ഓസീസിന് വിജയത്തുടക്കം; സ്‌റ്റോയിനിസിന് അര്‍ധ സെഞ്ച്വറിയും മൂന്ന് വിക്കറ്റും

ഒമാന്റെ ബൗളര്‍മാരെ തുടരെ തുടരെ പ്രഹരിച്ച് സ്റ്റോയിനിസും വാര്‍ണറും ടി20 ലോക കപ്പില്‍ ഓസീസിന് ആദ്യ വിജയം സമ്മാനിച്ചു. വെസ്റ്റ് ഇന്‍ഡീസിലെ ബാര്‍ഡോസില്‍ നടന്ന ഗ്രൂപ്പ് ബിയിലെ പോരാട്ടത്തില്‍ ഒമാനെ 39 റണ്‍സിനാണ് കങ്കാരുപ്പട കീഴടിക്കിയത്. ബോളിങ്ങിലും തിളങ്ങിയ സ്‌റ്റോയിനിസ് മൂന്ന് വിക്കറ്റും നേടി. ടി20 മത്സരങ്ങള്‍ തുടങ്ങി ഇതാദ്യമായാണ് ഒരു ഓള്‍ രൗണ്ടര്‍ ഇത്തരത്തില്‍ മികച്ച പ്രകടനം കാഴ്ച്ച വെക്കുന്നത്. വിജയിച്ചതോടെ ഓസീസ് പോയിന്റ് പട്ടികയില്‍ ഒന്നാമതെത്തി. സ്‌കോര്‍: ഓസ്‌ട്രേലിയ 20 ഓവറില്‍ 164/5. ഒമാന്‍- 20 ഓവറില്‍ 125/9. ടോസ് നഷ്ടപ്പെട്ട് ബാറ്റ് ചെയ്യാനെത്തിയ ഓസ്‌ട്രേലിയയുടെ തുടക്കം പതുക്കെയായിരുന്നു.

ഓപ്പണര്‍ ട്രാവിസ് ഹെഡിന്റെ വെടിക്കെട്ട് പ്രകടനം പ്രതീക്ഷിച്ചെങ്കിലും പത്ത് ബോള്‍ നേരിട്ട് 12 റണ്‍സുമായി ഹെഡ് മടങ്ങി. ബിലാന്‍ഖാന്‍ ആണ് വിക്കറ്റെടുത്തത്. എട്ട് ഓവറില്‍ 50-3 എന്ന നിലയിലെത്തിയെങ്കിലും പിന്നീട് ഒരുമിച്ച ഡേവിഡ് വാര്‍ണര്‍-മാര്‍ക്കസ് സ്റ്റോയിനിസ് സഖ്യമാണ് ഓസ്‌ട്രേലിയയുടെ സ്‌കോര്‍ ഉയര്‍ത്തിയത്. ഇരുവരും ചേര്‍ന്ന് 102 റണ്‍സ് നേടി. 36 ബോളില്‍ 67 റണ്‍സ് അടിച്ചുകൂട്ടിയ സ്റ്റോയിനിസ് പുറത്താകാതെ നിന്നു. 51 പന്തില്‍ നിന്നും 56 റണ്‍സാണ് വാര്‍ണര്‍ സ്വന്തമാക്കിയത്. മറുപടി ബാറ്റിങിനെത്തിയ ഒമാന് ഓസ്‌ട്രേലിയ ഉയര്‍ത്തിയ 165 റണ്‍സ് എന്ന വിജയലക്ഷ്യം കടുത്ത വെല്ലുവിളിയായി.

ആദ്യ ഓവറില്‍ത്തന്നെ ഓപ്പണര്‍ കശ്യപ് പ്രജാപതിയെ ഒമാന് നഷ്ടമായി. നമീബയുമായുള്ള ആദ്യ മത്സരത്തിലും കശ്യപിന് തിളങ്ങാനായിരുന്നില്ല. സ്റ്റോയിനിസ് ബൗളിങ്ങിലും തിളങ്ങിയതോടെ ഒമാന്റെ പോരാട്ടം 125 റണ്‍സില്‍ ഒതുങ്ങി. മൂന്ന് ഓവറില്‍ 19 റണ്‍സ് മാത്രം വിട്ടുനല്‍കി സ്റ്റോയിനിസ് മൂന്ന് വിക്കറ്റ് സ്വന്തമാക്കിയതോടെ അദ്ദേഹം മാന്‍ ഓഫ് മാച്ച് ബഹുമതിയും നേടി. നേരത്തെ ലോകകപ്പിലെ തങ്ങളുടെ ആദ്യമത്സരത്തിലും ഒമാന്‍ പരാജയം രുചിച്ചിരുന്നു. സൂപ്പര്‍ ഓവറിലേക്ക് നീണ്ട മത്സരത്തില്‍ നമീബിയയാണ് ഒമാനെ പരാജയപ്പെടുത്തിയത്. രണ്ടാം മത്സരവും കൈവിട്ടതോടെ ഗ്രൂപ്പില്‍ അവസാന സ്ഥാനത്താണ് ഒമാന്‍.

Be the first to comment

Leave a Reply

Your email address will not be published.


*