കൊച്ചി: പാർട്ടി നൽകിയത് വലിയ അംഗീകാരമെന്ന് എറണാകുളത്തെ സിപിഐഎം സ്ഥാനാർത്ഥി കെ ജെ ഷൈൻ പറഞ്ഞു. ഇത് സ്ത്രീകൾക്ക് സിപിഐഎം നൽകുന്ന പരിഗണനയുടെ തെളിവാണ്. സ്ത്രീ സമൂഹത്തിന് കിട്ടുന്ന അംഗീകാരമാണ്. രാഷ്ട്രീയത്തിനപ്പുറം സ്ത്രീകൾ ഇത് ഏറ്റെടുക്കും. സമൂഹത്തിൻ്റെ എല്ലാ മേഖലയിൽ നിന്നും ഉറച്ച പിന്തുണ ലഭിക്കുമെന്നും കെ ജെ ഷൈൻ മാധ്യമങ്ങളോട് പറഞ്ഞു.
പ്രതിപക്ഷ നേതാവ് വി ഡി സതീശൻ്റെ തട്ടകമായ പറവൂരിൽ നിന്നാണ് എറണാകുളം പാർലമെൻ്റ് സ്ഥാനാർത്ഥി കെ ജെ ഷൈനെ സിപിഐഎം കണ്ടെത്തിയിരിക്കുന്നത്. നല്ല പ്രാസംഗികയും സംഘാടകയുമായ കെ ജെ ഷൈനെ പാർട്ടി ചിഹ്നത്തിൽ മത്സരിപ്പിക്കുന്നതിന് പിന്നിൽ സാമുദായിക സമവാക്യവും മാനദണ്ഡമായിട്ടുണ്ട്.
എറണാകുളത്ത് സിപിഐഎമ്മിനെ സംബന്ധിച്ചിടത്തോളം കെ ജെ ഷൈൻ പുതിയൊരു പരീക്ഷണമാണ്. മണ്ഡലത്തിൽ പകുതിയിലേറെ വരുന്ന ലത്തീൻ സമുദായത്തിൽ നിന്ന് യോജിച്ച ഒരാളെ മത്സരിക്കാനായി കണ്ടുപിടിക്കുക എന്ന ശ്രമകരമായ ഉദ്യമമാണ് വിജയിച്ചത്. സ്ത്രീ പരിഗണനയും തീരുമാനത്തെ സ്വാധീനിച്ചു. പറവൂർ നഗരസഭയിലെ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനായ കെ ജെ ഷൈൻ സർവീസ് സംഘടനാ രംഗത്തെ ദീർഘകാല പ്രവർത്തന പരിചയവുമായാണ് പാർലമെൻ്റിലെ കന്നി മത്സരത്തിന് ഒരുങ്ങുന്നത്. കെഎസ്ടിഎ മുൻ ജില്ലാ സെക്രട്ടറിയാണ്. നിലവിൽ സംഘടനയുടെ സംസ്ഥാന സമിതി അംഗമാണ്. പറവൂർ നഗരസഭയിൽ മൂന്നാം വട്ടം കൗൺസിലറാണ്.
എറണാകുളത്ത് സ്ഥാനാർത്ഥി നിർണയ ചർച്ചകളിലൊന്നും ഉയർന്നു കേട്ടില്ലെങ്കിലും കെ ജെ ഷൈൻ പാർട്ടിയിൽ പൊതു സ്വീകാര്യയാണ്. കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ മുൻ നേതാവായ ഡയന്യൂസ് തോമസാണ് ഭർത്താവ്.
Be the first to comment