
പ്രായമാകുന്നതിനെ കുറിച്ചുള്ള ആകുലത മറവി രോഗത്തിനുള്ള സാധ്യത കൂട്ടുമെന്ന് പഠനം. മറവി രോഗം വാർദ്ധക്യത്തിന്റെ ഭാഗമാണെന്ന് വിശ്വസിച്ച് ആകുലതപ്പെട്ട് ജീവിതം മുന്നോട്ട് കൊണ്ടു പോകുന്ന നിരവധി ആളുകളുണ്ട്. ഇത്തരം ചിന്താഗതി തലച്ചോറിന്റെ പ്രവർത്തനത്തെ ദോഷകരമായി ബാധിക്കുമെന്നും വൈജ്ഞാനിക തകർച്ചയ്ക്ക് കാരണമാകുമെന്നും പെൻസിൽവാനിയ സ്റ്റേറ്റ് സർവകലാശാല ഗവേഷകർ നടത്തിയ പഠനത്തിൽ പറയുന്നു.
വാർദ്ധക്യത്തിനോടുള്ള സമീപനം മാനസിക നിലനിൽപ്പും തലച്ചോറിൻ്റെ പ്രവർത്തനവുമായി വളരെയധികം ബന്ധമുണ്ടെന്ന് പഠനം വ്യക്തമാക്കുന്നു. പ്രായമാകൽ പ്രക്രിയയോട് കൂടുതൽ പോസിറ്റീവ് സമീപനം പുലർത്തുന്ന മുതിർന്നവരിൽ മികച്ച വൈജ്ഞാനിക പ്രവർത്തനവും കുറഞ്ഞ വൈജ്ഞാനിക തകർച്ചയും പ്രകടിപ്പിക്കുന്നതായി പഠനം ചൂണ്ടിക്കാട്ടി.
65 നു 90 നു ഇടയിൽ പ്രായമായ 581 പേര്‍ പഠനത്തിന്റെ ഭാഗമായി. ആളുകൾ വാർദ്ധക്യത്തെ മനസ്സിലാക്കുന്ന രീതിയും വൈജ്ഞാനിക കഴിവുകളും പഠനം വിശകലനം ചെയ്തു. മറവി രോഗം വാർദ്ധക്യത്തിന്റെ ഒരു പ്രധാന ഭാഗമാണെന്ന് കരുതുന്നവരിൽ മറവിയുടെ ലളിതമായ സന്ദർഭങ്ങൾ പോലും ഗുരുതര വൈജ്ഞാനിക തകർച്ചയുടെ ലക്ഷണങ്ങളായി കാണാനുള്ള സാധ്യത കൂടുതലാണ്. മറുവശത്ത്, ഒരു വ്യക്തി വാർദ്ധക്യത്തോട് പോസിറ്റീവ് സമീപനം പുലർത്തുന്നുവെങ്കിൽ ചെറിയ മറവികൾ സാധാരണ അനുഭവങ്ങളായി അവർക്ക് കാണാൻ കഴിയും.
കൂടാതെ വാർദ്ധക്യവുമായി ബന്ധപ്പെട്ട് ശാരീരിക ആരോഗ്യം, മാനസികാരോഗ്യം, വൈജ്ഞാനിക പ്രവർത്തനം എന്നിവ പഠനം വിശകലനം ചെയ്തു. വാർദ്ധക്യത്തിനൊപ്പം മികച്ച ശാരീരിക ആരോഗ്യവും മാനസികാരോഗ്യവും വൈജ്ഞാനിക പ്രവർത്തനവും നിലനിർത്തിയവരിൽ വൈജ്ഞാനിക തകർച്ച കുറവാണെന്ന് കണ്ടെത്തി. വാർദ്ധക്യത്തെ കുറിച്ചുള്ള നമ്മുടെ ചിന്താഗതി വൈജ്ഞാനിക തകർച്ചയ്ക്ക് നേരിട്ട് ബന്ധമുണ്ടെന്ന് പഠനം ചൂണ്ടിക്കാണിക്കുന്നു. മറ്റ് ഘടകങ്ങൾ പോലെ വാർദ്ധക്യത്തെ കുറിച്ചു ആകുലതകളും മറവി രോഗത്തിലേക്ക് നയിക്കാം. വാർദ്ധക്യത്തെ കുറിച്ചുള്ള അവബോധം പ്രായമായവർക്ക് മെച്ചപ്പെട്ട ആരോഗ്യകരമായ ജീവിതം നയിക്കാൻ സഹായിക്കുമെന്നും പഠനം വ്യക്തമാക്കുന്നു.
Be the first to comment