ഗാസയില്‍ ഇസ്രയേല്‍ ആക്രമണത്തിൻ്റെ ഭീകരത വ്യക്തമാക്കുന്ന ചിത്രത്തിന് വേള്‍ഡ് പ്രസ് ഫോട്ടോ ഓഫ് ദി ഇയര്‍ 2024 പുരസ്‌കാരം

ഗാസയില്‍ ഇസ്രയേല്‍ ആക്രമണത്തിൻ്റെ ഭീകരത വ്യക്തമാക്കുന്ന ചിത്രത്തിന്  വേള്‍ഡ് പ്രസ് ഫോട്ടോ ഓഫ് ദി ഇയര്‍2024 പുരസ്‌കാരം. റോയിട്ടേഴ്‌സ് ഫോട്ടോഗ്രാഫര്‍ മൊഹമ്മദ് സലേം പകര്‍ത്തിയ ഫോട്ടോയ്ക്കാണ് പുരസ്‌കാരം ലഭിച്ചത്. ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട അഞ്ചു വയസുള്ള കുട്ടിയുടെ തുണിയില്‍ പൊതിഞ്ഞ മൃതദേഹം കെട്ടിപ്പിടിച്ചു കരയുന്ന യുവതിയുടെ ചിത്രമാണ് സലേം പകര്‍ത്തിയത്.

ദക്ഷിണ ഗാസയിലെ ഖാന്‍ യൂനുസില്‍ നസ്സെര്‍ ആശുപത്രിയില്‍ നിന്ന് 2023 ഒക്ടോബര്‍ 17-നാണ് ചിത്രം പകര്‍ത്തിയത്. 36-കാരിയായ അബു മാമര്‍ ആണ് ചിത്രത്തിലുള്ള യുവതി. അവാര്‍ഡ് വാര്‍ത്ത മുഹമ്മദ് സ്വീകരിച്ചെങ്കിലും ഈ ചിത്രം ആഘോഷിക്കപ്പെടേണ്ടതല്ല എന്നാണ് അദ്ദേഹത്തിൻ്റെ അഭിപ്രായമെന്നും അംഗീകാരം ലഭിച്ചതിലൂടെ ചിത്രം കൂടുതല്‍ ആളുകളിലേക്ക് എത്തിക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷ പ്രകടിപ്പിച്ചതായും റോയിട്ടേഴ്‌സ് പിക്ചര്‍ ആന്റ് വീഡിയോ ഗ്ലോബല്‍ എഡിറ്റര്‍ റിക്കി റോജേഴ്‌സ് ആംസ്റ്റര്‍ഡാമില്‍ പറഞ്ഞു.

യുദ്ധത്തിൻ്റെ അനന്തരഫലത്തെ കുറിച്ച് ലോകത്തെ കൂടുതല്‍ ബോധവാന്മാരാക്കുമെന്ന് സലീം പ്രതീക്ഷ പ്രകടിപ്പിച്ചു. ഇസ്രയേല്‍-ഹമാസ് യുദ്ധം റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ 99 മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതായി വേള്‍ഡ് പ്രസ് ഫോട്ടോ ഫൗണ്ടേഷന്‍ വ്യക്തമാക്കി. ഇസ്രയേല്‍ ആക്രമണത്തില്‍ ഇതുവരെ 33,000ത്തിന് മുകളില്‍ പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. ഇതില്‍ ഭൂരിപക്ഷവും കുട്ടികളാണ്.

Be the first to comment

Leave a Reply

Your email address will not be published.


*