ലോക എയ്ഡ്സ് ദിനം; കരുതലോടെ.. മുന്നോട്ട്‌..

ഡിസംബര്‍ 1 ലോക എയ്ഡ്സ് ദിനമായി (AIDS DAY) ആചരിക്കുന്നു. 1988 ഡിസംബര്‍ ഒന്നിനാണ് ലോകാരോഗ്യ സംഘടന-ഐക്യരാഷ്ട്ര സഭ എന്നിവയുടെ നേതൃത്വത്തില്‍ ലോകമെമ്പാടും എയ്ഡ്സ് ദിനമായി ആചരിക്കാന്‍ തീരുമാനിച്ചത്. എയ്ഡ്സ് രോഗം, അതിന്റെ പ്രതിരോധം,  ബോധവല്‍ക്കരണം തുടങ്ങി നിരവധി പരിപാടികള്‍ ഈ ദിനത്തോടനുബന്ധിച്ചു നടക്കാറുണ്ട്. ‘തുല്യമാക്കുക’ (Equalize) എന്നതാണ് 2022 ലെ എയ്ഡ്‌സ് ദിനത്തിന്റെ തീം. അസമത്വങ്ങള്‍ പരിഹരിക്കാനും, എയ്ഡ്സ് നിര്‍മ്മാര്‍ജ്ജനത്തില്‍ പങ്കാളികളാകാനും ഇതിലൂടെ ആഹ്വാനം ചെയ്യുന്നു. ഭൂമിയില്‍ നിന്നും എയ്ഡ്സിനെ തുരത്തുന്നതിന് തടസ്സം നില്‍ക്കുന്ന അസമത്വങ്ങളെ തിരിച്ചറിയാനും നേരിടാനും ലോകമെമ്പാടുമുള്ള പൗരന്മാരോട് ലോക ആരോഗ്യ സംഘടന ആഹ്വാനം ചെയ്യുന്നു. 

ബോധവല്‍ക്കരണമാണ് ഈ രോഗം തടയാനുള്ള ഏക പോംവഴി. അതിനാല്‍ എയ്ഡ്സിന്റെ ലക്ഷണങ്ങളും ഘടകങ്ങളും പ്രതിരോധ രീതികളും അറിയേണ്ടത് വളരെ പ്രധാനമാണ്. എച്ച്‌ഐവി ബാധിതനായ ഒരാള്‍ ആരോഗ്യകരമായ ജീവിതശൈലിയും ഭക്ഷണക്രമവും പിന്തുടരുകയാണെങ്കില്‍, അവന്റെ ജീവിതം സാധാരണ നിലയിലാകുമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. 

ഹ്യൂമന്‍ ഇമ്മ്യൂണോ ഡെഫിഷ്യന്‍സി വൈറസ് (HIV) മൂലമുണ്ടാകുന്ന ഒരു രോഗമാണ് അക്വയേര്‍ഡ് ഇമ്മ്യൂണോ ഡെഫിഷ്യന്‍സി സിന്‍ഡ്രോം (AIDS). എന്നാല്‍ എല്ലാ എച്ച്‌ഐവി കേസുകളും എയ്ഡ്‌സ് ഉണ്ടാക്കുന്നില്ല. രോഗം ബാധിച്ച വ്യക്തിയുടെ രോഗപ്രതിരോധ ശേഷി തകരാറിലാകുകയും അണുബാധകള്‍ക്കെതിരെ പോരാടാന്‍ ആ വ്യക്തിയെ കഴിവില്ലാത്തവരാക്കുകയും ചെയ്യുന്ന രോഗാവസ്ഥയാണിത്.

സുരക്ഷിതമല്ലാത്ത ലൈംഗികബന്ധം മൂലവും, രോഗിയുടെ ശരീരത്തില്‍ ഉപയോഗിക്കുന്ന കുത്തിവയ്പ്പ് മറ്റൊരാള്‍ക്ക് ഉപയോഗിക്കുന്നതിലൂടെയും, രോഗിയുടെ രക്തം മറ്റൊരാള്‍ക്ക് കൈമാറുന്നതിലൂടെയും, എച്ച് ഐ വി ബാധിതയായ ഗര്‍ഭിണിയുടെ ശരീരത്തില്‍ നിന്ന് ഗര്‍ഭസ്ഥ ശിശുവിന്റെ ശരീരത്തിലേക്കും വൈറസ് പകരാം.

എയ്ഡ്‌സിന്റെ ആദ്യ നാളുകളില്‍ ഒരു തരത്തിലുമുള്ള ലക്ഷണങ്ങളും ഉണ്ടാകാറില്ല. ഏതാനും വര്‍ഷങ്ങള്‍ക്ക് ശേഷം മാത്രമേ അതിന്റെ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുകയുള്ളൂ. പനി, ക്ഷീണം, വരണ്ട ചുമ, ശരീരഭാരം കുറയല്‍, ചര്‍മ്മത്തില്‍, വായ, കണ്ണ് അല്ലെങ്കില്‍ മൂക്ക് എന്നിവയ്ക്ക് ചുറ്റുമുള്ള പാടുകള്‍, കാലക്രമേണ ഓര്‍മ്മക്കുറവ്, ശരീരവേദന എന്നിവയാണ് ഈ രോഗത്തിന്റെ പ്രധാന ലക്ഷണങ്ങള്‍. തൊണ്ടവേദനയോ വീര്‍ത്ത ഗ്രന്ഥികളോ അവഗണിക്കരുത്. ചര്‍മ്മത്തിലെ ചുണങ്ങു, പേശി വേദന എന്നിവ എച്ച്‌ഐവി അണുബാധയുടെ ലക്ഷണങ്ങളായിരിക്കാം. തൊണ്ടയിലോ വായിലോ ജനനേന്ദ്രിയത്തിലോ ഉണ്ടാകുന്ന വ്രണങ്ങള്‍ എച്ച്‌ഐവി അണുബാധയുടെ ലക്ഷണമാണ്. എയ്ഡ്സ് രോഗികളില്‍ രാത്രി വിയര്‍പ്പ് കൂടുതലാണ്. വയറിളക്കം പോലെയുള്ള പ്രശ്‌നങ്ങളും കണ്ടുവരാം.

എയ്ഡ്സ് പകരാനുള്ള സാധ്യത കുറയ്ക്കുന്നതിനുള്ള ആന്റി റിട്രോവൈറല്‍ തെറാപ്പി (ART – Antiretroviral therapy), എച്ച്‌ഐവി മരുന്നുകള്‍ കണ്ടെത്തിയതോടെ മരണം സംഭവിക്കാനുള്ള സാധ്യതയില്ലെന്നും ഡോക്ടര്‍ ചൂണ്ടിക്കാട്ടുന്നു. നേരത്തെ രോഗനിര്‍ണയം നടത്തുകയും ART ആരംഭിക്കുകയും ചെയ്ത രോഗികള്‍ക്ക് സാധാരണ ജീവിതം നയിക്കാനാകും.

*WebDesk

Be the first to comment

Leave a Reply

Your email address will not be published.


*