സിനഡിൽ ഇനി സ്ത്രീകൾക്കും വോട്ടു ചെയ്യാം; നിർണായക പരിഷ്കാരങ്ങളുമായി ഫ്രാൻസിസ് മാർപാപ്പ

കത്തോലിക്കാ ബിഷപ്പുമാരുടെ സിനഡിൽ സ്ത്രീകൾക്ക് വോട്ടവകാശം നൽകാനുള്ള ചരിത്ര തീരുമാനവുമായി ഫ്രാൻസിസ് മാർപാപ്പ. വരാനിരിക്കുന്ന ബിഷപ്പുമാരുടെ സിനഡ് യോഗത്തിൽ സ്ത്രീകൾക്കും വോട്ട് ചെയ്യാമെന്ന നിലയിലുള്ള പരിഷ്ക്കരണത്തിനാണ് മാർപാപ്പ അംഗീകാരം നൽകിയത്. സാധാരണക്കാരായ വിശ്വാസികൾക്ക് കത്തോലിക്കാ സഭയിൽ കൂടുതൽ അഭിപ്രായ പ്രാമുഖ്യം നൽകുന്നതാണ് പരിഷ്ക്കരണ നടപടികൾ. ബിഷപ്പുമാരല്ലാത്ത 70 അംഗങ്ങളെ സിനഡിൽ ഉൾപ്പെടുത്താനും തീരുമാനമായി.

സഭയിൽ തീരുമാനമെടുക്കാൻ സ്ത്രീകൾക്കും തുല്യപരിഗണന നൽകണമെന്ന കാലങ്ങളായുള്ള ആവശ്യമാണ് ഒടുവിൽ അംഗീകരിക്കപ്പെട്ടത്. ബിഷപ്പുമാരുടെ സിനഡിനെ നിയന്ത്രിക്കുന്ന മാനദണ്ഡങ്ങളിൽ പരിഷ്ക്കാരത്തിന് മാർപാപ്പ അനുമതി നൽകിയതായി വത്തിക്കാൻ അറിയിച്ചു. നിശ്ചിത കാലയളവിൽ ലോകത്തിലെ ബിഷപ്പുമാരെ ഒന്നിച്ചു കൂട്ടുന്ന വത്തിക്കാനിലെ സംവിധാനമാണ് ബിഷപ്പുമാരുടെ സിനഡ്. സഭയെ നവീകരിച്ച 1960 ലെ രണ്ടാം വത്തിക്കാൻ കൗണ്‍സിലിന് ശേഷമാണ് സിനഡിന്റെ ഭാഗമായി ലോകത്തെ ബിഷപ്പുമാരെ റോമിലേക്ക് വിളിക്കുന്ന രീതി ആരംഭിച്ചത്. ഏതാനും ആഴ്ച നീളുന്ന സിനഡിൽ വിവിധ വിഷയങ്ങളിൽ ചർച്ചകളും തീരുമാനവുമുണ്ടാകും. യോഗത്തിന്റെ അവസാനം ബിഷപ്പുമാർ നിർദേശങ്ങൾ വോട്ടിനിടുകയും തീരുമാനം ബിഷപ്പിന് സമർപ്പിക്കുകയും ചെയ്യും. ഇതുകൂടി പരിഗണിച്ചാണ് നിർണായക വിഷയങ്ങളിൽ മാർപാപ്പ അന്തിമരേഖ തയ്യാറാക്കുക. നിലവിൽ വനിതകൾക്ക് സിനഡിൽ വോട്ടവകാശം ഇല്ല. ഈ സമ്പ്രദായമാണ് മാറുന്നത്.

പുരോഹിതന്മാർക്കും ബിഷപ്പുമാർക്കും കർദിനാൾമാർക്കും വളരെക്കാലമായി വിട്ടുകൊടുത്തിരുന്ന സഭാ കാര്യങ്ങളിൽ, സാധാരണ വിശ്വാസികൾക്കും വലിയ പങ്കാളിത്തം ഉറപ്പാക്കുന്നതാണ് ഈ ഭേദഗതികൾ. പുതിയ മാറ്റത്തോടെ അഞ്ച് വൈദികർക്കൊപ്പം അഞ്ച് കന്യാസ്ത്രീകൾക്കും പുരോഹിതന്മാരുടെ പ്രതിനിധികളായി വോട്ട് ചെയ്യാം. ഇതുകൂടാതെ ബിഷപ്പുമാരല്ലാത്ത 70 അംഗങ്ങളേയും സിനഡിൽ ഉൾപ്പെടുത്താനും തീരുമാനമായി. ഇതിൽ പകുതി പേർ സ്ത്രീകളാകണമെന്നാണ് നിർദേശം. ഇവർക്കും വോട്ടവകാശമുണ്ടാകും.

യുവാക്കളെ കൂടി ഉള്‍പ്പെടുത്തുക ലക്ഷ്യമിട്ടാണ് ബിഷപ്പ് മാരല്ലാത്ത അംഗങ്ങളെയും സമിതിയില്‍ ചേര്‍ക്കുന്നത്. വിവിധ വിശ്വാസ വിഭാഗങ്ങള്‍ നിര്‍ദേശിക്കന്നവരില്‍ നിന്ന് മാര്‍പാപ്പയാകും ആളുകളെ തീരുമാനിക്കുക. ഒക്ടോബര്‍ നാല് മുതല്‍ 29 വരെയാണ് അടുത്ത സിനഡ് തീരുമാനിച്ചിരുക്കുന്നത്.

Be the first to comment

Leave a Reply

Your email address will not be published.


*