വനിത പ്രീമിയർ ലീഗ് (ഡബ്ല്യുപിഎല്‍) രണ്ടാം സീസണ് ഇന്ന് തുടക്കം. ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സ് ഡല്‍ഹി ക്യാപിറ്റല്‍സിനെ നേരിടും. രാത്രി എട്ട് മണിക്ക് ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് മത്സരം. കഴിഞ്ഞ സീസണിന്റെ ഫൈനലില്‍ മുംബൈ പരാജയപ്പെടുത്തിയത് ഡല്‍ഹിയെയായിരുന്നു. അതുകൊണ്ടുതന്നെ ഉദ്ഘാടനപ്പോരിന് ആവേശം കൂടും.
ഹർമന്‍പ്രീത് കൗർ നയിക്കുന്ന മുംബൈ കഴിഞ്ഞ തവണ ലീഗിലെതന്നെ ഏറ്റവും ശക്തരായിരുന്നു. ഇത്തവണ ആയുധങ്ങള്‍ക്ക് മൂർച്ചകൂട്ടിയും ബൗളിങ് നിര ശക്തമാക്കിയുമാണ് കിരീടം പ്രതിരോധിക്കാന്‍ മുംബൈ ഇറങ്ങുന്നത്. ഓള്‍ റൗണ്ടർമാരാല്‍ സമ്പന്നമാണ് മുംബൈ. ടീമിന്റെ ഔദ്യോഗിക വെബ്സൈറ്റ് നല്‍കുന്ന വിവരപ്രകാരം 18 താരങ്ങളില്‍ 13 പേരും ഓള്‍ റൗണ്ടർമാരാണ്.
കഴിഞ്ഞ സീസണിലെ താരമായ ഇംഗ്ലണ്ടിന്റെ നാറ്റ് സീവർ ബ്രന്റ് തന്നെയാണ് ഇത്തവണയും ഹർമന്റെ തുറുപ്പുചീട്ട്. ദക്ഷിണാഫ്രിക്കന്‍ താരം ഷബ്നിം ഇസ്മയില്‍ കൂടെ എത്തുന്നതോടെ ഹീലി മാത്യൂസ്, അമേലിയ കേർ, യസ്തിക ഭാട്ടിയ, ഇസി വോങ്, പൂജ വസ്ത്രാക്കർ എന്നിവരടങ്ങിയ നിര ഒരുപടികൂടി ശക്തരാകുന്നു. ഹർമന്റെ ഫോം മാത്രമാണ് മുംബൈയെ സംബന്ധിച്ചൊരു ആശങ്ക.
ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ കൈവിട്ട കിരീടം തിരിച്ചെടുക്കാനായിരിക്കും മെഗ് ലാനിങ്ങിന്റെ ഡല്‍ഹി കളത്തിലിറങ്ങുക. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചതിന് ശേഷം വലിയൊരു ഇടവേള കഴിഞ്ഞാണ് മെഗ് ക്രീസിലേക്ക് എത്തുന്നത്.
Be the first to comment