സ്ത്രീകളിലെ ഹൃദയാരോഗ്യം; 20 വയസു മുതൽ മുൻകരുതൽ, ചെയ്തിരിക്കേണ്ട 5 പരിശോധനകള്‍

ഹൃദയാരോഗ്യം ശ്രദ്ധിക്കുന്ന കാര്യത്തില്‍ പലപ്പോഴും സ്ത്രീകള്‍ പിന്നിലാണ്. ഹൃദയാരോഗ്യ പരിശോധന കുറവായതിനാൽ മിക്കപ്പോഴും സ്ത്രീകളിൽ വളരെ വൈകിയാണ് ഹൃദയ സംബന്ധമായ രോഗങ്ങൾ കണ്ടെത്തുന്നത്. പതിവായുള്ള മെഡിക്കല്‍ ചെക്കപ്പുകള്‍ പലരോഗങ്ങളും നേരത്തെ തിരിച്ചറിയാനും ചികിത്സ മികച്ചതാക്കാനും സഹായിക്കും. 20 വയസാകുമ്പോള്‍ മുതല്‍ മുന്നൊരുക്കങ്ങള്‍ ആരംഭിക്കാം.

ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നതിന് സ്ത്രീകള്‍ ചെയ്യേണ്ട പരിശോധനകള്‍

1. ബിഎംസി പരിശോധന

ഓരോ മാസവും സ്ത്രീകള്‍ ശരീരത്തിന്റെ ബോഡി മാസ് ഇൻഡക്സ് പരിശോധിക്കണം. ഉയരത്തിന് അനുസരിച്ചുള്ള ശരീരഭാരം വിലയിരുത്തിയാണ് ബോഡി മാസ് ഇന്‍ഡക്സ് പരിശോധിക്കുന്നത്. ശരീരഭാരം കൂടുന്നത് ഹൃദ്രോഗ സാധ്യത വര്‍ധിപ്പിക്കും.

2. രക്തസമ്മര്‍ദം

പ്രായമായവരില്‍ മാത്രമല്ല, ചെറുപ്പക്കാരിലും അടുത്തകാലത്തായി രക്തസമ്മര്‍ദ നിരക്ക് വളരെ കൂടുതലാണ്. ജീവിതശൈലി, അനാരോഗ്യകരമായ ഭക്ഷണരീതി, ഉത്കണ്ഠ, സമ്മര്‍ദം തുടങ്ങിയ ഘടകങ്ങളാണ് ഇതിന് പിന്നില്‍. അതിനാല്‍ 20 വയസു മുതല്‍ തന്നെ സ്ത്രീകള്‍ രക്തസമ്മര്‍ദം പതിവായി പരിശോധിക്കുന്നത് ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും മുന്‍കരുതല്‍ സ്വീകരിക്കാനും സഹായിക്കും.

3. പ്രമേഹ പരിശോധന

ഡയബറ്റീസ്, പ്രീ-ഡയബറ്റീസ് അവസ്ഥകള്‍ വിലയിരുത്തുന്നതിനും മുന്‍കരുതല്‍ സ്വീകരിക്കുന്നതിനും മാസത്തില്‍ ഒരിക്കല്‍ രക്തത്തിലെ പഞ്ചസാരയുടെ അളവു പരിശോധിക്കുന്നത് ഗുണകരമാണ്.

4. പിസിഒഡി, പിസിഒഎസ് പരിശോധന

സ്ത്രീകളില്‍ ഹോര്‍മോണ്‍ വ്യതിയാനത്തെ തുടര്‍ന്ന് സംഭവിക്കുന്ന പിസിഒഡി, പിസിഒഎസ് അവസ്ഥകള്‍ സ്ത്രീകളുടെ ആരോഗ്യത്തെ വലിയരീതിയില്‍ ബാധിക്കുന്നു. പിസിഒഡി, പിസിഒഎസ് പരിശോധനകളിലൂടെ ഹോര്‍മോണ്‍ വ്യതിയാനം കൃത്യമായി വിലയിരുത്താന്‍ സഹായിക്കും.

5. ഹീമോഗ്ലോബിന്‍ ടെസ്റ്റ്

ചുവന്ന രക്താണുക്കളിൽ ഇരുമ്പ് അടങ്ങിയ പ്രോട്ടീനാണ് ഹീമോഗ്ലോബിൻ. രക്തത്തില്‍ ഹീമോഗ്ലോബിന്‍റെ അളവു കുറയുമ്പോള്‍ ഉണ്ടാകുന്ന അവസ്ഥയാണ് വിളര്‍ച്ച അല്ലെങ്കില്‍ അനീമിയ. അനീമിക്കായ ഒരാളിൽ രക്തകോശങ്ങളുടെ അളവ് സാധാരണ നിലയിൽ താഴെയായിരിക്കും. ഹീമോഗ്ലോബിന്‍ പരിശോധനയിലൂടെ ഈ അവസ്ഥ ഒഴിവാക്കാന്‍ സഹായിക്കും.

 

Be the first to comment

Leave a Reply

Your email address will not be published.


*