ഈ ലോകത്തെ മനോഹരമായ സൃഷ്ടികളിൽ ഒന്നാണ് സംഗീതം. നമ്മുടെ ദൈനംദിന ജീവിതത്തിന്റെ പ്രധാന ഭാഗം കൂടിയാണിത്. സന്തോഷമോ സങ്കടമോ സ്‌ട്രെസ്സോ എന്നുവേണ്ട എല്ലാത്തിനുമുള്ള ഉത്തരവും ആശ്രയവുമായി സംഗീതം മാറാറുണ്ട്. ഏതൊരു കലാരൂപത്തെയും പോലെ, സംഗീതം ഭാഷയുടെ വേലിക്കെട്ടുകൾക്കപ്പുറത്തേക്ക് ഓരോ സംഗീത പ്രേമിയെയും കൊണ്ടുപോകുന്നു. അതുതന്നെയാണ് സംഗീതത്തെ കൂടുതൽ മനോഹരമാക്കുന്നത്.ഇന്ന് ലോക സംഗീതദിനം.
ലോകത്തിന്റെ സാംസ്‌കാരിക നിധിയാണ് സംഗീതം. ഭാഷയുടേയും ദേശത്തിന്റേയും അതിരുകള്‍ക്കപ്പുറത്ത് ബന്ധങ്ങള്‍ ഉറപ്പിക്കാന്‍ സംഗീതം ലോകത്തെ സഹായിക്കുന്നു.
വികാരങ്ങളുടെ ഭാഷയാണത്. അതിരുകള്‍ ഭേദിച്ച് സംസ്‌കാരങ്ങള്‍ക്കും ഭൂഖണ്ഡങ്ങള്‍ക്കും കുറുകെ ജനതയെ ബന്ധിപ്പിക്കുന്ന സാര്‍വത്രികമായ ഭാഷയാണ് സംഗീതം.
ക്ലാസിക്കല്‍ സിംഫണിയോ ഹിന്ദുസ്ഥാനി രാഗമോ നാടോടി രാഗങ്ങളോ അതെന്തുമാകട്ടെ. മനുഷ്യസമൂഹങ്ങളുടെ വൈവിധ്യവും സമ്പന്നതയും പ്രതിഫലിപ്പിക്കുന്നതിലാണ് സംഗീതത്തിന്റെ ആത്മാവ് കുടികൊള്ളുന്നത്. ജനതയെ ഒരുമിപ്പിക്കാനും ബന്ധങ്ങള്‍ സൃഷ്ടിക്കാനും സംഗീതത്തിനാകും.
1976ല്‍ അമേരിക്കന്‍ സംഗീതജ്ഞനായ ജോയല്‍ കോയനാണ് സംഗീതത്തിന് ഒരുദിനമെന്ന ആശയം മുന്നോട്ടുവച്ചത്. അമേരിക്കയിലത് യാഥാര്‍ത്ഥ്യമായില്ലെങ്കിലും 1982ല്‍ ഫ്രഞ്ച് സംസ്‌കാരികമന്ത്രി ജാക്ക് ലാങ് ഈ ആശയം പ്രാവര്‍ത്തികമാക്കി. ഫെറ്റ് ഡി ലാ മ്യൂസിക് എന്ന പേരില്‍ 1982ല്‍ ഫ്രാന്‍സില്‍ തുടക്കമിട്ട സംഗീതദിനം ഇന്ന് ലോകമെങ്ങും ആഘോഷിക്കുന്നു. സംഗീതത്തെ നമ്മുടെ ജീവിതത്തില്‍ സന്തോഷത്തിന്റെയും പ്രചോദനത്തിന്റെയും ബന്ധങ്ങളുടേയും ഉറവിടമായി തുടരാന്‍ അനുവദിക്കുക
Be the first to comment