രണ്ട് ഫാനും രണ്ട് ബൾബും; കറണ്ട് ബില്ല് വന്നത് 6000 രൂപ, ഭിന്നശേഷിക്കാരന് കെഎസ്ഇബിയുടെ ഇരുട്ടടി

തൃശൂർ: പഞ്ചായത്തിന്റെ അതിദരിദ്ര പട്ടികയിൽ ഉൾപ്പെട്ട ഭിന്നശേഷിക്കാരനായ വയോധികന് കെഎസ്ഇബിയുടെ കുരുക്ക്. അരിമ്പൂർ എഴുത്തച്ഛൻ റോഡിൽ ഒറ്റയ്ക്ക് താമസിക്കുന്ന അവിവാഹിതനായ വസന്തകുമാറിന് ഇത്തരണ വൈദ്യുതി ബില്ല് വന്നത് ആറായിരം രൂപയാണ്. മാസം മുന്നൂറിൽ താഴെ മാത്രം ബില്ല് വന്നിരുന്നിടത്താണിത്.

രണ്ട് മാസം മുൻപ് ഇടിമിന്നലിനെ തുടർന്ന് വസന്തകുമാറിന്റെ വീടിന്റെ മീറ്റർ ബോർഡ് കേടായിരുന്നു. ലോട്ടറി വിൽപ്പനക്കാരനായ ഇദ്ദേഹം കാലിൽ പഴുപ്പ് കൂടിയതിനെത്തുടർന്ന് പുറത്തിറങ്ങാനാകാതെ കഴിയുകയാണ്. ഇതിനിടെ 1400 രൂപയുടെ ആദ്യ ബില്ല് എത്തി. ആ തുക ഒരുവിധം അടച്ചെങ്കിലും കഴിഞ്ഞ മാസം ആറായിരം രൂപയുടെ ബില്ല് വന്നതോടെ വസന്തകുമാർ ഞെട്ടി. വീട്ടിൽ ആകെ ഉള്ളത് രണ്ട് ഫാനും രണ്ട് ബൾബുമാണ്.

ഇക്കാര്യം കെഎസ്ഇബിയിൽ അറിയിച്ചപ്പോൾ മീറ്ററിൽ നിന്ന് വൈദ്യുതി ഭൂമിയിലേക്ക് പ്രവഹിക്കുന്നതാണ് കാരണമെന്നാണ് കെഎസ്ഇബിയുടെ വിശദീകരണം. തുക അടയ്ക്കാതെ നിർവാഹമില്ലെന്നും കെഎസ്ഇബി അറിയിച്ചു. ബില്ല് അടയ്ക്കാതെ വന്നതോടെ വൈദ്യുതി വകുപ്പ് ജീവനക്കാരെത്തി ഫ്യൂസ് ഊരി.

പഞ്ചായത്തംഗം സലിജാ സന്തോഷിന്റെ നേതൃത്വത്തിൽ കെഎസ്ഇബി എ ഇ, വൈദ്യുതി വകുപ്പ് മന്ത്രി എന്നിവർക്ക് വസന്തകുമാർ പരാതി നൽകി. സംഭവം വിവാദമായ പശ്ചാത്തലത്തിൽ അരിമ്പൂർ കെഎസ്ഇബി സെക്ഷനിലെ ഉദ്യോഗസ്ഥർ എത്തി വൈദ്യുതി പുനഃസ്ഥാപിച്ചു. മാസം ആയിരം രൂപ തവണകളായി ആറുമാസംകൊണ്ട് ബാധ്യത തീർക്കണം എന്നാണ് കെഎസ്ഇബിയുടെ നിർദേശം.

 

 

Be the first to comment

Leave a Reply

Your email address will not be published.


*