കൊച്ചി: ഹേമ കമ്മറ്റി റിപ്പോർട്ട് പുറത്തുവിടണമെന്ന ഹൈക്കോടതി വിധിയെ സ്വാഗതം ചെയ്യ്ത് വനിതാ കമ്മീഷൻ. റിപ്പോർട്ട് പുറത്തുവിടുന്നത് സ്വാഗതാർഹമെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ പി സതീദേവി പറഞ്ഞു. വിവരാവകാശ കമ്മീഷന്‍റെ നിർദേശപ്രകാരം റിപ്പോർട്ട് പുറത്തുവിടുന്നത് അത്യാവശ്യമാണെന്നും വനിതാകമ്മീഷൻ അധ്യക്ഷ പ്രതികരിച്ചു.
‘മലയാള സിനിമാ മേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങള്‍ പഠിച്ച ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടുന്നത് ചോദ്യം ചെയ്തുള്ള ഹർജി ഹൈക്കോടതി തള്ളിയിരിക്കുന്നു. പരാതി പരിഹാര സെൽ പോലും സിനിമാ മേഖലയിൽ ഇല്ലായിരുന്നു. പൊതു സമൂഹത്തിന്റെ ആവശ്യം കൂടിയാണ് ഈ റിപ്പോർട്ട്. എന്താണ് റിപ്പോർട്ടിൽ ഉള്ളതെന്ന് പൊതുസമൂഹത്തോട് സർക്കാർ പറയണം. പ്രശ്നങ്ങൾക്ക് സർക്കാരിന് എന്തൊക്കെ പരിഹാരം കാണാൻ കഴിയുമെന്ന് വിലയിരുത്തം’, പി സതീദേവി ആവശ്യപ്പെട്ടു.
സിനിമാ മേഖലയിൽ ആത്മാഭിമാനത്തോടെ സ്ത്രീകൾക്ക് ജോലി ചെയ്യാൻ ഈ വിധി സഹായകമാകും. നിര്‍മാതാക്കളുടെയോ സംവിധായകരുടെയോ സിനിമാതാരങ്ങളുടെയോ സ്വകാര്യതയ്ക്ക് ഭംഗം വരുത്താതെ ഈ റിപ്പോർട്ട് പുറത്തുവിടണമെന്നതാണ് വനിതാ കമ്മീഷന്റെ അഭിപ്രായമെന്നും വനിതാ കമ്മീഷൻ കൂട്ടിച്ചേർത്തു.
മലയാള സിനിമാ മേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങള്‍ പഠിച്ച ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടുന്നത് ചോദ്യം ചെയ്തുള്ള ഹർജി ജസ്റ്റിസ് വിജി അരുണിന്റെ ബെഞ്ചാണ് തള്ളിയത്. റിപ്പോർട്ട് പുറത്തുവിടണമെന്ന് ഹൈക്കോടതി വ്യക്തമാക്കി. നിര്‍മ്മാതാവ് സജിമോന്‍ പാറയിലാണ് വിവരങ്ങള്‍ പുറത്തുവിടുന്നത് ചോദ്യം ചെയ്ത് കോടതിയെ സമീപിച്ചത്. ഹര്‍ജിക്കാരന്‍ അപ്പീല്‍ ഹര്‍ജിയുമായി ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചില്ലെങ്കില്‍ റിപ്പോര്‍ട്ട് ഒരാഴ്ചയ്ക്ക് ശേഷം പുറത്തുവിടും. വിധി പരിശോധിച്ചതിന് ശേഷം മാത്രമാകും റിപ്പോര്‍ട്ട് പുറത്തുവിടുക.
റിപ്പോര്‍ട്ട് സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമെന്നായിരുന്നു ഹര്‍ജിക്കാരന്റെ വാദം. ‘പേര് വെളിപ്പെടുത്തരുത് എന്ന് ആവശ്യപ്പെട്ടാണ് പലരും മൊഴി നല്‍കിയത്. വിവരങ്ങള്‍ വെളിപ്പെടുത്തില്ലെന്ന വിശ്വാസത്തിലാണ് പലരും മൊഴി നല്‍കിയത്. റിപ്പോര്‍ട്ട് പുറത്തുവിടുന്നത് സ്വകാര്യതയുടെയും മൊഴി രഹസ്യമായി സൂക്ഷിക്കുമെന്ന് കമ്മീഷന്‍ ഉറപ്പ് നല്‍കിയതിന്റെയും ലംഘനമാണെന്നും ഹര്‍ജിക്കാരന്‍ വാദിച്ചിരുന്നു.
വ്യക്തിപരമായ സ്വകാര്യതയെ പ്രതികൂലമായി ബാധിക്കുന്ന എന്തെങ്കിലും ഭാഗങ്ങള്‍ ഉണ്ടെങ്കില്‍ അതൊഴിവാക്കി പ്രസിദ്ധീകരിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. കേസില്‍ കക്ഷി ചേര്‍ന്ന ഡബ്ല്യൂസിസിയും റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന ആവശ്യം അറിയിച്ചിട്ടുണ്ട്. സംസ്ഥാന വനിതാ കമ്മീഷനും ഹര്‍ജിയില്‍ കക്ഷി ചേര്‍ന്നിരുന്നു. നടി ആക്രമിക്കപ്പെട്ടതിന് പിന്നാലെയാണ് സിനിമാ മേഖലയിലെ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പഠിക്കാന്‍ ജസ്റ്റിസ് കെ ഹേമയുടെ അധ്യക്ഷതയില്‍ കമ്മിറ്റിയെ നിയമിച്ചത്. വിമന്‍ ഇന്‍ സിനിമ കളക്ടീവ് നല്‍കിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലായിരുന്നു തീരുമാനം. വിഷയം പഠിച്ച് 2019ലാണ് കമ്മിറ്റി സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
Be the first to comment