പ്രതിപക്ഷത്തിനൊപ്പം ഇരിക്കില്ല; നിയമസഭയില്‍ തറയില്‍ തോര്‍ത്ത് വിരിച്ച് ഇരിക്കുമെന്ന് പി വി അന്‍വര്‍

മലപ്പുറം: നിയമസഭയില്‍ പ്രതിപക്ഷത്തിനൊപ്പം ഇരിക്കില്ലെന്ന് പി വി അന്‍വര്‍ എംഎല്‍എ. താന്‍ പ്രതിപക്ഷത്തിന്റെ ഭാഗമല്ല. തന്നെ ഭരണപക്ഷത്ത് നിന്ന് പ്രതിപക്ഷത്തേക്ക് മാറ്റിയിട്ടുണ്ടെങ്കില്‍ അതിന്റെ ഉത്തരവാദിത്വം സിപിഎമ്മിനു തന്നെയാണ്. തന്നെ പ്രതിപക്ഷമാക്കാനുള്ള വ്യഗ്രത സിപിഎമ്മിനുണ്ടെങ്കില്‍ നമുക്ക് നോക്കാം എന്നും അന്‍വര്‍ പറഞ്ഞു. ഭരണപക്ഷം പുറത്താക്കിയിട്ടുണ്ടെങ്കില്‍ സ്വതന്ത്ര ബ്ലോക്കാക്കി തനിക്ക് അനുവദിക്കേണ്ടി വരുമെന്നും പി വി അന്‍വര്‍ പറഞ്ഞു.

നിയമസഭയില്‍ നിലത്ത് തറയിലും ഇരിക്കാമല്ലോയെന്നും അന്‍വര്‍ പറഞ്ഞു. ‘ഞങ്ങളെ വോട്ടുവാങ്ങി ജയിച്ചു എന്നാണ് സിപിഎം ജില്ലാ സെക്രട്ടറി പറഞ്ഞത്. ആ സ്ഥിതിക്ക് കസേരയില്‍ ഇരിക്കാന്‍ എനിക്ക് യോഗ്യത ഉണ്ടാകില്ല. കുറച്ച് വോട്ട് എന്റെയും ഉണ്ടല്ലോ. എന്റെ വോട്ടിനെ അടിസ്ഥാനപ്പെടുത്തി ആണെങ്കില്‍ തറയില്‍ മുണ്ടുവിരിച്ച് ഇരിക്കാനുള്ള യോഗ്യതയല്ലേ എനിക്കുള്ളൂ. അങ്ങനെ ഇരുന്നുകൊള്ളാം. നല്ല കാര്‍പ്പറ്റാണ്. തോര്‍ത്തുമുണ്ട് കൊണ്ട് പോയാല്‍ മതി’. പി വി അന്‍വര്‍ പറഞ്ഞു.

നിയമസഭയില്‍ എവിടെ ഇരിക്കണം എന്നതു സംബന്ധിച്ച് നിയമവിദഗ്ധരുമായി സംസാരിച്ച് വേണ്ടതു ചെയ്യും. വേറെ സീറ്റ് വേണമെന്ന് സ്പീക്കര്‍ക്ക് കത്തു കൊടുക്കുമെന്നും പി വി അന്‍വര്‍ വ്യക്തമാക്കി. സിപിഎം പാര്‍ലമെന്ററി കാര്യ സെക്രട്ടറി ടിപി രാമകൃഷ്ണന്‍ നല്‍കിയ കത്തിന്റെ അടിസ്ഥാന്തതിലാണ് പി വി അന്‍വറിന്റെ നിയമസഭയിലെ ഇരിപ്പിടം പ്രതിപക്ഷത്തിന്റെ പിന്‍നിരയിലേക്ക് മാറ്റിയത്.

സിപിഎം നേതാവും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയുമായ പി ശശിയുടെ വക്കില്‍ നോട്ടീസ് കിട്ടിയിട്ടില്ല. നോട്ടീസ് കിട്ടിയാല്‍ അതിനു മറുപടി കൊടുക്കും. അതിനെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും അന്‍വര്‍ പറഞ്ഞു. തന്റെ നെഞ്ചത്തേക്ക് കയറാന്‍ ഒരു സഖാവും വരേണ്ടെന്നും പി വി അന്‍വര്‍ പറഞ്ഞു. തന്നെ തല്ലാന്‍ ആരെയെങ്കിലും വിട്ടാല്‍ വിട്ടവന്റെ തലയ്ക്കടിക്കും. താന്‍ ഇല്ലാതായാലും അതിനുള്ള ഏര്‍പ്പാട് ഉണ്ടാക്കിയിട്ടുണ്ട്. പുതിയ പാര്‍ട്ടിയുണ്ടാക്കിയാല്‍ എംഎല്‍എ സ്ഥാനം രാജിവെക്കേണ്ടി വരുമോ എന്നതില്‍ നിയമപരമായി പരിശോധിച്ചു വരികയാണെന്നും പി വി അന്‍വര്‍ വ്യക്തമാക്കി.

അതിനിടെ, പി വി അന്‍വര്‍ എംഎല്‍എയ്‌ക്കെതിരെ പോലീസ് വീണ്ടും കേസെടുത്തു. അരീക്കോട് എംഎസ്പി ക്യാംപില്‍വച്ച് ഫോണ്‍ ചോര്‍ത്തിയെന്ന പരാമര്‍ശത്തിലാണ് മഞ്ചേരി പൊലീസ് കേസ് എടുത്തത്. ഔദ്യോഗിക രഹസ്യം ചോർത്തിയെന്ന മലപ്പുറം അരീക്കോട് സ്പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പ് സൂപ്രണ്ടിൻ്റെ പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തത്. കേസുകള്‍ കൂടി വരുന്നതിനാല്‍ നിയമപഠനം ആലോചിക്കുന്നുവെന്ന് പി വി അന്‍വര്‍ പ്രതികരിച്ചു. അങ്ങനെയെങ്കിൽ കോടതിയിൽ സ്വയം വാദിക്കാമല്ലോയെന്നും പി വി അൻവർ കൂട്ടിച്ചേർത്തു. നിയമപരമായി മുന്നോട്ടുപോകും. കോടതികളും ഇതെല്ലാം കാണുന്നുണ്ടല്ലോയെന്നും പി വി അൻവർ പറഞ്ഞു.

 

 

 

Be the first to comment

Leave a Reply

Your email address will not be published.


*