ഒരു കിരീടമെന്ന സ്വപ്നം, ബാംഗ്ലൂർ രോഹിതിനെ സ്വന്തമാക്കുമോ?; രോഹിത്-കോഹ്ലി കൂട്ടുകെട്ട് ഐപിഎല്ലിലേക്കും?

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ (ഐപിഎല്‍) മെഗാ താരലേലത്തിന് മുന്നോടിയായി മുംബൈ ഇന്ത്യൻസ് ക്യാമ്പിലേക്കാണ് ടീമുകളുടേയും ആരാധാകരുടേയും കണ്ണുകള്‍. റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു, ലഖ്നൗ സൂപ്പർ ജയന്റ്സ് എന്നീ ടീമുകള്‍ പുതിയ ക്യാപ്റ്റനെ തേടുന്നതായാണ് റിപ്പോർട്ടുകള്‍. ഡല്‍ഹി ക്യാപിറ്റല്‍സിന്റെ നായകൻ ഋഷഭ് പന്ത് ചെന്നൈ സൂപ്പർ കിങ്സിലേക്ക് ചേക്കേറിയേക്കുമെന്നും സൂചനകളുണ്ട്.

ഈ സാഹചര്യത്തിലാണ് എല്ലാവരും മുംബൈ ഇന്ത്യൻസിലേക്ക് ഉറ്റുനോക്കുന്നത്. കഴിഞ്ഞ സീസണില്‍ നായകസ്ഥാനത്തുനിന്ന് നീക്കിയ രോഹിത് ശർമയെ മുംബൈ നിലനിര്‍ത്തുമോ ഇല്ലയോ എന്നതാണ് ആകാംഷ. ട്വന്റി 20 കരിയർ അവസാനിപ്പിച്ച രോഹിതിനെ നിലനിര്‍ത്താൻ മുംബൈ തയ്യാറായില്ലെങ്കില്‍ പല ട്വിസ്റ്റുകളും പ്രതീക്ഷിക്കാം. രോഹിതിനെ ലക്ഷ്യമിട്ട് ടീമുകള്‍ നീക്കം ആരംഭിച്ചതായി കഴിഞ്ഞ സീസണിന് അവസാനം തന്നെ അഭ്യൂഹങ്ങളുണ്ടായിരുന്നു.

ഒരു കിരീടമെന്ന സ്വപ്നവുമായി തുടരുന്ന റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു രോഹിതിനെ വാങ്ങണമെന്ന ആവശ്യം ആരാധകരില്‍ നിന്ന് ശക്തമാണ്. ഇന്ത്യയുടെ 11 വർഷത്തെ ഐസിസി കിരീട വരള്‍ച്ച അവസാനിപ്പിച്ച് മുംബൈയെ അഞ്ച് തവണ ചാമ്പ്യന്മാരാക്കിയ നായകൻകൂടിയാണ് രോഹിത്. ഇതിനുപുറമെ രോഹിതിനേയും കോഹ്ലിയേയും ഒരുടീമില്‍ കാണണമെന്ന ആഗ്രഹവും ആരാധകർക്കുണ്ട്. അങ്ങനെ സംഭവിക്കുകയാണെങ്കില്‍ ഐപിഎല്‍ ചരിത്രത്തില്‍ തന്നെ ഏറ്റവും ആഘോഷിക്കപ്പെടാൻ പോകുന്ന ഒരു നിമിഷമായിരിക്കും ഇത്.

എന്നാല്‍, ലഖ്നൗ സൂപ്പർ ജയന്റ്സ് നായകനായ കെ എല്‍ രാഹുല്‍ ബെംഗളൂരുവിലേക്ക് എത്തിയേക്കുമെന്ന റിപ്പോർട്ടുകള്‍ പുറത്ത് വന്നിരുന്നു. ഇത് സംഭവിക്കുകയാണെങ്കില്‍ രോഹിതിന്റെ സാധ്യത എത്രത്തോളമാണെന്ന് വ്യക്തമല്ല.

ഒരു ടീമിന് എത്ര താരങ്ങളെ നിലനിർത്താനാകുമെന്ന കാര്യത്തില്‍ ഐപിഎല്‍ ഭരണസമിതി വ്യക്തത വരുത്തിയിട്ടില്ല. ഒരു വിദേശതാരവും മൂന്ന് ഇന്ത്യൻ താരങ്ങളും എന്നായിരിക്കും അനുപാതമെന്നാണ് സൂചന. ഇത്തരത്തിലാണ് സാഹചര്യമെങ്കില്‍ രോഹിതിനെ നിലനിർത്താൻ മുംബൈ തയാറായേക്കില്ല.

 

 

Be the first to comment

Leave a Reply

Your email address will not be published.


*