പാര ബാഡ്മിന്റൺ ഇന്റർനാഷണൽ ചാമ്പ്യൻഷിപ്പിൽ ഇന്ത്യക്കായി വെള്ളി മെഡൽ നേടി നിതിൻ

ഉഗാണ്ടയിൽ വച്ച് നടന്ന പാര ബാഡ്മിന്റൺ ഇന്റർനാഷണൽ ചാമ്പ്യൻഷിപ്പിൽ  ഡബിൾസിലും സിംഗിൾസിലും വെള്ളി മെഡൽ  നേടി സന്തോഷത്തിലാണ് കോഴിക്കോട് കൊയിലാണ്ടി സ്വദേശിയായ നിതിൻ കെ.ടി. വിവിധ വിഭാഗങ്ങളിലായി ഇന്ത്യയിൽ നിന്നുള്ള അമ്പതംഗ ടീമിൽ ഏക മലയാളി കൂടിയാണ് നിതിൻ.

ഉയരം കുറഞ്ഞവരുടെ വിഭാഗത്തിൽ മത്സരിക്കുന്ന നിതിൻ അടുത്തിടെ ജംഷദ്പൂരിൽ വച്ച് നടന്ന നാഷണൽ പാരബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ വെങ്കല മെഡൽ സ്വന്തമാക്കിയിട്ടുണ്ട്. ജൂലായ് ഒന്ന് മുതൽ എട്ട് വരെ നടന്ന മത്സരത്തിൽ ഇന്ത്യയ്ക്കായി മെഡൽ നേടാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്ന്  യെൻസ് ടൈംസ് ന്യൂസിനോട്  നിതിൻ പറഞ്ഞു.  

2018ൽ ഹരിയാനയിൽ വച്ച് നടന്ന അത്ലറ്റിക്ക് മീറ്റിൽ പങ്കെടുത്തതോടെയാണ് നിതിൻ കായികരംഗത്തേക്ക് ചുവടുവയ്ക്കുന്നത്. ജംഷദ്പൂരിൽ വച്ച് നടന്ന ബാഡ്മിന്റൺ ടൂർണമെന്റിലെ മെഡൽ നേട്ടം നിതിന് സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയിലേക്കും വഴി തുറന്നു. കഴിഞ്ഞ ഒന്നരമാസത്തോളായി സായിയുടെ പരിശീലനത്തിലായിരുന്നു നിതിൻ.

കായികരംഗത്ത് നിന്ന് വിട്ടുനിന്ന നിതിനെ വീണ്ടും ഗ്രൗണ്ടിലേക്ക് എത്തിച്ചതിന് പിന്നിൽ ലിറ്റിൽ പീപ്പിൾസ് സ്പോർട്സ് ക്ലബ്ബും ക്ലബ്ബിന്റെ കോച്ച്  തലശ്ശേരി സ്വദേശിയായ കെ കെ റാഷിദിന്റെ പിന്തുണ അത്രയും വലുതാണെന്ന് നിതിൻ പറഞ്ഞു. ക്ലബ്ബിന്റെ ഫുട്ബോൾ ടീം അംഗമായ നിതിൻ കേരളത്തിലെ വിവിധ ജില്ലകളിൽ നടന്ന ടൂർണമെന്റുകളിൽ കളിക്കാറുണ്ട്. ക്ലബ്ബിന് ലഭിക്കുന്ന പിന്തുണയിൽ ലഭിച്ച ആത്മവിശ്വാസമാണ് വീണ്ടും ബാഡ്മിന്റൺ രംഗത്തേക്ക് കടന്നുവരാൻ കാരണമായതെന്ന് നിതിൻ യെൻസ് ടൈംസ് ന്യൂസിനോട് പറഞ്ഞു.

 

Be the first to comment

Leave a Reply

Your email address will not be published.


*