ജമ്മു കശ്മീരിലെ അഫ്‌സ്പ പിന്‍വലിക്കുന്നത് പരിഗണനയില്‍: അമിത് ഷാ

സൈന്യത്തിന് പ്രത്യേക അധികാരങ്ങള്‍ നല്‍കുന്ന അഫ്‌സ്പ ജമ്മു കശ്മീരില്‍ പിന്‍വലിക്കുന്നത് കേന്ദ്ര സര്‍ക്കാര്‍ പരിഗണിക്കുന്നതായി റിപ്പോര്‍ട്ട്. 9സംസ്ഥാനത്തെ സൈനിക സാന്നിധ്യം അവസാനിപ്പിച്ച് കശ്മീര്‍ പോലീസിന് കൈമാറുന്നതും പരിഗണനയിലുണ്ടെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പ്രതികരിച്ചു. 

നേരത്തെ, ജമ്മു കശ്മീര്‍ പോലീസിന് വിശ്വാസ്യത ഉണ്ടായിരുന്നില്ല, എന്നാല്‍ ഇപ്പോള്‍ അവര്‍ ദൗത്യങ്ങള്‍ നയിക്കാന്‍ കഴിയും വിധത്തില്‍ മെച്ചപ്പെട്ടതായും അമിത് ഷാ പ്രതികരിച്ചു. ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം ഇത് സംബന്ധിച്ച നിര്‍ണായക തീരുമാനങ്ങള്‍ കൈക്കൊള്ളുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി പ്രതികരിച്ചു. കശ്മീരില്‍ സെപ്തംബര്‍ 30 ന് മുന്‍പ് നിയമസഭാ തിരഞ്ഞെടുപ്പ് നടത്തുമെന്നും അമിത് ഷാ അഭിമുഖത്തില്‍ പറയുന്നു. കശ്മീരില്‍ ജനാധി പത്യം പുനഃസ്ഥാപിക്കും എന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദി പാര്‍ലമെന്റിന് നല്‍കിയ ഉറപ്പാണെന്നും കേന്ദ്ര മന്ത്രി പറഞ്ഞു.

ജമ്മു കശ്മീരിന്റെ പ്രത്യേക അധികാരം പിന്‍വലിച്ച നടപടി സംസ്ഥാനത്ത് ബിജെപിയുടെ കരുത്ത് വര്‍ധിപ്പിച്ചു എന്നും അമിത് ഷാ അവകാശപ്പെട്ടു. കശ്മീരിലെ ബിജെപിയുടെ പ്രതീക്ഷകളെ കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായിട്ടായിരുന്നു അമിത് ഷായുടെ പ്രതികരണം.

കശ്മീരിലെ ജനങ്ങളുടെ മനസില്‍ ബിജെപി ഇടം പിടിച്ചു കഴിഞ്ഞു, സംഘടനാ സംവിധാനവും ശക്തിപ്പെടുത്തി. ജനങ്ങള്‍ക്ക് അവരുടെ ജനപ്രതിനിധികളെ തിരഞ്ഞെടുക്കാനുള്ള അവകാശം ഉറപ്പിക്കുകയായിരുന്നു ഞങ്ങളുടെ ലക്ഷ്യം. സംസ്ഥാനത്ത് നേരത്തെ മൂന്ന് പാര്‍ട്ടികളുടെ നാടുവാഴിത്തമാണ് നിലനിന്നിരുന്നത്. പാകിസ്താന്റെ ഭാഷയില്‍ സംസാരിച്ചിരുന്ന അവര്‍ക്കുള്ള മറുപടി കൂടിയായിരിക്കും വരാനിരിക്കുന്ന തിരഞ്ഞെടുപ്പെന്നും അമിത് ഷാ അവകാശപ്പെട്ടു.

 

Be the first to comment

Leave a Reply

Your email address will not be published.


*