ബ്രസൽസിൽ വെള്ളി നേടിയത് ഒടിഞ്ഞ കൈയുമായി; പരുക്ക് വെളിപ്പെടുത്തി നീരജ് ചോപ്ര

ജാവലിൻ ത്രോ താരവും ഒളിമ്പിക് മെഡൽ ജേതാവുമായ നീരജ് ചോപ്ര ബ്രസൽസ് ഡയമണ്ട് ലീഗ് ഫൈനലിൽ പങ്കെടുത്തത് ഒടിഞ്ഞ കൈയുമായി. വെള്ളി മെഡൽ കരസ്ഥമാക്കിയ താരം, മത്സരശേഷമാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കഴിഞ്ഞ തിങ്കളാഴ്ച നടന്ന പരിശീലനത്തിനിടെയായിരുന്നു താരത്തിന് പരുക്കേറ്റത്. സമൂഹമാധ്യമായ എക്‌സിൽ, എക്സ് റേ റിപ്പോർട്ടുള്‍പ്പെടെ പങ്കുവച്ചുകൊണ്ടാണ് നീരജ് ഇക്കാര്യം അറിയിച്ചത്.

നീരജ് ചോപ്രയുടെ ഇടതുകൈയിലെ നാലാമത്തെ വിരലിനാണ് ഒടിവുണ്ടായത്. വെല്ലുവിളികൾ ഉണ്ടായെങ്കിലും ടീം അംഗങ്ങളുടെ സഹായത്തോടെ ഡയമണ്ട് ലീഗിൽ പങ്കെടുക്കുകയായിരുന്നുവെന്ന് താരം എക്‌സിൽ കുറിച്ചു. 87.86 മീറ്റർ എറിഞ്ഞാണ് നീരജ് ചോപ്ര വെള്ളിമെഡൽ നേടിയത്. പ്രതീക്ഷകൾക്കനുസരിച്ച് ഉയരാൻ കഴിഞ്ഞില്ലെങ്കിലും ഒരുപാട് കാര്യങ്ങൾ ഈ സീസണിൽ പഠിക്കാനായെന്ന് നീരജ് പോസ്റ്റിലൂടെ പറഞ്ഞു. വിട്ടുകൊടുക്കാൻ തയ്യാറല്ലെന്നും പൂർണ ആരോഗ്യത്തോടെ തിരിച്ചുവരുമെന്നും നീരജ് കൂട്ടിച്ചേർത്തു.
പാരീസ് ഒളിമ്പിക്‌സിൽ വെങ്കലം നേടിയ ഗ്രനേഡയുടെ ആൻഡേഴ്‌സൺ പീറ്റേഴ്‌സിനാണ് സ്വർണം. 87.87 മീറ്ററാണ് ഫൈനലിൽ താരം കണ്ടെത്തിയ മികച്ച ദൂരം. കേവലം ഒരു സെന്റി മീറ്ററിന്റെ വ്യത്യാസത്തിലായിരുന്നു നീരജിന് സ്വർണം നഷ്ടമായത്. ജർമനിയുടെ ജൂലിയൻ വെബ്ബറിനാണ് വെങ്കലം. 85.97 മീറ്ററാണ് വെബ്ബർ എറിഞ്ഞിട്ടത്. ഇത് രണ്ടാം തവണയാണ് ഡയമണ്ട് ലീഗിൽ നീരജ് വെള്ളി നേടുന്നത്. 2023ലും ചെറിയ ദൂരത്തിനായിരുന്നു നീരജിന് സ്വർണം നഷ്ടമായത്. അന്ന് ചെക്ക് റിപ്പബ്ലിക്കിന്റെ യാക്കൂബ് വാൽഡെക്കിനായിരുന്നു സ്വർണം.

Be the first to comment

Leave a Reply

Your email address will not be published.


*