വഖഫ് നിയമ ഭേദഗതിക്കെതിരെ സുപ്രിം കോടതിയെ സമീപിക്കും; പി.കെ കുഞ്ഞാലിക്കുട്ടി

വഖഫ് നിയമ ഭേദഗതിക്കെതിരെ സുപ്രിം കോടതിയെ സമീപിക്കുമെന്ന് മുസ്ലിംലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. പ്രിയങ്ക ഗാന്ധിയുടെ അസാന്നിധ്യം പ്രതിപക്ഷ ഐക്യത്തിന് പോറൽ ഏൽപ്പിച്ചിട്ടില്ല. അവർ വിദേശത്തായിരുന്നു എന്നാണ് മനസിലാക്കുന്നത്. രാത്രി വൈകിയും സോണിയ ഗാന്ധി പാർലമെന്റിൽ തുടർന്നു. ഇതൊന്നും ആരുടെയും ശ്രദ്ധയിൽ പെട്ടില്ല. തൽപ്പരകക്ഷികൾ അനാവശ്യ വിവാദം ഉണ്ടാക്കാൻ ശ്രമിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം വഖഫ് നിയമ ഭേദഗതി ബില്ലിൽ കോൺഗ്രസ് സുപ്രീംകോടതിയിലേക്ക്. ഭരണഘടനയ്ക്ക് നേരെയുള്ള മോദി സർക്കാരിന്റെ ആക്രമണങ്ങളെ ശക്തമായി എതിർക്കുമെന്ന് ജയ്റാം രമേശ്‌. ലോക്സഭയ്ക്ക് പിന്നാലെ രാജ്യസഭയിലും ബില്ല് പാസായതോടെയാണ് കോൺഗ്രസ് നിയമനടപടിയിലേക്ക് നീങ്ങുന്നത്.

സുപ്രീംകോടതിയെ സമീപിക്കുമെന്നും ഭരണഘടനയിൽ അടങ്ങിയിരിക്കുന്ന തത്വങ്ങൾ വ്യവസ്ഥകൾ ആചാരങ്ങൾ എന്നിക്കെതിരായ മോദി സർക്കാറിന്റെ ആക്രമണത്തെ ആത്മവിശ്വാസത്തോടെ നേരിടുമെന്നും കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് വ്യക്തമാക്കി. അതേസമയം വഖഫ് നിയമഭേദഗതി ബിൽ സുതാര്യത വർധിപ്പിക്കുകയും ജനങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കുകയും ചെയ്യുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ഓരോ പൗരന്റെയും അന്തസ്സിന് മുൻഗണന നൽകുന്നതിൽ പ്രതിജ്ഞാബദ്ധരാണ്. നിയമനിർമ്മാണം ശക്തിപ്പെടുത്തുന്നതിന് സംഭാവനകൾ നൽകിയ എല്ലാ പാർലമെൻറ് അംഗങ്ങൾക്കും പ്രധാനമന്ത്രി നന്ദി അറിയിച്ചു

ബില്ലിനെ പിന്തുണച്ച ജെഡിയു നിലപാടിനെതിരെ നേതാക്കൾ രംഗത്തെത്തി മുതിർന്ന നേതാവ് മുഹമ്മദ് അഷ്റഫ് അൻസാരി, മുഹമ്മദ് തബ്രെസ് സിദ്ദിഖി, ന്യൂനപക്ഷ വിഭാഗം സെക്രട്ടറി ഷാനവാസ് മാലിക് എന്നിവർ രാജിവച്ചു. എന്നാൽ രാജിവച്ചവർ പാർട്ടിയിൽ ഔദ്യോഗിക സ്ഥാനങ്ങൾ വഹിച്ചിരുന്നവരല്ലെന്ന് ജെഡിയു ദേശീയ നേതൃത്വത്തിൻ്റെ വിശദീകരണം. എൻഡിയ എടുത്ത തീരുമാനത്തെ പൂർണമായും പിന്തുണയ്ക്കുന്നുവെന്നും ദേശീയ വക്താവ് രാജീവ് രഞ്ജൻ പ്രസാദ്. സർക്കാർ നിയമം ദുരുപയോഗം ചെയ്താൽ മുസ്ലിം സമൂഹത്തെ പൂർണമായും പിന്തുണയ്ക്കും എന്ന ബിഎസ്പി അധ്യക്ഷ മായാവതിയും പ്രതികരിച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*