CG Athirampuzha
ചികിത്സയേക്കാള്‍ പ്രതിരോധം കൊണ്ട് തുടച്ചുനീക്കാനാവുന്ന ക്ഷയരോഗം ഇന്നും ലോകരാജ്യങ്ങളില്‍ മാരകപകര്‍ച്ചവ്യാധിയായി ഭീഷണി ഉയര്‍ത്തുന്നുണ്ട്. താരതമ്യേന വികസ്വര രാജ്യങ്ങളില്‍ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ഈ ബാക്ടീരിയല്‍ രോഗത്തെ വരുതിയിലാക്കാന്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാണ്. ഇതിനെക്കുറിച്ച് സമൂഹത്തില്‍ അവബോധം സൃഷ്ടിക്കാനും പൂര്‍ണമായി തുടച്ചുനീക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് പ്രചോദനം നല്‍കുന്നതിനുമാണ് എല്ലാ വര്‍ഷവും മാര്‍ച്ച് 24 ക്ഷയരോഗ ദിനമായി ആചരിക്കുന്നത്.1882 മാര്‍ച്ച് 24ന് ഡോ. റോബര്‍ട്ട് കോച്ച് ക്ഷയരോഗത്തിന് കാരണമാകുന്ന ബാക്ടീരിയയെ കണ്ടെത്തിയ ഓര്‍മ്മയിലാണ് ഈ ദിനം ലോകം ആചരിക്കുന്നത്.
ശ്വാസകോശത്തിന്റെ ആരോഗ്യത്തെ ബാധിക്കുന്ന ഗുരുതരമായ ബാക്ടീരിയല്‍ രോഗമാണ് ക്ഷയം. മൂന്ന് ആഴ്ചയെങ്കിലും നീണ്ടുനില്‍ക്കുന്ന തുടര്‍ച്ചയായ ചുമ, രക്തം കലര്‍ന്ന കഫം, വിറയല്‍, പനി, വിശപ്പില്ലായ്മ, ശരീരഭാരക്കുറവ്, ക്ഷീണം/ തളര്‍ച്ച, രാത്രിയില്‍ വിയര്‍ക്കുന്നു എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍. ചിലരില്‍ വയറുവേദന, സന്ധി വേദന, അപസ്മാരം, നിരന്തരമായ തലവേദന എന്നിവയും കാണപ്പെടുന്നു. രോഗം ബാധിക്കുന്ന അവയവവുമായി ബന്ധപ്പെട്ടാണ് ലക്ഷണങ്ങള്‍ പ്രകടമാകുന്നത്.
പകര്‍ച്ചവ്യാധിയായതിനാല്‍ ടിബി രോഗം ബാധിക്കാതിരിക്കാന്‍ ജാഗ്രത ആവശ്യമാണ്. ക്ഷയരോഗി സംസാരിക്കുമ്പോഴോ ചുമയ്ക്കുമ്പോഴോ തുമ്മുമ്പോഴോ ഉമിനീരിലൂടെ ടിബി പടരും. വീടുകളില്‍ രോഗികളുണ്ടെങ്കില്‍ ഇവരുമായി ദീര്‍ഘനേരം സമ്പര്‍ക്കം പുലര്‍ത്തുന്നത് അണുബാധയുണ്ടാകാനുള്ള സാധ്യത വര്‍ധിപ്പിക്കും. ക്ഷയരോഗ ലക്ഷണങ്ങള്‍ കണ്ടാല്‍ കഫ പരിശോധനയാണ് ആദ്യം നടത്തുക. സ്മിയര്‍ മൈക്രോസ്‌കോപ്പിയോ ജീന്‍ എക്‌സ്‌പെര്‍ട്ട് പോലുള്ള പുതിയ മോളിക്യുലാര്‍ രീതികളോ ഉപയോഗിച്ച് കഫം പരിശോധിക്കും. നെഞ്ചിന്റെ എക്സ്-റേ എടുത്തും രോഗനിര്‍ണയം നടത്താം. രോഗ സാദ്ധ്യത കൂടുതലുള്ള ആളുകളില്‍ പോസിറ്റീവ് ഡയഗ്നോസ്റ്റിക് ടെസ്റ്റുകളുടെ അഭാവത്തില്‍ ടിബി രോഗം സ്ഥിരീകരിക്കാം.
പൊതുവെ രോഗപ്രതിരോധ ശേഷി കുറവുള്ളവരെയാണ് ക്ഷയരോഗത്തിന് കാരണമായ മൈക്കോബാക്ടീരിയം ട്യൂബര്‍ക്കുലോസിസ് ബാക്ടീരിയ കീഴടക്കുന്നത്. അഞ്ച് വയസിനു താഴെയുള്ള കുട്ടികളിലും 60 വയസിനു മുകളിലുള്ളവര്‍ക്കും രോഗ സാധ്യത കൂടുതലാണ്. പുകവലിക്കുന്നവര്‍, മദ്യപാനികള്‍, മയക്കുമരുന്ന് ഉപയോഗിക്കുന്നവര്‍ എന്നിവരില്‍ രോഗം സ്ഥിരീകരിച്ചാല്‍ അപകടസാധ്യതയേറെയാണ്. കൂടാതെ എച്ച്‌ഐവി, ജീവിതശൈലി രോഗങ്ങള്‍, അര്‍ബുദം ഉള്‍പ്പെടെ രോഗപ്രതിരോധ ശേഷിയെ ബാധിക്കുന്ന രോഗങ്ങളുള്ളവരില്‍ ക്ഷയരോഗം ഗുരുതര പ്രത്യാഘാതങ്ങളുണ്ടാക്കുന്നു.
മഹാമാരിയായി ലോകരാജ്യങ്ങളെ പിടിച്ചുലച്ച കോവിഡിനെ നിയന്ത്രിക്കാന്‍ കഴിഞ്ഞ നമുക്ക് ക്ഷയരോഗത്തെ ഇനിയെങ്കിലും തുടച്ചുമാറ്റേണ്ടതുണ്ട്. രോഗികളായ എല്ലാവര്‍ക്കും സഹായം എത്തിക്കാനും അത് ഫലം ചെയ്യുന്നുണ്ടെന്ന് ഉറപ്പുവരുത്താനും സമൂഹം താല്‍പര്യം കാണിക്കണം. സര്‍ക്കാര്‍- ആരോഗ്യ സംവിധാനങ്ങള്‍ക്കൊപ്പം പൊതുജനങ്ങളും കൈകോര്‍ത്താല്‍ ഇന്ത്യയെ ക്ഷയരോഗമുക്ത രാജ്യമായി പ്രഖ്യാപിക്കാനാവുമെന്നതില്‍ സംശയമില്ല.
Be the first to comment