ചെന്നൈ: അമേരിക്കന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് നടക്കാന്‍ മണിക്കൂറുകള്‍ മാത്രം അവശേഷിക്കെ പൂജയും പ്രാര്‍ഥനയും തകൃതിയായി നടക്കുകയാണ് ഇന്ത്യയില്‍. ഇതിന് മുന്‍പ് ഒരിക്കലും ഒരു അമേരിക്കന്‍ പ്രസിഡന്‍റ് സ്ഥാനാര്‍ഥിക്ക് വേണ്ടി ഇത്ര വലിയ പൂജ ഇന്ത്യയില്‍ നടന്നിട്ടുണ്ടാവില്ല. എന്നാല്‍ ഇത്തവണ യുഎസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് അമേരിക്കക്കാരുടേത് മാത്രമല്ല ഇന്ത്യക്കാരുടേത് കൂടിയാണ്.
ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിയായ കമല ഹാരിസിന്‍റെ വേരുകള്‍ തമിഴ്‌നാട്ടിലേക്ക് കൂടി നീളുന്നതാണ്. മധുരയിലെ തുളസേന്ദ്രപുരം ഗ്രാമത്തിലാണ് കമലയുടെ അമ്മയുടെ മുത്തച്ഛന്‍ ജനിക്കുന്നത്. അവിടെയുളള ശ്രീ ധർമ്മശാസ്‌ത്ര ക്ഷേത്രത്തിലാണ് ഇപ്പോള്‍ കമലയുടെ വിജയത്തിനുവേണ്ടിയുളള പൂജകള്‍ നടക്കുന്നത്. അനുഷാനാഥിൻ്റെ അനുക്രാഗ്നി സംഘടനയാണ് പൂജയ്ക്കും പ്രാർത്ഥനയ്‌ക്കും നേതൃത്വം നല്‍കുന്നത്.
അനുക്രാഗ്നി സംഘടനയുടെ സ്ഥാപകനായ ബല്ലു കമല ഹാരിസ് ജയിക്കുമെന്ന പ്രതീക്ഷ പങ്കുവച്ചു. കമലയുടെ ജയം സംസ്ഥാനത്തിന് മൊത്തത്തില്‍ വളരെ സന്തോഷകരമായ ഒരു നിമിഷമായിരിക്കുമെന്നും ബല്ലു പറഞ്ഞു. ദേവിയുടെ അനുഗ്രഹത്താല്‍ കമല ഹാരിസിന് അമേരിക്കയുടെ ആദ്യ വനിത പ്രസിഡന്‍റാകാന്‍ കഴിയുമെന്ന ശുഭാപ്‌തി വിശ്വാസം ശ്യാമള ഗോപാലൻ എജ്യുക്കേഷണൽ ഫൗണ്ടേഷൻ സ്ഥാപകൻ നല്ല സുരേഷ് റെഡ്ഡിയും പങ്കുവച്ചു.
ഇന്ത്യക്കാരിയായ ശ്യാമള ഗോപാലൻ്റെയും ജമൈക്കകാരനായ ഡൊണാൾഡ് ഹാരിസിന്‍റെയും മകളായി കാലിഫോർണിയയിലാണ് കമല ജനിക്കുന്നത്. ഹോവാർഡ് യൂണിവേഴ്‌സിറ്റിയിലായിരുന്നു പഠനം. പടി പടിയായാണ് കമല രാഷ്‌ട്രീയത്തില്‍ ഉയര്‍ന്നുവന്നത്.
അമേരിക്കന്‍ വൈസ് പ്രസിഡന്‍റ് ആകുന്ന ആദ്യ കറുത്ത വംശജയായ വനിതയായി കമല നേരത്തെ തന്നെ ചരിത്രം സൃഷ്‌ടിച്ചിരുന്നു. ജോ ബൈഡന്‍റെ പിന്‍ഗാമിയായി തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന കമല ഡെമോക്രാറ്റിക്ക് സ്ഥാനാര്‍ഥിയായി അമേരിക്കന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന രണ്ടാമത്തെ വനിതയാണ്. ജൂലൈയില്‍ നടന്ന സംവാദത്തില്‍ ബൈഡന് തിളങ്ങാന്‍ കഴിയാതെ വന്നതോടെയാണ് കമലയെ സ്ഥാനാര്‍ഥിയാക്കാനുളള തീരുമാനം ഉണ്ടാകുന്നത്.
ചൊവ്വാഴ്‌ച (നവംബര്‍ 04) വൈകീട്ടാണ് യുഎസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് നടക്കുക. റിപ്പബ്ലിക്കൻ സ്ഥാനാർഥിയും മുന്‍ യുഎസ് പ്രസിഡന്‍റുമായ ഡൊണാൾഡ് ട്രംപിനെതിരെയാണ് കമല മത്സരിക്കുന്നത്. ട്രംപ് വൈറ്റ് ഹൈസിലേക്ക് തിരിച്ചെത്താനുളള പോരാട്ടത്തിലാണെങ്കില്‍ അമേരിക്കയിലെ ആദ്യ വനിത പ്രസിഡന്‍റായി മറ്റൊരു ചരിത്രം കൂടി സൃഷ്‌ടിക്കാനുളള ശ്രമത്തിലാണ് കമല ഹാരിസ്. വളരെ ശക്തമായ മത്സരമാണ് ഇരു സ്ഥാനാര്‍ഥികളും തമ്മില്‍ നടക്കുന്നത്. ഡെമോക്രാറ്റിക് പാർട്ടിയുടെ പ്രസിഡന്‍റ് സ്ഥാനാർഥിയായി മത്സരിക്കാൻ യുഎസ് വൈസ് പ്രസിഡന്‍റ് കമല ഹാരിസിനെക്കാൾ യോഗ്യരായ മറ്റാരും ഇല്ലെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരീൻ ജീൻ പിയറി നേരത്തെ പറഞ്ഞിരുന്നു.
Be the first to comment