പുരുഷന്മാർ മാത്രം കൈപ്പിടിയിൽ ഒതുക്കിയിരുന്ന ബോട്ടിന്റെ വളയം ഇനി ഈ പെൺ കരങ്ങളിൽ സുരക്ഷിതം. സംസ്ഥാനത്താദ്യമായി സ്രാങ്ക് ലൈസൻസ് നേടിയ വനിതയെന്ന ബഹുമതി നേടി ചേർത്തല പെരുമ്പളം സ്വദേശി സന്ധ്യ. കേരള ഇൻലാൻഡ് വെസൽ (കെ. ഐ. വി.) റൂൾ – 2010 പ്രകാരം നടന്ന സ്രാങ്ക് പരീക്ഷയാണ് സന്ധ്യ നേടിയത്.ഇതോടെ ബോട്ടുകൾ, ബാർജുകൾ ഉൾപ്പെടെയുള്ള മറ്റു ജലവാഹനങ്ങൾ സന്ധ്യക്ക് ഓടിക്കാം.
ബോട്ടിലെ പരിശീലനത്തിനുശേഷം നടന്ന എഴുത്തു പരീക്ഷയിലും ജയിച്ചതോടെയാണ് സ്രാങ്ക് ലൈസൻസ് ലഭിച്ചത്. ലാസ്കർ ലൈസൻസ് നേടി കുറഞ്ഞതു രണ്ടുവർഷം ജോലി ചെയ്താലേ സ്രാങ്ക് ലൈസൻസിന് അപേക്ഷിക്കാൻ കഴിയൂ. സ്റ്റിയറിങ് തിരിക്കൽ, ബോട്ട് ഓടിക്കൽ ഉൾപ്പെടെ മുഴുവൻ നിയന്ത്രണത്തിനും ചുമതലപ്പെട്ടയാളാണ് സ്രാങ്ക്.
വിഴിഞ്ഞം, തിരുവനന്തപുരം, കൊല്ലം, കൊടുങ്ങല്ലൂർ, ആലപ്പുഴ തുടങ്ങിയ പോർട്ടുകളിൽ ഈ പരീക്ഷ നടത്തുന്നുണ്ട്. ആലപ്പുഴ പോർട്ട് ഓഫീസിൽ നിന്നാണു സർട്ടിഫിക്കറ്റ് ലഭിച്ചത്. 226 എച്ച് പി വരെയുളള ജലയാനങ്ങൾ ഇനി സന്ധ്യയ്ക്ക് കൈകാര്യം ചെയ്യാം. ബോട്ട് മാസ്റ്റർ, ലാസ്കർ തുടങ്ങിയ പരീക്ഷകളിൽ മുൻപത്തെക്കാൾ കൂടുതൽ വനിതകൾ എത്തുന്നുണ്ട്. ആര് തന്നെ ജോലിയ്ക്ക് വിളിച്ചാലും തന്റെ സേവനം ഉറപ്പാക്കും എന്ന് സന്ധ്യ പറഞ്ഞു. വൈക്കം സ്വദേശികളായ പരേതരായ സോമന്റെയും സുലഭയുടെയും മകളാണു സന്ധ്യ. ഭർത്താവ്: അങ്കമാലി ഫുഡ് കോർപ്പറേഷൻ ഗോഡൗണിലെ കയറ്റിറക്കു തൊഴിലാളി മണി. മക്കൾ: ഹരിലക്ഷ്മി, ഹരികൃഷ്ണ.
Be the first to comment