ലോക ഒബീസിറ്റി ദിനം: ഇന്ത്യയില്‍ 1.25 കോടി കുട്ടികള്‍ അമിതഭാരമുള്ളവർ

ഇന്ന് ലോക ഒബീസിറ്റി ദിനം. ലോകത്തില്‍ നൂറു കോടി ജനങ്ങള്‍ അമിതഭാരമുള്ളവരാണെന്ന കണക്കുകള്‍ നേരത്തെ പുറത്തു വിട്ടിരുന്നു. എന്നാല്‍ ഇന്ത്യയിലും അമിതഭാരം വര്‍ധിക്കുന്നതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.  അമിതഭാരമുള്ള കുട്ടികളുടെഎണ്ണത്തിലും വര്‍ധനയുണ്ട്.  2022 ലെ കണക്കുകള്‍ പ്രകാരം അഞ്ചിനും 19നും ഇടയിലുള്ള 1.25 കോടി കുട്ടികള്‍ അമിതഭാരമുള്ളവരാണ്. 1990ല്‍ ഇത് 40 ലക്ഷമായിരുന്നു.

ലാന്‍സെറ്റ് ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പൊണ്ണത്തടിയുള്ള 1.25 കോടി കുട്ടികളില്‍ 73 ലക്ഷം ആണ്‍കുട്ടികളാണെന്നും 52 ലക്ഷം പെണ്‍കുട്ടികളാണെന്നും സൂചിപ്പിക്കുന്നു.  ഇന്ത്യയില്‍ സ്ത്രീകള്‍ക്കിടയിലെ അമിതഭാര നിരക്ക് 1990ലെ 1.2 ശതമാനത്തില്‍ നിന്ന് 9.8 ലേക്കും പുരുഷന്മാരിലേത് 0.5ല്‍ നിന്ന് 5.4 ശതമാനത്തിലേക്കും വര്‍ധിച്ചിട്ടുണ്ട്. 2022ല്‍ 4.4 കോടി സ്ത്രീകള്‍ക്കും 2.6 കോടി പുരുഷന്മാര്‍ക്കും ഭാരം വര്‍ധിച്ചിട്ടുണ്ട്.2022ലെ കണക്കുകള്‍ പ്രകാരം 103.8 കോടി ജനങ്ങള്‍ അമിത ഭാരം മൂലം ബുദ്ധിമുട്ടുന്നുണ്ട്. അമിതഭാരമുള്ളവരുടെ എണ്ണം ക്രമാതീതമായി വർധിക്കുകയാണെന്നാണ് ഇത് സൂചിപ്പിക്കുന്നത്.

അമിതവണ്ണത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകള്‍ തിരുത്തുക, തെറ്റിദ്ധാരണകള്‍ തിരുത്തുക, ആരോഗ്യസ്ഥിതിയെക്കുറിച്ചുള്ള ബോധവല്‍ക്കരണം വളര്‍ത്തുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് വര്‍ഷംതോറും ഒബീസിറ്റി ദിനം ആചരിക്കുന്നത്. ഹൃദയരോഗങ്ങള്‍, പ്രമേഹം, ഉയര്‍ന്ന രക്ത സമ്മര്‍ദം, വിവിധ കാന്‍സറുകള്‍ എന്നിവയ്ക്ക് അമിതഭാരം കാരണമാകുന്നുണ്ട്.

ലോകാരോഗ്യ സംഘടനയുടെ കണക്കു പ്രകാരം ബോഡി മാസ് ഇന്‍ഡക്‌സ് (ബിഎംഐ) ഇരുപത്തഞ്ചോ അല്ലെങ്കില്‍ അതില്‍ കൂടുതലോ ആയാല്‍ അമിതഭാരമായും 30ല്‍ കൂടിയാല്‍ പൊണ്ണത്തടിയായും കണക്കാക്കുന്നു. മാനസികാരോഗ്യത്തെയും അമിതഭാരം പ്രതികൂലമായി ബാധിക്കുന്നുണ്ട്. കോവിഡ് 19ന്റെ സമയത്തും അമിതഭാരം വെല്ലുവിളിയുയര്‍ത്തിയിരുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*