
സെക്രട്ടേറിയറ്റിന് മുന്നിലെ നടപ്പാതയിൽ കൈമുട്ടിലിഴഞ്ഞ് വനിത സിപിഒ റാങ്ക് ഹോൾഡേഴ്സിൻറെ പ്രതിഷേധം. റാങ്ക് ലിസ്റ്റിന്റെ കാലാവധി പൂർത്തിയാകാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ സമരം ശക്തമാക്കാൻ ഒരുങ്ങുകയാണ് ഉദ്യോഗാർഥികൾ. തൊഴിൽ സമരത്തിന്റെ പന്ത്രണ്ടാം നാളാണ് കൈമുട്ടിൽ ഇഴഞ്ഞ് പ്രതിഷേധം നടത്തിയത്.
നടപ്പാതയിലെ ഇന്റർലോക്ക് ടൈലിൽ ഉരുഞ്ഞ് പലരുടേയും കൈമുട്ടുകൾ പൊട്ടി. ചിലർ തലകറങ്ങി വീണു. ഈ മാസം 19ന് അവസാനിക്കുന്ന വനിത സിപിഒ റാങ്ക് ലിസ്റ്റിൻറെ കാലാവധി നീട്ടുക, നിയമനം വേഗത്തിലാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് ഉദ്യോഗാർഥികളുടെ സമരം. വിവിധ ജില്ലകളിൽ നിന്നുള്ള ഉദ്യോഗാർഥികൾ നടത്തുന്ന രാപകൽ സമരം 12 ദിവസം പിന്നിട്ടു. നിരാഹാര സമരം ഏഴ് ദിവസവും.
സമരം ശക്തമാക്കുന്നതിൻറെ ഭാഗമായി ഇന്ന് രാത്രി കയ്യിൽ കർപ്പൂരം കത്തിച്ചും പ്രതിഷേധിക്കും. 964 പേർ ഉൾപ്പെട്ട റാങ്ക് ലിസ്റ്റിൽ നിന്ന് 235 പേരെ മാത്രമാണ് നിയമിച്ചത്. കഴിഞ്ഞദിവസം ശയനപ്രദക്ഷിണം, കല്ലുപ്പിനു മുകളിൽ മുട്ടുകുത്തിയുള്ള സമരം നടത്തിയിരുന്നു. കയ്യും കാലും പരസ്പരം ചേർത്ത് കൂട്ടിക്കെട്ടിയായിരുന്നു ഇന്നലത്തെ സമരം. വിലങ്ങിന് പകരം പ്രതീകാത്മകമായാണ് ഇങ്ങനെ ചെയ്തത്. പോലീസ് തൊപ്പിക്ക് പകരം പ്ലാവില തൊപ്പി തലയിലേന്തി. നിരാഹാര സമരം ആറ് ദിവസം പിന്നിട്ടു. സർക്കാർ ചർച്ചയ്ക്ക് വിളിക്കുകയോ, പ്രതിപക്ഷ സംഘടനകൾ പോലും പിന്തുണ നൽകുകയോ ചെയ്തിട്ടില്ലെന്നും റാങ്ക് ഹോൾഡേഴ്സ് പറയുന്നു.
Be the first to comment