വേൾഡ് പൾസസ് ഡേ; പയറുവർഗ്ഗങ്ങൾക്കായി ഒരു അന്താരാഷ്ട്ര ദിനം, അറിയാം… കൂടുതലായി

പയറുവർഗ്ഗങ്ങൾക്കായി ഒരു അന്താരാഷ്ട്ര ദിനം ഉണ്ടെന്നു നമ്മളിൽ എത്ര പേർക്കറിയാം? വിചിത്രമെന്നു തോന്നുമെങ്കിലും, 2013 ഡിസംബറിൽ യുണൈറ്റഡ്‌ നേഷൻസ് (UN) അസ്സംബ്ലിയിലാണ് തുടർന്നങ്ങോട്ടുള്ള വർഷങ്ങളിൽ ഫെബ്രുവരി 10 വേൾഡ് പൾസസ് ഡേ (World Pulses Day) ആയി ആചരിക്കണമെന്നു പ്രഖ്യാപിച്ചത്. സുസ്ഥിരമായ പയറുവർഗ കൃഷിരീതികളിലൂടെ കൃഷിഭൂമിയെ സമ്പുഷ്ടമാക്കാനുള്ള പയറുവർഗ വിളകളുടെ കഴിവിനെക്കുറിച്ചും, ജലദൗർലഭ്യമുള്ള ഭൂമേഖലകളിലെ കർഷകർക്ക് ആശ്വാസകരമായ വരുമാനം നൽകുന്ന പയറുവർഗ വിഭാഗങ്ങളെക്കുറിച്ചും ജനങ്ങളെ ബോധവൽക്കരിക്കുകയാണ് ഇത്തവണത്തെ വേൾഡ് പൾസസ് ഡേയുടെ പ്രധാന ഉദ്ദേശ്യം.

പയറുവർഗ്ഗങ്ങളുടെ ഉയർന്ന പോഷക മൂല്യത്തെക്കുറിച്ചും, സ്ഥിരമായ ഭക്ഷ്യോത്പാദനത്തിൽ പയറുവർഗ്ഗങ്ങളുൾപ്പെടുത്തേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും,  അവയുടെ കൃഷിയിലൂടെ നേടിയെടുക്കാവുന്ന പ്രകൃതി സംരക്ഷണോപായങ്ങളെക്കുറിച്ചും പൊതുജനങ്ങളിൽ അവബോധം ഉണ്ടാക്കുകയാണ് ഈ ദിനാചരണം കൊണ്ട് UN ന്റെ ഭക്ഷ്യ കൃഷി വകുപ്പായ  FAO (Food and Agriculture Organization of the United Nations) ലക്ഷ്യമിടുന്നത്.

ധാരാളം പ്രോട്ടീൻ (protein) അടങ്ങിയിരിക്കുന്ന പയറുവർഗ്ഗങ്ങൾ പലയിനം പോഷകങ്ങളുടെ കലവറ കൂടിയാണ്. മാംസാഹാരമോ പാലുല്പന്നങ്ങളോ ലഭിക്കാത്ത സ്ഥലങ്ങളിൽ പയറുവർഗ കൃഷി പ്രോത്സാഹിപ്പിക്കുന്നത് ഏറെ ഗുണം ചെയ്യും. ശരിയായ അളവിൽ പയറുവർഗ്ഗങ്ങൾ കഴിക്കുന്നതിലൂടെ സസ്യാഹാരികൾക്കു അവരുടെ ശരീരത്തിനാവശ്യമായ പ്രോട്ടീൻ ക്രമീകരിക്കാവുന്നതാണ്. കുറഞ്ഞ കൊഴുപ്പും, ധാരാളം ഫൈബറും (fiber) അടങ്ങിയ പയറുവർഗ്ഗങ്ങൾ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തുന്നതിന് ഗുണങ്ങൾ നിരവധിയാണ്. രക്തത്തിലെ കൊളസ്‌ട്രോൾ കുറയ്ക്കുവാനും, പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുവാനും സഹായിക്കുന്നത് കൊണ്ട് ഡയബറ്റീസ്, ഹൃദ്രോഗങ്ങൾ പോലുള്ള അസുഖങ്ങൾക്ക് ഡോക്ടർമാർ പയറുവർഗ്ഗങ്ങൾ ഉൾപ്പെടുത്തിയ ഭക്ഷണം നിർദ്ദേശിക്കാറുണ്ട്. അമിതവണ്ണം നിയന്ത്രിക്കുവാനും പയറുവർഗ കേന്ദ്രീകൃതമായ ആഹാരവിധി സഹായകമാകുമെന്ന് പുതിയ പഠനങ്ങൾ തെളിയിക്കുന്നു.

 

ഓരോ കൃഷിക്കാലം കഴിയുമ്പോഴും, വിളകൾ തന്നെ മണ്ണിലെ നൈട്രജൻ പോലുള്ള ധാതുക്കളെ സ്വയം പരിപോഷിപ്പിക്കുന്നതിനാൽ കർഷകന് രാസവളങ്ങൾ ഉപയോഗിക്കേണ്ട ആവശ്യം വരുന്നില്ല. വളരെ മിതമായ രീതിയിലുള്ള ജല ഉപയോഗവും കൂടിയാകുമ്പോൾ പയറുവർഗ്ഗവിളകളിലൂടെ കർഷകന് ലഭിക്കുന്ന നേട്ടം രണ്ടാണ്. ചിലവുകുറഞ്ഞ കൃഷിയിലൂടെ സ്ഥിരവരുമാനം കിട്ടുന്ന ഉത്പന്നങ്ങളും, അതുപോലെ തന്നെ സ്വന്തം കുടുംബത്തിനായി മാറ്റിവെക്കാവുന്ന ദൈനംദിന ഭക്ഷണോപാധിയും.

പ്രകൃതിക്കു ഭാരമാകാത്തതും, സുസ്ഥിരമായ ഭക്ഷണ ലഭ്യത ഉറപ്പുവരുത്തുന്നതുമായ പയറുവർഗ കൃഷി പ്രോത്സാഹിപ്പിക്കുന്നതിലൂടെ വിശപ്പില്ലാത്ത ഒരു ലോകമാണ് (Zero  Hunger world) UN വിഭാവനം ചെയ്യുന്നത്.

 

Be the first to comment

Leave a Reply

Your email address will not be published.


*