വനിതാ ഏഷ്യാ കപ്പ്: വമ്പന്‍ ജയവുമായി ഇന്ത്യ

ധാക്ക: വനിതാ ഏഷ്യാ കപ്പ് ടി20 ടൂര്‍ണമെന്‍റില്‍ ബംഗ്ലാദേശിനെ തകര്‍ത്ത് സെമി ഉറപ്പിച്ച് ഇന്ത്യ.ഇന്നലെ പാക്കിസ്ഥാനോട് അപ്രതീക്ഷിത തോല്‍വി വഴങ്ങിയ ഇന്ത്യന്‍ വനിതകള്‍ ബംഗ്ലാദേശിനെതിരെ 59 റണ്‍സിന്‍റെ ആധികാരിക ജയവുമായാണ് പോയന്‍റ് പട്ടികയിലെ ഒന്നാം സ്ഥാനവും സെമി ബര്‍ത്തും ഉറപ്പിച്ചത്.

ആദ്യം ബാറ്റ് ചെയ്ത് ഇന്ത്യ ഉയര്‍ത്തിയ 159 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ബംഗ്ലാദേശിന് 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 100 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. 29 പന്തില്‍ 36 റണ്‍സെടുത്ത ക്യാപ്റ്റന്‍ നിഗര്‍ സുല്‍ത്താനയാണ് ബംഗ്ലാദേശിന്‍റെ ടോപ് സ്കോറര്‍. ഇന്ത്യക്കായി ഷഫാലി വര്‍മയും ദീപ്തി ശര്‍മയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. സ്കോര്‍ ഇന്ത്യ 20 ഓവറില്‍ 159-5, ബംഗ്ലാദേശ് 20 ഓവറില്‍ 100-7.

നേരത്തെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് 159 റണ്‍സെടുത്തത്. ഓപ്പണിംഗ് വിക്കറ്റില്‍ തകര്‍ത്തടിച്ച് 12 ഓവറില്‍  96 റണ്‍സ് നേടിയ ഷഫാലി വര്‍മയും ക്യാപ്റ്റന്‍ സ്മൃതി മന്ഥാനയുമാണ് ഇന്ത്യക്ക് മികച്ച സ്കോര്‍ സമ്മാനിച്ചത്. 44 പന്തില്‍ 55 റണ്‍സെടുത്ത ഷഫാലിയാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍. ബംഗ്ലാദേശിനായി റുമാന അഹമ്മദ് മൂന്ന് വിക്കറ്റെടുത്തു.

ഹര്‍മന്‍പ്രീത് കൗറിന്‍റെ അഭാവത്തില്‍ ക്യാപ്റ്റനായി ഇറങ്ങിയ സ്മൃതി മന്ഥാനയും ഷഫാലി വര്‍മയും തുടക്കത്തിലെ തകര്‍ത്തടിച്ചതോടെ ഇന്ത്യന്‍ സ്കോര്‍ ബോര്‍ഡ് കുതിച്ചു. പവര്‍ പ്ലേയില്‍ ഇരുവരും ചേര്‍ന്ന് ഇന്ത്യയെ 59 റണ്‍സിലെത്തിച്ചു. തുടക്കത്തില്‍ സ്മൃതിയാണ് ആക്രമണം നയിച്ചതെങ്കില്‍ പിന്നീട് ഷഫാലി അത് ഏറ്റെടുത്തു. ഇതോടെ 12 ഓവറില്‍ ഇന്ത്യ വിക്കറ്റ് നഷ്ടമില്ലാതെ 96 റണ്‍സിലെത്തി. പന്ത്രണ്ടാം ഓവറിലെ അവസാന പന്തില്‍ അര്‍ധസെഞ്ചുറിക്ക് അരികെ സ്മൃതിയും(47) പിന്നാലെ അര്‍ധസെഞ്ചുറി പൂര്‍ത്തിയാക്കി ഷഫാലിയും(55) മടങ്ങിയശേഷം വണ്‍ഡൗണായി എത്തിയ ജെമീമ റോഡ്രിഗസിന്‍റെ ( 35*) പോരാട്ടമാണ് ഇന്ത്യയെ മികച്ച സ്കോറിലെത്തിച്ചത്.

Be the first to comment

Leave a Reply

Your email address will not be published.


*