ജൂൺ 8 ലോക ബ്രെയിൻ ട്യൂമർ ദിനം

ബ്രെയിൻ ട്യൂമറിനെ കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനും ബ്രെയിൻ ട്യൂമറിനെ കുറിച്ചുള്ള തെറ്റിധാരണകൾ അകറ്റുന്നതിനുമാണ് എല്ലാ വർഷവും ജൂൺ എട്ടിന് ലോക ബ്രെയിൻ ട്യൂമർ ദിനം ആചരിക്കുന്നത്. ജർമൻ ബ്രെയിൻ ട്യൂമർ അസോസിയേഷനാണ് ഇതിന് തുടക്കം കുറിച്ചത്. ബ്രെയിൻ ട്യൂമറിനെ കുറിച്ചുള്ള ധാരാളം മിഥ്യാധാരണകൾ മാറ്റുന്നതിനും ഈ അസുഖത്തെ കുറിച്ച് കൃത്യമായ ധാരണ ഉണ്ടാകുന്നതിനുമാണ് ഈ ദിനം ആചരിക്കുന്നത്. 

പലപ്പോഴും സാധാരണ തലവേദന മാത്രമായി തെറ്റിധരിക്കുന്ന ബ്രെയിൻ ട്യൂമർ നിസാരമായി പരിഗണിക്കേണ്ട രോഗമല്ല. ഏത് രോഗത്തെ പോലെ തന്നെ കൃത്യമായ സമയത്തുള്ള ചികിത്സ തന്നെ ബ്രെയിൻ ട്യൂമറിനും വേണ്ടത്. എത്രയും വേഗം രോഗം കണ്ടെത്തുകയും കൃത്യമായി ചികിത്സ നടത്തുകയും ചെയ്താൽ ബ്രെയിൻ ട്യൂമറിനെയും എളുപ്പത്തിൽ തുരത്താം. രോഗം തിരിച്ചറിയാൻ വൈകുന്നതാണ് ബ്രെയിൻ ട്യൂമറിനുള്ള ചികിത്സയ്ക്കുള്ള വലിയ തിരിച്ചടി. രോഗനിര്‍ണയവും ചികിത്സയും ഏറെ പ്രധാനമാണ് ഈ രോഗത്തിന്. 

തലച്ചോറിനുള്ളിലെ ന്യൂറൽ സംവിധാനത്തിൽ നിന്നാണ് ട്യൂമറുകൾ ഉണ്ടാകുന്നത്. ലോകത്ത് ഓരോ വർഷവും ബ്രെയിൻ ട്യൂമർ ബാധിക്കുന്നവരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ ഈ രോഗത്തെ കുറിച്ച് കൂടുതൽ അറിയേണ്ടതും പ്രധാനമാണ്. 
തലവേദന തന്നെയാണ് ബ്രെയിൻ ട്യൂമറിന്റെ ഏറ്റവും പ്രധാന  ലക്ഷണം. മാനസിക നിലയിലെ പെട്ടെന്നുള്ള മാറ്റം, ഛർദ്ദി, ബലഹീനത, അസ്വസ്ഥത, കാഴ്ചയിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ, സംസാരിക്കുന്നതിന് ചില ബുദ്ധിമുട്ടുകൾ തുടങ്ങിയവയാണ് ബ്രെയിൻ ട്യൂമറിന്റെ മറ്റ് ലക്ഷണങ്ങൾ.

കൈകാലുകൾ കുഴയുക, മരവിപ്പ്, കടുത്ത തലവേദന എന്നിവും ബ്രെയിൻ ട്യൂമറിന്റെ ലക്ഷണമാണ്. ഈ രോഗത്തിന് ചികിത്സ ഫലം കാണണം എന്നുണ്ടെങ്കിൽ ശാസ്ത്രീയമായ രീതിയിൽ തന്നെ വേണം ചികിത്സ തുടങ്ങാൻ. ന്യൂറോ വിഭാഗം ഡോക്ടറെയാണ് ഇത്തരം ലക്ഷണങ്ങൾ കാണിച്ച് തുടങ്ങിയാൽ കാണേണ്ടത്. ന്യൂറോ ഫിസിഷ്യനെയോ ന്യൂറോ സർജനയോ കാണാവുന്നതാണ്. പരിശോധന ഫലങ്ങളുടെ അടിസ്ഥാനത്തിൽ തുടർചികിത്സകൾ നടത്താൻ കഴിയും. 

Be the first to comment

Leave a Reply

Your email address will not be published.


*