സംസ്ഥാന പോലീസിനെതിരെ വിമര്‍ശനവുമായി സമസ്ത മുഖപത്രം സുപ്രഭാതം

സംസ്ഥാന പോലീസിനെതിരെ വിമര്‍ശനവുമായി സമസ്ത മുഖപത്രം സുപ്രഭാതം. ‘പോലീസിന് വേണ്ടത് ആഭ്യന്തര മന്ത്രിയെ’ എന്ന തലക്കെട്ടോടെയാണ് സുപ്രഭാതം പത്രത്തിന്റെ എഡിറ്റോറിയല്‍. പോലീസിലെ ഒരു വിഭാഗം സേനയുടെ മൊത്തം വീര്യം ചോര്‍ത്തിക്കളയുന്നുവെന്നാണ് മുഖപ്രസംഗത്തിലെ വിമര്‍ശനം. ആഭ്യന്തര വകുപ്പിന് പ്രത്യേക മന്ത്രിയെ ആണ് വേണ്ടതെന്നും മുഖ്യമന്ത്രിക്ക് ആഭ്യന്തരത്തിന്റെ ഭാരവും പഴിയും കുറയുമെന്നും സമസ്ത നിലപാട് വ്യക്തമാക്കി.

ഗുണ്ടാനേതാവിന്റെ വീട്ടിലെ വിരുന്നും മാധ്യമപ്രവര്‍ത്തകനെ കള്ളക്കേസില്‍ കുടുക്കിയതും തട്ടിപ്പുകളും പോലീസ് അക്കാദമിയിലെ പീഡനവും ഉള്‍പ്പെടെ സമീപകാലത്ത് പോലീസ് പ്രതിക്കൂട്ടിലാകുന്ന സംഭവങ്ങള്‍ വ്യാപകമാണ്. ഈ പശ്ചാത്തലത്തിലാണ് പോലീസിനെതിരെ സമസ്തയുടെ വിമര്‍ശനം. എത്ര നവീകരിക്കപ്പെട്ടാലും പോലീസ് വിഭാഗത്തില്‍ പരാതികള്‍ ഒഴിയില്ലെന്നും ആഭ്യന്തരത്തെ പോലെ ഭരണകര്‍ത്താക്കള്‍ക്ക് ഇത്ര തലവേദന നല്‍കുന്ന മറ്റൊരു വകുപ്പില്ലെന്നും സുപ്രഭാതം ചൂണ്ടിക്കാട്ടി.

സേനയിലെ പിടിപ്പുകേടിന്റെയും അതിക്രമങ്ങളുടെയും പേരില്‍ പോലീസിനുള്ള കളങ്കം ഇംഎംഎസ് മുതല്‍ പിണറായി വരെയുളള സര്‍ക്കാരുകളുടെ കാലത്തുണ്ട്. കാലത്തിന് നിരക്കാത്ത പ്രാകൃതത്തില്‍ നിന്ന് മുക്തരാകാന്‍ ചിലര്‍ക്ക് വല്ലാത്ത മടിയാണ്. ആ ജനുസില്‍ പെട്ടവരാണ് ഗുണ്ടയുടെ വീട്ടില്‍ വിരുന്നിന് പോയ ഡിവൈഎസ്പിയും സംഘവും. മറ്റൊന്ന് രാമവര്‍മപുരത്തെ പോലീസ് അക്കാദമിയിലെ ലൈംഗികാതിക്രമം. ഒറ്റപ്പെട്ടതായാല്‍ പോലും ഇത്തരം സംഭവങ്ങള്‍ സേനയുടെ ഒന്നാകെ മുഖം വികൃതമാക്കുന്നുണ്ടെന്ന് സംശയമില്ല’. സുപ്രഭാതം വിമര്‍ശിച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*