സംസ്ഥാനത്ത് പെയ്തിറങ്ങിയ കനത്ത മഴയില്‍ വ്യാപക കൃഷിനാശം

സംസ്ഥാനത്ത് പെയ്തിറങ്ങിയ കനത്ത മഴയില്‍ വ്യാപക കൃഷിനാശം. മേയ് ഒന്നു മുതല്‍ 28 വരെ പെയ്ത മഴയില്‍ 119.58 കോടിയുടെ കൃഷിനാശം. 33,165 കര്‍ഷകരുടെ 8,952 ഹെക്ടറിലെ കൃഷിയാണ് നശിച്ചത്. തിരുവനന്തപുരത്താണ് കൃഷി നഷ്ടം കൂടുതല്‍ 27.5 കോടി. ഇവിടെ 4,128 കര്‍ഷകരുടെ 768.69 ഹെക്ടറിലെ കൃഷിയാണ് നശിച്ചത്. കുറവു കൃഷിനാശം രേഖപ്പെടുത്തിയത് പാലക്കാടാണ്. 71 ലക്ഷം രൂപയുടെ കൃഷി നാശമാണ് മഴയില്‍ ഇവിടെ സംഭവിച്ചത്. 393 കര്‍ഷകരുടെ 7.60 ഹെക്ടറിലെ കൃഷി നശിച്ചു.

ആലപ്പുഴയില്‍ 4,472 കര്‍ഷകരുടെ 853 ഹെക്ടറിലെ കൃഷി നശിച്ചു. 18.31 കോടിയുടെ കൃഷിയാണ് നശിച്ചത്. 12.14 കോടിയുടെ കൃഷിനാശമുണ്ടായ എറണാകുളത്ത് 5,871 കര്‍ഷകരുടെ 411 ഹെക്ടറിലെ കൃഷി നശിച്ചു. 1.37 കോടിയുടെ കൃഷി നശിച്ച ഇടുക്കിയില്‍ 1,418 കര്‍ഷകരുടെ 1880 ഹെക്ടറിലെ കൃഷി നശിച്ചു. കണ്ണൂരില്‍ 329 ഹെക്ടറിലെ 4186 കര്‍ഷകരുടെ കൃഷി നശിച്ചു. 10.91 കോടിയുടെ കൃഷി നാശമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. കാസര്‍ഗോഡ് 1.65 കോടിയുടെ കൃഷി മഴയില്‍ മുങ്ങി. 2553 കര്‍ഷകരുടെ 196 ഹെക്ടറിലെ കൃഷിയാണ് നശിച്ചത്.

കൊല്ലത്ത് 88.32 ഹെക്ടറിലെ 1439 കര്‍ഷകരുടെ 3.18 കോടിയുടെ കൃഷി നശിച്ചു. കോട്ടയത്ത് 2.65 കോടിയുടെ കൃഷി മഴ കവര്‍ന്നു. 52 ഹെക്ടറിലെ 1161 കര്‍ഷകരുടെ കൃഷിയാണ് നശിച്ചത്. കോഴിക്കോട് 2034 കര്‍ഷകരുടെ 768 ഹെക്ടറിലെ കൃഷി നശിച്ചു. നഷ്ടം 5.54 കോടി. മലപ്പുറത്ത് 10.15 കോടിയുടെ കൃഷി നശിച്ചു. 1856 കര്‍ഷകരുടെ 127 ഹെക്ടറിലെ കൃഷിയാണ് വെള്ളത്തിലായത്.

പത്തനംതിട്ടയില്‍ 1.32 കോടിയുടെ കൃഷി നാശമുണ്ടായി. 856 കര്‍ഷകരുടെ 55 ഹെക്ടറിലെ കൃഷി നശിച്ചു. തൃശൂരില്‍ 3.96 കോടിയുടെ കൃഷിനശിച്ചപ്പോള്‍ 1202 കര്‍ഷകര്‍ക്ക് ഉപജീവനമാര്‍ഗം ഇല്ലാതായി. 558 ഹെക്ടറിലെ കൃഷിയാണ് നശിച്ചത്. 20.06 കോടിയുടെ കൃഷി നാശമുണ്ടായ വയനാടാണ് മഴ ഏറ്റവും കൂടുതല്‍ നാശം വിതച്ച രണ്ടാമത്തെ ജില്ല. ഇവിടെ 1596 കര്‍ഷകരുടെ 2853 ഹെക്ടറിലെ കൃഷി മഴയില്‍ മുങ്ങി.

Be the first to comment

Leave a Reply

Your email address will not be published.


*