ലോകത്ത് ജീവിച്ചരിക്കുന്നവരിൽ ഏറ്റവും നീളം കൂടിയ മുടി എന്ന ഗിന്നസ് റെക്കോർഡ് സ്വന്തമാക്കി ഉത്തർപ്രദേശ് സ്വദേശിനി സ്മിത ശ്രീവാസ്തവ. ഏഴ് അടി ഒൻപതു ഇഞ്ച് ആണ് സ്മിതയുടെ മുടിയുടെ നീളം. 14 വയസ്സു മുതലാണ് സ്മിത മുടി നീട്ടി വളർത്താൻ തുടങ്ങുന്നത്. അമ്മയ്ക്കും സഹോദരിക്കും നീളമുള്ള മുടിയാണ്. മുടി വെട്ടുന്നത് അശുഭമാണെന്നാണ് ഇവർ വിശ്വസിക്കുന്നത്.
View this post on Instagram
മുടി പോലെ തന്നെ വളരെ ആകർഷകമാണ് ഈ 46കാരിയുടെ കേശസംരക്ഷണവും. ആഴ്ചയിൽ രണ്ടു തവണയാണ് മുടി കഴുകുക. മുടി കഴുകാനും ഉണക്കാനും കെട്ടുകൾ മാറ്റാനും സ്റ്റൈൽ ചെയ്യാനും അങ്ങനെ എല്ലാം കൂടി ഒരു മൂന്ന് മണിക്കൂർ എടുക്കും. മുടി കഴുകാൻ മാത്രം 45 മിനിറ്റെങ്കിലും വേണ്ടി വരുമെന്നാണ് സ്മിത പറയുന്നത്. മുടിയുടെ ഉടക്കു കളയുക എന്നത് ശ്രമകരമായ ജോലിയാണ്. ഈ സൂക്ഷ്മ പരിചരണ ദിനചര്യ അവരുടെ മുടി പോലെ തന്നെ ജീവിതത്തിന്റെ ഭാഗമായി മാറിയിരിക്കുന്നു.
പുറത്തു പോയാൽ മുടിയുടെ നീളം കണ്ട് ആളുകൾ പലപ്പോഴും കൗതുകത്തോടെ തന്നെ സമീപിക്കാറുണ്ടെന്ന് സ്മിത പറയുന്നു. സെൽഫി എടുക്കാനും കേശസംരക്ഷണ സമ്പ്രദായത്തെക്കുറിച്ചും മുടി ആരോഗ്യകരവും കരുത്തുറ്റതുമായി നിലനിർത്താൻ ഉപയോഗിക്കുന്ന ഉൽപ്പന്നങ്ങളെ കുറിച്ചുമെല്ലാം അറിയാനാണ് എല്ലാവർക്കും താൽപര്യമെന്നും അവർ പറയുന്നു. ഈ ഗിന്നസ് വേൾഡ് റെക്കോർഡ് തന്റെ സ്വപ്ന നേട്ടമാണെന്നും സ്മിത പറയുന്നു. ‘ഞാൻ ഒരിക്കലും മുടി മുറിക്കില്ല. കഴിയുന്നത്ര ഞാൻ ഈ മുടിയെ സംരക്ഷിക്കും. കാരണം എന്റെ മുടിയാണ് എന്റെ ജീവിതം’- സ്മിത പറയുന്നു.
Be the first to comment