ആരാകും ഡല്‍ഹിയുടെ പുതിയ മുഖ്യമന്ത്രി?; മൂന്നു പേരുകള്‍ക്ക് പ്രഥമ പരിഗണനയെന്ന് എഎപി കേന്ദ്രങ്ങള്‍

മദ്യനയ അഴിമതിക്കേസില്‍ ജയില്‍ മോചിതനായതിനു പിന്നാലെ അരവിന്ദ് കെജ്‌രിവാള്‍ രാജി പ്രഖ്യാപിക്കുമെന്ന് അറിയിച്ചതിനെത്തുടര്‍ന്ന് ഡല്‍ഹിയുടെ പുതിയ മുഖ്യമന്ത്രി ആരെന്നതില്‍ ചര്‍ച്ചകള്‍ സജീവം. മുന്‍ ഉപമുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടിയിലെ രണ്ടാമനുമായ മനീഷ് സിസോദിയ മുഖ്യമന്ത്രിയാകില്ലെന്ന് കെജ്‌രിവാള്‍ വ്യക്തമാക്കിയതിനാല്‍ മൂന്നു പേരുകളാണ് ഇപ്പോള്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പ്രഥമപരിഗണനയിലുള്ളത്. കെജ്രിവാളിന്റെ ഭാര്യ കവിതയുടെ പേരും മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയരുന്നുണ്ടെങ്കിലും പാര്‍ട്ടി നേതൃത്വം അതിനെ കാര്യമായി എടുക്കുന്നില്ലെന്നാണ് റിപ്പോര്‍ട്ട്.

മന്ത്രിമാരായ അതിഷി, ഗോപാല്‍ റായ്, കൈലാഷ് ഗെഹ്ലോട്ട് എന്നിവരില്‍ ആരെങ്കിലും മുഖ്യമന്ത്രിയാകുമെന്നാണ് എഎപി കേന്ദ്രങ്ങള്‍ നല്‍കുന്ന സൂചന. വിദ്യാഭ്യാസം, ധനകാര്യം, റവന്യൂ, നിയമം അടക്കം ഏറ്റവും അധികം വകുപ്പുകള്‍ കൈകാര്യം ചെയ്യുന്ന മന്ത്രിയാണ് അതിഷി. ഓഗസ്റ്റ് പതിനഞ്ചിന് ഡല്‍ഹിയില്‍ ത്രിവര്‍ണപതാക ഉയര്‍ത്താന്‍ പാര്‍ട്ടി അതിഷിയെ നാമനിര്‍ദേശം ചെയ്‌തെങ്കിലും ലഫ്റ്റനന്റ് ജനറല്‍ സീനിയര്‍ മന്ത്രിയായ കൈലാഷ് ഗെഹ്ലോട്ടിനെ തിരഞ്ഞെടുക്കുകയായിരുന്നു. എന്നാല്‍, ഡല്‍ഹിയിലെ ഉദ്യോഗസ്ഥസംഘവുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന മന്ത്രിയാണ് അതിഷി എന്നതാണ് അവര്‍ക്ക് അനുകൂലമായ ഘടകം.

അതേസമയം, ആഭ്യന്തരം, ഗതാഗതം, വനിത-ശിശുക്ഷേമം വകുപ്പുകള്‍ കൈകാര്യം ചെയ്യുന്ന ഗെഹ്ലോട്ടിന് പാര്‍ട്ടിയിലും പ്രവര്‍ത്തകര്‍ക്കിടയിലും നല്ല സ്വാധീനമുണ്ട്. അതേസമയം, മുതിര്‍ന്ന നേതാവെന്ന പരിഗണനയില്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഗോപാല്‍ റായ് വരുന്നതിനും സാധ്യതയേറെയാണെന്ന് എഎപി കേന്ദ്രങ്ങള്‍ വ്യക്തമാക്കുന്നുണ്ട്.

അതേസമയം, പുതിയ മുഖ്യമന്ത്രി സ്ഥാനമേല്‍ക്കുന്നതോടെ മുടങ്ങിക്കിടക്കുന്ന പദ്ധതികള്‍ക്ക് ജീവന്‍ വയ്ക്കുമെന്ന പ്രതീക്ഷയിലാണ് ഉദ്യോഗസ്ഥവൃന്തം. നിരവധി മന്ത്രിസഭ നിര്‍ദേശങ്ങളാണ് തീര്‍പ്പാക്കാനുള്ളത്. ആര് മുഖ്യമന്ത്രിയായാലും മുടങ്ങിക്കിടക്കുന്ന പദ്ധതികള്‍ പൂര്‍ത്തിയാക്കാനുള്ള നടപടികളുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഉദ്യോഗസ്ഥര്‍. സ്ഥലംമാറ്റം, പുതിയ നിയമനം, വിജിലന്‍സ് സംബന്ധമായ പ്രശ്‌നങ്ങള്‍ എന്നിവ പരിഹരിക്കുന്നതിനുള്ള നാഷണല്‍ ക്യാപിറ്റല്‍ സിവില്‍ സര്‍വീസസ് അതോറിറ്റിയുടെ യോഗം ചേര്‍ന്നിട്ട് ഒരു വര്‍ഷം പിന്നിടുന്നു. കഴിഞ്ഞ സെപ്റ്റംബറിലായിരുന്നു അവസാനയോഗം. ജിഎന്‍സിടിഡി നിയമം നിലവില്‍ വന്നതിന് ശേഷം രൂപീകരിച്ച മൂന്നംഗ പാനലില്‍ മുഖ്യമന്ത്രി അധ്യക്ഷനും ചീഫ് സെക്രട്ടറിയും അഡീഷണല്‍ ചീഫ് സെക്രട്ടറിയും അംഗങ്ങളുമാണ്.

ഇതുകൂടാതെ, ആം ആദ്മി സര്‍ക്കാരിന്റെ മികച്ച പദ്ധതിയായ മഹിളാ സമ്മാന് രാശി യോജന നടപ്പാക്കല്‍ അന്തിമ ഘട്ടത്തിലാണ്. ഡല്‍ഹിയിലെ 18 നും 60 നും ഇടയില്‍ പ്രായമുള്ള യോഗ്യരായ സ്ത്രീകള്‍ക്ക് പദ്ധതി പ്രകാരം പ്രതിമാസം 1,000 രൂപ ലഭിക്കും. ഇതടക്കം നിരവധി പദ്ധതികള്‍ മുഖ്യമന്ത്രിയുടെ അഭാവം മൂലം മുടങ്ങിക്കിടക്കുകയാണ്. ഇവയ്‌ക്കെല്ലാമുള്ള പരിഹാരം പുതിയ മുഖ്യമന്ത്രി എത്തുന്നതോടെ ഉണ്ടാകുമെന്ന് പ്രതീക്ഷയിലാണ് ഉദ്യോഗസ്ഥര്‍.

Be the first to comment

Leave a Reply

Your email address will not be published.


*