ബ്രിട്ടന്‍ നിര്‍ണായകമായ പൊതുതിരഞ്ഞെടുപ്പിനെ നേരിടാന്‍ ഇറങ്ങുമ്പോള്‍, 14 വര്‍ഷം നീണ്ട കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ ഭരണത്തിന് തിരശീല വീണേക്കുമെന്നാണ് മിക്ക അഭിപ്രായ സര്‍വേകളും പ്രവചിക്കുന്നത്. ഇന്ന് ഇന്ത്യന്‍ സമയം രാവിലെ 11 മണിമുതലാണ് ബ്രിട്ടണില്‍ വോട്ടെടുപ്പ് ആരംഭിക്കുന്നത്. ലേബര്‍ പാര്‍ട്ടിയുടെ മടങ്ങിവരവ് പ്രതീക്ഷിക്കുന്ന തിരഞ്ഞെടുപ്പില്‍ കെയ്ര്‍ സ്റ്റാര്‍മെര്‍ ആണ് അവരുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി. 650 അംഗ ഹൗസ് ഓഫ് കോമണ്‍സില്‍ 400 സീറ്റിന് മുകളില്‍ സീറ്റുകള്‍ ലേബര്‍ പാര്‍ട്ടി നേടുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഋഷി സുനകിന്റെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് സമ്പൂര്‍ണ പരാജയമാണ് പ്രവചിക്കപ്പെടുന്നത്.
മെയ് 22-നാണ് ഋഷി സുനക് രാജ്യത്ത് അപ്രതീക്ഷിതമായി പൊതുതിരഞ്ഞെടപ്പ് പ്രഖ്യാപിച്ചത്. ഋഷി സുനക് സര്‍ക്കാരിന് 2025 ജനുവരി വരെ കാലാവധിയുണ്ടെന്നിരിക്കെ എട്ടു മാസം മുമ്പേയാണ് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. കണ്‍സേര്‍വേറ്റീവ് പാര്‍ട്ടിയുടെ സ്വാധീനത്തില്‍ വ്യക്തമായ കുറവ് വന്നുവെന്ന് അഭിപ്രായ സര്‍വേകള്‍ സൂചിപ്പിക്കുമ്പോള്‍ തന്നെ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് എതിരെ പാര്‍ട്ടിക്കുള്ളില്‍ രൂക്ഷ വിമര്‍ശനം ഉയര്‍ന്നിരുന്നു. എന്നാല്‍, അധികാരം നിലനിര്‍ത്തുമെന്നാണ് സുനകിന്റെ അവകാശവാദം.
ഈ തിരഞ്ഞെടുപ്പ് ഇന്ത്യയെ സംബന്ധിച്ചും നിര്‍ണായകമാണ്. ബ്രിട്ടണിലെ 25 ലക്ഷം വരുന്ന ഇന്ത്യക്കാര്‍ക്കിടയില്‍ ലേബര്‍ പാര്‍ട്ടിയോട് ആഭിമുഖ്യമുള്ളവര്‍ കുറവാണ്. ജെര്‍മി കോര്‍ബിന്‍ അധ്യക്ഷ സ്ഥാനം ഒഴിഞ്ഞതിന് ശേഷം 2020-ല്‍ പാര്‍ട്ടിയുടെ തലപ്പെത്തെത്തിയ സാറ്റാര്‍മെന്‍, പാര്‍ട്ടിയിലെ മധ്യ-ഇടതുപക്ഷ നിലപാടുള്ള നേതാക്കളെ പുറത്താക്കുകയും പാര്‍ട്ടിയെ കൂടുതല്‍ വലതു നയങ്ങളിലേക്ക് നയിക്കുകയും ചെയ്ത നേതാവാണ്. ലേബര്‍ പാര്‍ട്ടി നേതാവ് എന്ന നിലയില്‍ ഇന്ത്യ സന്ദര്‍ശിക്കാന്‍ സ്റ്റാര്‍മെര്‍ ഇതുവരേയും തയാറായിട്ടില്ല.
എന്നാല്‍, അദ്ദേഹത്തിന്റെ അടുത്ത അനുയായി ഡേവിഡ് ലാമ്മി ഇന്ത്യ സന്ദര്‍ശിച്ചിരുന്നു. ഡേവിഡ് ആയിരിക്കും സ്റ്റാര്‍മെറിന്റെ വിദേശകാര്യ സെക്രട്ടറി എന്നാണ് അറിയാന്‍ സാധിക്കുന്നത്. ഋഷി സുനകിന്റെ കാലത്തുള്ള നയങ്ങള്‍ തന്നെയായിരിക്കും ഇന്ത്യയുമായി തുടരുക എന്നാണ് ഡേവിഡ് പറയുന്നത്. പക്ഷേ, യുകെയിലെ ഇന്ത്യന്‍ വംശജര്‍ക്കിടയില്‍ ലേബര്‍ പാര്‍ട്ടി ഇപ്പോള്‍ അത്ര പ്രിയങ്കരമല്ല. 2010-ല്‍ 61 ശതമാനം ഇന്ത്യക്കാരും ലേബര്‍ പാര്‍ട്ടിയെയാണ് പിന്തുണച്ചിരുന്നത്. എന്നാല്‍, 2019 ആയപ്പോഴേക്കും ഇത് 30 ശതമാനമായി കുറഞ്ഞു. കഴിഞ്ഞ പത്തു വര്‍ഷമായി ഇന്ത്യാ സര്‍ക്കാരിന്റെ നയങ്ങളിലും മാറ്റം വന്നിട്ടുണ്ട്. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുമായി ചേര്‍ന്നുനില്‍ക്കാനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ശ്രമിച്ചത്.
ഇന്ത്യന്‍ വംശജന്‍ യുകെ പ്രധാനമന്ത്രിയായി എന്ന തരത്തില്‍ ഋഷി സുനകിനെ മോദി ഉയര്‍ത്തിക്കാട്ടുകയും ചെയ്തിരുന്നു. എന്നാല്‍, അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഡോണള്‍ഡ് ട്രംപിന് വോട്ട് അഭ്യര്‍ഥിച്ചതുപോലുള്ള, നയതന്ത്ര ബന്ധങ്ങളെ ബാധിക്കുന്ന തരത്തിലുള്ള നീക്കങ്ങള്‍ ഇത്തവണ മോദിയുടെ ഭാഗത്തുനിന്നുണ്ടായിട്ടില്ല. പക്ഷേ, സുനകിനെ പരോക്ഷമായി പിന്തുണയ്‌ക്കുന്നുമുണ്ട്.
Be the first to comment