വരാനിരിക്കുന്ന വിൻഡോസ് പതിപ്പിൽ നിന്ന് വേഡ്പാഡിനെ നീക്കം ചെയ്യാൻ ഒരുങ്ങി മൈക്രോസോഫ്റ്റ്. 30 വർഷം പഴക്കമുള്ള വേഡ്പാഡ് ഒരു കാലത്ത് ഉപഭോക്താക്കൾക്കിടയിൽ തരംഗമായിരുന്നു. എഴുത്തും എഡിറ്റിംഗുമായി എല്ലാ അടിസ്ഥാന ജോലികളും സുഗമമമായി ചെയ്യാൻ അനുവദിച്ചിരുന്ന ആപ്പ്ളിക്കേഷനായിരുന്നു വേഡ്പാഡ്. വിൻഡോസിന്റെ വരാനിരിക്കുന്ന ഏറ്റവും പുതിയ പതിപ്പായ വിൻഡോസ് 12-ൽ നിന്ന് വേഡ്പാഡ് നീക്കം ചെയ്യാനാണ് മൈക്രോസോഫ്റ്റ് തീരുമാനിച്ചിരിക്കുന്നത്. ഇക്കാര്യം കമ്പനി ഔദ്യോഗികമായി അറിയിച്ചതായാണ് റിപ്പോർട്ട്.
മൈക്രോസോഫ്റ്റ് റൈറ്റിന് പകരമായിട്ടാണ് 1995-ൽ മൈക്രോസോഫ്റ്റ് വേഡ്പാഡ് അവതരിപ്പിക്കുന്നത്. അന്ന് മുതൽ പിന്നീടു വന്നിട്ടുള്ള എല്ലാ വിൻഡോസ് അപ്ഡേറ്റിലും നേറ്റീവ് വേഡ് പ്രോസസിംഗ് സോഫ്റ്റ്‌വെയറായി വേഡ്പാഡ് ഉണ്ടായിരുന്നു. വേഡ്പാഡ് ഫീച്ചറുകൾ ഉപഭോക്താക്കൾക്ക് സൗജന്യമായാണ് വാഗ്ദാനം ചെയ്തിരുന്നത്. എന്നാൽ ആപ്പിന് വളരെക്കാലമായി പുതിയ അപ്‌ഡേറ്റുകളൊന്നും ലഭിച്ചിരുന്നില്ല. അതേസമയം, നോട്ട്പാഡിന് കമ്പനി പുതിയ അപ്ഡേറ്റുകൾ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് വേഡ്പാഡ് നീക്കം ചെയ്യുന്നതായി മൈക്രോസോഫ്റ്റ് അറിയിക്കുന്നത്.
വേഡ്പാഡ് പിൻവലിച്ചതോടെ നിലവിൽ ഈ സോഫ്റ്റ്‌വെയർ ഉപയോഗിക്കുന്നവർ റിച്ച് ടെക്‌സ്‌റ്റ് ഡോക്യുമെന്റുകൾക്കായി എംഎസ് വേഡിലേക്കോ പ്ലെയിൻ ഡോക്യുമെന്റുകൾക്കായി നോട്ട്പാഡിലേക്കോ മാറാമെന്നും മൈക്രോസോഫ്ട് ഉപയോക്താക്കളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
Be the first to comment