മുണ്ടക്കയം: കഴിഞ്ഞ ഒരു മാസക്കാലമായി മുണ്ടക്കയം, എരുമേലി പഞ്ചായത്തുകളുടെ വനാതിർത്തി മേഖലയിൽ ഭീതിവിതച്ച പുലിശല്യത്തിന് ഒരുവിധത്തിൽ പരിഹാരമായപ്പോൾ സമീപ പ്രദേശമായ കണ്ണിമലയിലെ പ്രദേശവാസികൾക്ക് ഭീതിയായി കാട്ടാനക്കൂട്ടം.
പുലിക്കുന്ന് ടോപ്പിൽ ചിറക്കൽ സുധന്‍റെ വീടിനോടു ചേർന്നു വനംവകുപ്പൊരുക്കിയ കെണിയിൽ കഴിഞ്ഞ ദിവസം പുലി വീഴുകയും, പെരിയാർ ടൈഗർ റിസർവിന്‍റെ ഭാഗമായ കുമളി കോഴിക്കാനത്ത് എത്തിക്കുകയും, പുലിയെ രാത്രി ഉൾവനത്തിൽ തുറന്ന് വിടുകയുമായിരുന്നു. ഇതിനു പിന്നാലെയാണ് കണ്ണിമല പള്ളിയുടെ ഭാഗത്ത് കാട്ടാനക്കൂട്ടം ഇറങ്ങിയതും മേലെയിലെ കൃഷികൾ നശിപ്പിച്ചതും.
കഴിഞ്ഞ രണ്ടുമാസമായി പുലിക്കുന്ന്, കുളമാക്കൽ, കണ്ണിമല മേഖലയിൽ ആനക്കൂട്ടം തമ്പടിച്ചു കൃഷി നശിപ്പിക്കുകയാണ്. നിരവധി കുടുംബങ്ങൾ താമസിക്കുന്ന ജനവാസ മേഖലയിലാണ് ആനക്കൂട്ടം വ്യാപകമായി കൃഷി നശിപ്പിക്കുന്നത്. വന്യമൃഗങ്ങളെല്ലാം നാട്ടിൽ ഇറങ്ങിയതോടെ ജീവിക്കാൻ പോലും കഴിയാത്ത അവസ്ഥയിലാണ് പ്രദേശവാസികൾ.
പൂഞ്ഞാർ-എരുമേലി സംസ്ഥാന പാതയോടു ചേർന്നുള്ള പുരയിടത്തിൽ വരെ കാട്ടാനയുടെ സാന്നിധ്യമുണ്ട്. കഴിഞ്ഞ ദിവസം രാത്രിയിലും കാട്ടാനക്കൂട്ടം കണ്ണിമല മേഖലയിൽ ഇറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചിരുന്നു. പൂഞ്ഞാർ നിയോജക മണ്ഡലത്തിന്‍റെ വനാതിർത്തി പങ്കിടുന്ന 30 കിലോമീറ്റർ ദൂരത്തിൽ വന്യമൃഗങ്ങൾ ജനവാസ മേഖലയിൽ ഇറങ്ങാതിരിക്കാൻ സോളാർ വേലിയും കിടങ്ങുകൾ അടക്കമുള്ള സംവിധാനം ഒരുക്കുമെന്നു സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ പറഞ്ഞു.
Be the first to comment