ഭർത്താവിൻ്റെ ആക്രമണം തെറ്റല്ല എന്നു കരുതുന്ന പോലീസുകാർ സേനക്ക് അപമാനം; വനിതാ കമ്മീഷൻ അധ്യക്ഷ

പന്തീരാങ്കാവ് ഗാർഹിക പീഡനത്തിൽ ഭർത്താവിൻ്റെ ആക്രമണം തെറ്റല്ല എന്നു കരുതുന്ന പോലീസുകാർ സേനക്ക് അപമാനമെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ പി സതീദേവി. വനിത കമ്മീഷൻ ഇന്നലെ തന്നെ പരാതി രജിസ്റ്റർ ചെയ്തു എന്നും പി സതീദേവി മാധ്യമങ്ങളോട് പ്രതികരിച്ചു. വളരെ ഗുരുതരമായ പീഡനത്തിന് പെൺകുട്ടി ഇരയായിട്ടുണ്ടെന്ന് പരാതിയിൽ നിന്ന് മനസ്സിലായി. പോലീസ് ഉദ്യോഗസ്ഥൻ്റെ സമീപനത്തെ കുറിച്ചും പരാതിയിലുണ്ട്.

ഇന്നലെ തന്നെ എസ്എച്ച്ഒയെ വിളിച്ചു. ആരോപണം ശരിയാണെന്ന്  പോലീസ് ഉദ്യോഗസ്ഥൻ്റെ സംസാരത്തിൽ നിന്ന് മനസ്സിലായി. മദ്യ ലഹരിയിലാണ് ഭർത്താവ് പെൺകുട്ടിയെ ഉപദ്രവിച്ചത്. പോലീസിന് നിയമങ്ങളെ കുറിച്ച് അവബോധം ഉണ്ടാകണം. പോലീസ് ട്രെയിനിംഗ് സംവിധാനം ശക്തമാക്കണം.

വിവാഹത്തിന് കെട്ടുകണക്കിന് ആഭരണങ്ങൾ വേണം എന്ന ചിന്താഗതി അപമാനകരമാണ്. പെൺകുട്ടികളെ കേവലം ശരീരം മാത്രമായി കാണരുത്. നിയമങ്ങളിലും ആവശ്യമായ ഭേദഗതികൾ വരുത്തേണ്ടതുണ്ട്. സർക്കാറിന് ഇക്കാര്യത്തിൽ നിർദ്ദേശം സമർപ്പിച്ചിട്ടുണ്ട് എന്നും വനിതാ കമ്മീഷൻ അധ്യക്ഷ പറഞ്ഞു.

 

Be the first to comment

Leave a Reply

Your email address will not be published.


*