സാന്‍ട്രോയ്ക്ക് പകരമാകുമോ കാസ്പര്‍? എത്തുന്നത് ഏറ്റവും ചെറിയ എസ്‌യുവി

ഹ്യുണ്ടായിയുടെ അന്താരാഷ്ട്ര വിപണി കീഴടക്കിയ എസ്‌യുവി കാസ്പര്‍ ഇന്ത്യയില്‍ ട്രേഡ്മാര്‍ക്ക് ചെയ്തതായി റിപ്പോര്‍ട്ട്. ഇന്ത്യന്‍ നിരത്തുകളിലെത്തിയാല്‍, ഹ്യുണ്ടായ് എക്‌സ്‌റ്ററിന് താഴെയാകും സ്ഥാനം. ഹ്യുണ്ടായിയുടെ ജനപ്രിയ മോഡല്‍ ആയിരുന്ന സാന്‍ട്രോയ്ക്ക് പകരം വയ്ക്കുന്നതാകും കാസ്പര്‍. സാന്‍ഡ്രോയുടെ പരമ്പരാഗത മോഡലിനെക്കാള്‍ മികച്ച സ്‌പോട്ടി സ്‌റ്റൈലിലെത്തുന്ന കാസ്പര്‍ വിപണിയില്‍ കൂടുതല്‍ നേട്ടമുണ്ടാക്കാന്‍ സാധിക്കുമെന്നാണ് ഹ്യുണ്ടായി പ്രതീക്ഷിക്കുന്നത്.

2400 എംഎം വീല്‍ബേസുള്ള കാസ്പറിന് 3595 എംഎം നീളവും 1595 എംഎം വീതിയും 1575 എംഎം ഉയരവുമുണ്ട്. കോംപാക്ട് എസ്‌യുവിയുടെ സ്റ്റൈലിങ്ങിന്റെ സൂചനകളുള്ള ടാള്‍ബോയ് ഹാച്ച്ബാക്ക് ഡിസൈനാണ് കാസ്പറിനുള്ളത്. ഇത് ഹ്യുണ്ടായിയുടെ ആധുനിക ഡിസൈന്‍ രീതി പിന്തുടരുന്നതാണ്. ബമ്പറിലേക്ക് സംയോജിപ്പിച്ച ഹെഡ് ലൈറ്റ് യൂണിറ്റുകള്‍ക്ക് മുകളില്‍ എല്‍ഇഡി ഡേ ടൈം റണ്ണിങ് ലൈറ്റുകളും ഗ്രില്‍ ഡിസൈനും കാസ്പറിനുണ്ട്. റൂഫ് റെയിലുകളുടെ കൂട്ടിച്ചേര്‍ക്കല്‍ അതിന്റെ ഉയരം കൂട്ടുന്നു. കൂടാതെ പ്രീമിയം സണ്‍റൂഫുമുണ്ട്. അലോയ് വീലുകളും ലഭിക്കുന്നു. ഇന്ത്യയില്‍ ലോഞ്ച് ചെയ്യുകയാണെങ്കില്‍, ഇന്ത്യന്‍ വിപണിക്ക് അനുയോജ്യമായ ചില സവിശേഷമായ സ്‌റ്റൈലിങ് ഘടകങ്ങള്‍ ഹ്യുണ്ടായ് അവതരിപ്പിച്ചേക്കാം.

വെര്‍ണയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട ടു-സ്പോക്ക് സ്റ്റിയറിങ് വീല്‍, ഫ്‌ലോട്ടിങ് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഡാഷ്ബോര്‍ഡ് ഘടിപ്പിച്ച ഗിയര്‍ ലിവര്‍, സെന്റര്‍ കണ്‍സോള്‍ എന്നിവയും കാസ്പറിനുണ്ട്. അന്താരാഷ്ട്ര വിപണിയില്‍, 85 ബിഎച്ച്പി പവര്‍ ഔട്ട്പുട്ട് ഉത്പാദിപ്പിക്കുന്ന 1.0-ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് എംപിഐ പെട്രോള്‍ എഞ്ചിനും 99 ബിഎച്ച്പി പവര്‍ ഔട്ട്പുട്ട് ഉത്പാദിപ്പിക്കുന്ന 1.0-ലിറ്റര്‍ ടി-ജിഡിഐ ടര്‍ബോ ചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിനുമാണ് ഹ്യുണ്ടായ് കാസ്പറില്‍ സജ്ജീകരിച്ചിരിക്കുന്നത്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം, മാനുവല്‍, എഎംടി ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളില്‍ ലഭ്യമായ 1.0-ലിറ്റര്‍ എന്‍എ പെട്രോള്‍ എഞ്ചിനിനൊപ്പം ഹ്യൂണ്ടായ് ഇത് വാഗ്ദാനം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*