ലോക്സഭാ തെരഞ്ഞെടുപ്പിന്റെ നാലാംഘട്ട വോട്ടെടുപ്പിനിടെ ആന്ധ്രപ്രദേശിലും പശ്ചിമ ബംഗാളിലും സംഘര്‍ഷം വ്യാപകം. ബംഗാളിലെ കേതുഗ്രാമില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു. ആന്ധ്രയിലെ ചിറ്റൂര്‍, കടപ്പ, അനന്ത്പൂര്‍, പല്‌നാട്, അണ്ണാമയ ജില്ലകളിലാണ് ആക്രമണമുണ്ടായത്. അണ്ണാമയ ജില്ലയില്‍ തെരഞ്ഞെടുപ്പ് ബൂത്ത് അടിച്ചുതകര്‍ത്തു.
ഗുണ്ടൂരില്‍ വോട്ടര്‍മാരെ എംഎല്‍എ മര്‍ദിച്ചു. തെനാലിയിലെ വൈഎസ്ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടി എംഎല്‍എ എ ശിവകുമാര്‍ ആണ് വോട്ടറെ മര്‍ദിച്ചത്. ആദ്യം എംഎല്‍എ ആണ് വോട്ടറുടെ മുഖത്തടിച്ചത്. ഉടന്‍ തന്നെ വോട്ടറും തിരിച്ചടിച്ചു. ക്യൂവില്‍ നില്‍ക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് എംഎല്‍എയും വോട്ടര്‍മാരും തമ്മില്‍ കയ്യാങ്കളിയിലേക്കെത്തിയത്. മര്‍ദനത്തിന്റെ വിഡിയോ സോഷ്യല്‍മിഡിയയില്‍ പ്രചരിച്ചു. എംഎല്‍എയ്‌ക്കൊപ്പമുണ്ടായിരുന്ന ആളുകളും വോട്ടര്‍മാരെ മര്‍ദിച്ചു. സ്ഥലത്തുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥര്‍ സംഭവത്തില്‍ ഇടപെട്ടിട്ടില്ലെന്നും ആക്ഷേപമുണ്ട്.
ആന്ധ്രാപ്രദേശിലെ 25 ലോക്സഭാ സീറ്റുകളിലേക്കും 175 നിയമസഭാ സീറ്റുകളിലേക്കുമാണ് ഇന്ന് വോട്ടെടുപ്പ്. ബിജെപിയുടെയും എന്‍ ചന്ദ്രബാബു നായിഡുവിന്റെ നേതൃത്വത്തിലുള്ള തെലുങ്കുദേശം പാര്‍ട്ടിയും ജഗന്‍ മോഹന്‍ റെഡ്ഡിയുടെ വൈഎസ്ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടിയും തമ്മിലാണ് പോരാട്ടം. പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ്-ബിജെപി പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി. ഇന്നലെ രാത്രി നടന്ന ആക്രമണത്തില്‍ ബംഗാളില്‍ ഒരു തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ക്രൂഡ് ബോംബ് ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു.
Be the first to comment