കൊൽക്കത്ത: ഐപിഎല്ലിൽ തകർപ്പൻ ഫോമിലാണ് വിക്കറ്റ് കീപ്പർ ബാറ്റർ ദിനേശ് കാർത്തിക്ക്. പിന്നാലെ താരത്തിനെ ട്വന്റി 20 ലോകകപ്പ് ടീമിലെടുക്കണമെന്ന് ആവശ്യമുയർന്നിരുന്നു. എന്നാൽ 38കാരനായ താരം ഇനിയൊരു തിരിച്ചുവരവിന് തയ്യാറാകുമോയെന്ന് വ്യക്തമായിരുന്നില്ല. എന്നാൽ ഇക്കാര്യത്തിൽ താരം തന്റെ നിലപാട് അറിയിക്കുകയാണ്.
ഈ വർഷത്തെ ട്വന്റി20 ലോകകപ്പ് കളിക്കാൻ 100 ശതമാനം കായികക്ഷമതയുണ്ടെന്ന് താരം പറഞ്ഞു. ടീമിലിടം നേടാൻ പരമാവധി പ്രയത്നിക്കും. ജൂൺ ഒന്നിന് തനിക്ക് 39 വയസ് തികയും. ഈ പ്രായത്തിൽ ഇന്ത്യയ്ക്കായി മത്സരിക്കുകയെന്നത് വലിയൊരു നേട്ടമായിരിക്കും. ഇന്ത്യൻ പരിശീലകൻ രാഹുൽ ദ്രാവിഡ്, ക്യാപ്റ്റൻ രോഹിത് ശർമ്മ, ചീഫ് സിലക്ടർ അജിത് അഗാർക്കർ എന്നിവരാണ് ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കേണ്ടതെന്നും കാർത്തിക്ക് പറഞ്ഞു.
അതിനിടെ ദേശീയ ടീമിൽ സ്ഥിരത കാണിക്കാൻ താരത്തിന് കഴിയുന്നില്ലെന്ന് വിമർശനമുണ്ട്. ഇതിനോട് താൻ റസ്സലോ പൊള്ളാർഡോ അല്ലെന്നാണ് താരത്തിന്റെ പ്രതികരണം. ഗ്യാപ്പുകൾ കണ്ടെത്തി കളിക്കാൻ തനിക്ക് കഴിയും. ബൗളർമാർക്ക് എന്റെ ദൗർബല്യങ്ങൾ മനസിലാക്കാൻ സാധിക്കും. പ്രശ്നങ്ങളുള്ള മേഖലകൾ പരിഹരിക്കാൻ താൻ ശ്രമിക്കുമെന്നും കാർത്തിക്ക് വ്യക്തമാക്കി.
Be the first to comment