ഇടുക്കിയില്‍ അയല്‍വാസി പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയ യുവതി മരിച്ചു

തൊടുപുഴ: ഇടുക്കി ഉടുമ്പൻചോലയിൽ അയൽവാസി പെട്രോൾ ഒഴിച്ച് തീകൊളുത്തിയ യുവതി മരിച്ചു.തേനി മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ ഉടുമ്പൻചോല പാറക്കൽ ഷീലയാണ് മരിച്ചത്. അയൽവാസിയായ ശശികുമാറാണ് തീകൊളുത്തിയത്.

വെള്ളിയാഴ്ചയാണ് സംഭവം. ഉടുമ്പൻചോലയിലെ സ്വകാര്യ എസ്റ്റേറ്റിലെ ജീവനക്കാരായിരുന്നു ഇരുവരും. ഇവർ തമ്മിൽ തർക്കങ്ങൾ ഉണ്ടായിരുന്നതായി പൊലീസ് പറയുന്നു. സംഭവദിവസം ഉച്ചയ്ക്ക് ഏലയ്ക്ക ഉണക്കാനായി ഷീല സ്റ്റോറിലെത്തി. അവിടെയെത്തിയ ശശികുമാർ ഷീലയെ ശശികുമാറിന്റെ ലയത്തിലേക്ക് ബലമായി പിടിച്ചു കൊണ്ടുപോയി. ലയത്തിനുള്ളിൽ വച്ചും ഇരുവരും തമ്മിൽ തർക്കങ്ങൾ ഉണ്ടായി. ഇത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ വാതിൽ തുറയ്ക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടർന്ന് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പൊലീസെത്തി വാതിൽ തുറയ്ക്കാൻ ആവശ്യപ്പെട്ടു. അതിനിടെ ഷീലയുടെ ദേഹത്ത് പെട്രോൾ ഒഴിച്ച് ശശികുമാർ തീകൊളുത്തുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.

മുഖത്തും വയറിലും സാരമായി പൊള്ളലേറ്റ ഇവരെ ഉടൻ തന്നെ തേനി മെഡിക്കൽ കോളജിൽ എത്തിച്ചു. ചികിത്സയിലിരിക്കേ ആരോഗ്യനില വഷളായതിനെ തുടർന്ന് ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്. സംഭവത്തിനിടെ ശശികുമാറിനും പൊള്ളലേറ്റിരുന്നു. ശശികുമാർ ഇടുക്കി മെഡിക്കൽ കോളജിലാണ് ചികിത്സയിൽ കഴിയുന്നത്. ഷീല മരിച്ച സാഹചര്യത്തിൽ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്ത ശേഷം ശശികുമാറിന്റെ അറസ്റ്റ് രേഖപ്പെടുത്തുമെന്നാണ് പൊലീസ് പറയുന്നത്.

Be the first to comment

Leave a Reply

Your email address will not be published.


*