
ന്യൂഡൽഹി: ഫെയ്സ്ബുക്ക് ഇൻസ്റ്റഗ്രാം, വാട്സാപ്പ് എന്നീ സാമൂഹിക മാധ്യമങ്ങളുടെ മാതൃകമ്പനിയായ മെറ്റയ്ക്ക് 213.14 കോടി രൂപ പിഴ ചുമത്തി കോംപറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ (സിസിഐ). 2021 ലെ വാട്‌സ്ആപ്പ് സ്വകാര്യതാനയ പരിഷ്കരണവുമായി ബന്ധപ്പെട്ട് മെറ്റ കൃത്രിമത്വം കാട്ടിയെന്ന് ചൂണ്ടിക്കാട്ടിയാണ് പിഴ ചുമത്തിയത്.
ഡിജിറ്റൽ വിപണിയിലെ കുത്തക നിലനിർത്താനുള്ള നിയമവിരുദ്ധ ശ്രമങ്ങളിൽ നിന്ന് വിട്ടുനിൽക്കാനും മത്സരവിരുദ്ധ നടപടികളിൽ നിന്നൊഴിവാകാനും കമ്മീഷൻ മെറ്റയോടു നിർദേശിച്ചു. ഇന്ത്യയിലെ ഉപയോക്താക്കളുടെ വ്യക്തി വിവരങ്ങൾ മെറ്റയുടെ മറ്റു പ്ലാറ്റ്ഫോമുകളായ ഫെയ്സ്ബുക്ക്, ഇൻസ്റ്റഗ്രാം എന്നിവയുമായി പങ്കുവയ്ക്കുന്നതിനായി 2021 ൽ സ്വകാര്യതാനയം വാട്‌സ്ആപ്പ് പുതുക്കിയിരുന്നു.
ഈ നയം അംഗീകരിക്കാത്ത ഉപയോക്താക്കൾക്ക് വാട്‌സ്ആപ്പ് സേവനം ലഭ്യമാക്കില്ലെന്നും കമ്പനി നിലപാടെടുത്തു. ഇതിനെതിരെയാണ് കോംപറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ രംഗത്തുവന്നത്. കടുത്ത എതിർപ്പിനെ തുടർന്ന് പുതുക്കിയ സ്വകാര്യതാനയം നടപ്പാക്കുന്നത് വാട്‌സ്ആപ്പ് താത്ക്കാലികമായി മരവിപ്പിച്ചിരുന്നു. കോംപറ്റീഷന്‍ ആക്ടിന് വിരുദ്ധമാണ് വാട്‌സ്ആപ്പ് നടപടിയെന്ന് വിലയിരുത്തിയാണ് കമ്മീഷന്റെ തീരുമാനം.
2029 വരെ ഉപയോക്താക്കളുടെ വ്യക്തി വിവരങ്ങൾ മെറ്റയുടെ മറ്റു സ്ഥാപനങ്ങളുമായി പങ്കുവയ്ക്കരുത്. പരസ്യ ഇതരാവശ്യങ്ങൾക്കായി വിവരങ്ങൾ പങ്കുവച്ചിട്ടുണ്ടെങ്കിൽ അത് എന്തിനെല്ലാമെന്ന് വ്യക്തമാക്കി വിശദീകരണം നൽകണം. 2021 ലെ സ്വകാര്യതാനയം അംഗീകരിച്ചവർക്ക് അതൊഴിവാക്കാൻ അവസരം നൽകണമെന്നും കോംപറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ നിർദേശിച്ചു.
Be the first to comment