സ്കൂൾ പാചകത്തൊഴിലാളികളെ നിസ്സാരവത്​കരിക്കുന്നു; പ്രതിഷേധവുമായി തൊഴിലാളികൾ

കോട്ടയം: സംസ്ഥാന സർക്കാർ സ്കൂൾ പാചകത്തൊഴിലാളികളെ നിസ്സാരവത്കരിക്കുകയാണെന്ന് എച്ച്. എം.എസ് സംസ്ഥാന പ്രസിഡന്റ് തമ്പാൻ തോമസ്. കേരളത്തിലെ പതിനാലായിരത്തോളം സ്കൂൾ പാചകത്തൊഴിലാളികളെ ‘തൊഴിലാളികൾ’ എന്ന നിർവചനത്തിൽ നിന്നും നീക്കം ചെയ്യുകയും സ്കൂളുകളിലെ ലാസ്റ്റ് ഗ്രേഡ് ജീവനക്കാരാകാൻ അർഹതയുള്ളവരെ ഓണറേറിയം സ്വീകരിക്കുന്ന വിഭാഗക്കാരാക്കി മാറ്റുകയും ചെയ്ത സർക്കാറിന്റെ നടപടിക്കെിരെ സംഘടന പ്രതിഷേധം രേഖപ്പെടുത്തി.

2016ൽ ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരിക്കെയാണ് ഇവരെ മിനിമം വേജസ് ആക്ടിന്റെ പരിധിയിൽ ഉൾപ്പെടുത്തി വേതനവും ക്ഷാമബത്തയും അടക്കം നിശ്ചയിച്ച് ഉത്തരവ് പുറപ്പെടുവിച്ചത്. ഈ ഉത്തരവ് റദ്ദാക്കി എൽ.ഡി.എഫ് സർക്കാർ എല്ലാ ആനുകൂല്യങ്ങളും പിൻവലിക്കുകയായിരുന്നു. സർക്കാറിന്റെ ഈ നടപടിക്കെതിരെ എച്ച്.എം.എസ് നേതൃത്വത്തിലുള്ള സ്കൂൾ പാചകത്തൊഴിലാളി സംഘടന പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് തമ്പാൻ തോമസ് അറിയിച്ചു.

ശനിയാഴ്ച പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടിയുടെ കല്ലറയിൽ പുഷ്പാർച്ചന നടത്തി സമരത്തിന് തുടക്കംകുറിക്കുമെന്ന് സംഘടന ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. സംസ്ഥാന സെക്രട്ടറി ടോമി മാത്യു, ജി. ഷാനവാസ് തുടങ്ങിയവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.

Be the first to comment

Leave a Reply

Your email address will not be published.


*