചാറ്റ് ഇന്റർഫേസിൽ അവസാന മെസേജിനു താഴെയായി മൈക്കിന്റെ ചിഹ്നമായിരിക്കും ദൃശ്യമാകുക.
Be the first to comment