ഉത്തരകാശിയിലെ തുരങ്കത്തില്‍ കുടുങ്ങിയ തൊഴിലാളികളെ ഇന്ന് രാത്രിയോടെ പുറത്തെത്തിക്കും

ഉത്തരകാശിയിലെ തുരങ്കത്തിൽ കുടുങ്ങിയ തൊഴിലാളികളെ ഇന്ന് രാത്രിയോടെ പുറത്തെത്തിക്കും. 5 മീറ്റർ കൂടി തുരന്നാൽ തൊഴിലാളികളെ പൈപ്പിലൂടെ സുരക്ഷിതമായി പുറത്തെത്തിക്കാൻ സാധിക്കും. 41 തൊഴിലാളികളാണ് കഴിഞ്ഞ 13 ദിവസമായി തുരങ്കത്തിൽ കുടുങ്ങിക്കിടക്കുന്നത്. കഴിഞ്ഞ രണ്ടാഴ്ചയായി തുടരുന്ന രാപ്പകൽ രക്ഷാപ്രവർത്തനത്തിന് ഒടുവിലാണ് തുരങ്കത്തിൽ കുടുങ്ങിയ മുഴുവൻ തൊഴിലാളികളെയും സുരക്ഷിതമായി പുറത്തെത്തിക്കുന്നത്. ഡ്രില്ലിങ് യന്ത്രം ഉറപ്പിച്ചു വച്ചിരുന്ന കോൺക്രീറ്റ് അടിത്തറ തകർന്നതിനെത്തുടർന്നാണ് ദൗത്യം തടസ്സപ്പെട്ടിരുന്നു. അടിത്തറ വീണ്ടും കെട്ടിയ ശേഷമാണ് രക്ഷാപ്രവർത്തനം തുടരുന്നത്.

ഇനി ഡ്രില്ലിങ് ചെയ്യാനുള്ള സ്ഥലത്ത് ലോഹ ഭാഗങ്ങൾ ഇല്ലെന്നാണ് വിദഗ്ധർ പറയുന്നത്. അതിനാൽ രക്ഷാപ്രവർത്തനം എളുപ്പമാകും. യന്ത്രങ്ങൾക്ക് ഉണ്ടായ തകരാർ രക്ഷാപ്രവർത്തനത്തെ പല തവണ ബാധിച്ചിരുന്നു. 88 സെന്റിമീറ്റർ വ്യാസമുള്ള 9 പൈപ്പുകൾ ഒന്നിനു പിറകെ ഒന്നായി വെൽഡ് ചെയ്താണു മുന്നോട്ടുനീക്കുന്നത്. തൊഴിലാളികളിലേക്കെത്താൻ ആകെ 10 പൈപ്പുകളാണ് വേണ്ടത്.

പൈപ്പുകളിലൂടെ അവശിഷ്ടങ്ങൾക്കപ്പുറമെത്തിയ ശേഷം സ്ട്രെച്ചറിൽ കിടത്തി തൊഴിലാളികളെ പുറത്തേക്കെത്തിക്കുകയാണു ലക്ഷ്യം. തൊഴിലാളികളുടെ ആരോഗ്യനില പരിശോധിക്കാൻ മെഡിക്കൽ സംഘം തുരങ്കത്തിനു പുറത്തുണ്ട്. കാര്യമായ പ്രശ്നങ്ങളില്ലാത്തവരെ ഉത്തരകാശി ജില്ലാ ആശുപത്രിയിലേക്കും ആരോഗ്യം മോശമായവരെ ഹെലികോപ്റ്റർ മാർഗം ഋഷികേശിലെ എയിംസിലേക്കും മാറ്റും. തുരങ്കത്തിൽനിന്ന് അടുത്തായി താൽക്കാലിക ഹെലിപാഡ് സജ്ജമാക്കിയിട്ടുണ്ട്.

 

Be the first to comment

Leave a Reply

Your email address will not be published.


*