ശീതക്കൊടുങ്കാറ്റും മഞ്ഞുവീഴ്ചയും; യുഎസില്‍ മരണം 60 കടന്നു

ശീതക്കൊടുങ്കാറ്റും മഞ്ഞുവീഴ്ചയും അമേരിക്കയിലെ ജനജീവിതം നരകതുല്യമായി. യുഎസില്‍ 45 വര്‍ഷത്തിനിടയിലുണ്ടായ ഏറ്റവും വലിയ ശീതക്കാറ്റില്‍ മരണം 60 കടന്നു. തെക്കന്‍ ന്യൂയോര്‍ക്കിലെ ബഫലോ നയാഗ്ര രാജ്യാന്തര വിമാനത്താവളത്തില്‍ ഞായറാഴ്ച 109 സെന്റിമീറ്റര്‍ ഹിമപാതമുണ്ടായി. വിമാനത്താവളം അടച്ചു. കാറുകളുടെയും വീടുകളുടെയും മുകളില്‍ ആറടിയോളം ഉയരത്തില്‍ മഞ്ഞു പൊതിഞ്ഞിരിക്കയാണ്. 

 

ക്രിസ്മസ് വാരാന്ത്യത്തില്‍ പടിഞ്ഞാറന്‍ ന്യൂയോര്‍ക്കിലുണ്ടായതിനെ ‘നൂറ്റാണ്ടിലെ മഞ്ഞുവീഴ്ച’ എന്നാണ് അധികാരികള്‍ വിശേഷിപ്പിച്ചിരിക്കുന്നത്. കാറ്റും പൂജ്യത്തിന് താഴെയുള്ള താപനിലയും കാരണം ആയിരക്കണക്കിന് വിമാനങ്ങള്‍ റദ്ദാക്കി.  കൊടുങ്കാറ്റില്‍ ന്യൂയോര്‍ക്കില്‍ ഇതുവരെ, 27 പേരും യുഎസിലുടനീളം 60 പേരും മരിച്ചു.

കനത്ത മഞ്ഞുവീഴ്ചയെ തുടർന്ന് ഗതാഗത കുരുക്കിൽ അകപ്പെട്ട വാഹനങ്ങൾക്ക് അകത്ത് നിന്നും വീടുകൾക്ക് പുറത്തു നിന്നുമായാണ് പല മൃതദേഹവും കണ്ടെടുത്തത്. നിരവധി പേർ ഇപ്പോഴും പലയിടത്തായി കുരുങ്ങി കിടക്കുന്നതിനാൽ മരണസംഖ്യ ഉയർന്നേക്കാമെന്ന് ആശങ്കയുണ്ട്.  രക്ഷാപ്രവർത്തനം തുടരുകയാണ്.

പലയിടങ്ങളും മഞ്ഞുമൂടി കിടക്കുന്നതിനാൽ റെയിൽ റോഡ് വ്യോമ ഗതാഗത സംവിധാനങ്ങൾ പഴയ പടിയായിട്ടില്ല. അമേരിക്കൻ എയർലൈൻസ്, ഡെൽറ്റ, യുണൈറ്റഡ് എയർലൈൻസ് തുടങ്ങി പ്രധാന വിമാന കമ്പനികളുടെ എല്ലാം ഭൂരിപക്ഷം സർവീസുകളും നിലച്ചു. വൈദ്യുതി തടസ്സം പൂർണമായി പരിഹരിക്കാനാകാത്തതിനാൽ ലക്ഷക്കണക്കിന് വീടുകൾ ഇപ്പോഴും ഇരുട്ടിലാണ്. വരും ദിവസങ്ങളിൽ മഞ്ഞുവീഴ്ചയ്ക്ക് അൽപം കുറവുണ്ടാകും എന്നാണ് കാലാവസ്ഥാ അറിയിപ്പ്. മഞ്ഞുരുകുന്നതോടെ മാത്രമേ ദുരന്തം എത്ര പേരുടെ ജീവൻ അപഹരിച്ചു എന്ന് വ്യക്തമാകൂ. 

Be the first to comment

Leave a Reply

Your email address will not be published.


*