
ഗുസ്തി ഫെഡറേഷന്‍ മേധാവി ബ്രിജ് ഭൂഷണ്‍ സിങ്ങിനെതിരെ പ്രതിഷേധം നടത്തുന്ന ഗുസ്തി താരങ്ങള്‍ ഹരിദ്വാറിലെത്തി. രാജ്യത്തിനായി കഠിനാധ്വാനം ചെയ്ത് നേടിയ മെഡലുകള്‍ ഗംഗയില്‍ ഒഴുക്കാനായാണ് താരങ്ങള്‍ എത്തിയിരിക്കുന്നത്. കണ്ണീരോടെ മെഡലുകള്‍ നെഞ്ചോട് ചേര്‍ത്ത് പിടിക്കുന്ന ഗുസ്തിതാരങ്ങള്‍ രാജ്യത്തിന് തന്നെ വിങ്ങലാകുകയാണ്.
‘ഈ മെഡലുകള്‍ ഞങ്ങളുടെ ജീവനാണ്, ഞങ്ങളുടെ ആത്മാവാണ്. ഇന്ന് അവ ഗംഗയില്‍ എറിഞ്ഞതിന് ശേഷം ഞങ്ങള്‍ക്ക് ജീവിക്കാന്‍ ഒരു കാരണവുമില്ല. അതിനാല്‍, ഞങ്ങള്‍ മരണം വരെ ഇന്ത്യാ ഗേറ്റില്‍ നിരാഹാര സമരം നടത്തും’ ഗുസ്തി താരം സാക്ഷി മാലിക് ട്വിറ്ററില്‍ പറഞ്ഞു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ഉള്‍പ്പെടെയുള്ള വനിതാ അത്ലറ്റുകളെ ലൈംഗികമായി ചൂഷണം ചെയ്‌തെന്ന് ആരോപിച്ചാണ് ഡബ്ല്യുഎഫ്ഐ തലവന്‍ ബ്രിജ് ഭൂഷണ്‍ സിങ്ങിനെതിരെ വിനേഷ് ഫോഗട്ട്, സാക്ഷി മാലിക്, ബജ്രംഗ് പുനിയ എന്നിവരുള്‍പ്പെടെയുള്ള മുന്‍നിര ഗുസ്തിക്കാര്‍ പ്രതിഷേധിക്കുന്നത്.
#WATCH | Wrestlers reach Haridwar to immerse their medals in river Ganga as a mark of protest against WFI chief and BJP MP Brij Bhushan Sharan Singh over sexual harassment allegations.#WrestlersProtest pic.twitter.com/QkPEdmbjTm
— ANI (@ANI) May 30, 2023
നേരത്തെ ഏപ്രില്‍ 23 ന് ജന്തര്‍മന്തറില്‍ ആരംഭിച്ച പ്രതിഷേധം പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന ദിനത്തില്‍ നടന്ന മാര്‍ച്ചിനിടെ ഡല്‍ഹി പോലീസ് ബലംപ്രയോഗിച്ച് അടിച്ചമര്‍ത്തിയിരുന്നു. പുതിയ പാര്‍ലമെന്റ് മന്ദിരത്തിലേക്കുള്ള മാര്‍ച്ച് നൂറുകണക്കിന് പോലീസും അര്‍ദ്ധസൈനിക ഉദ്യോഗസ്ഥരും തടഞ്ഞതോടെ നാടകീയമായ ദൃശ്യങ്ങള്‍ക്കാണ് രാജ്യം സാക്ഷ്യം വഹിച്ചത്. പ്രതിഷേധക്കാര്‍ സുരക്ഷാ വലയം ഭേദിക്കാന്‍ ശ്രമിച്ചപ്പോള്‍ കടുത്ത ഉന്തും തള്ളുമുണ്ടായി.
ഇതിനിടെ ഗുസ്തിക്കാരുടെ പ്രതിഷേധത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ നിഷ്‌ക്രിയത്വത്തെ അപലപിച്ച് കോണ്‍ഗ്രസിന്റെ രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍, പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി എന്നിവരുള്‍പ്പെടെയുള്ള പ്രതിപക്ഷ നേതാക്കള്‍ രംഗത്തെത്തി. ലൈംഗികാതിക്രമ ആരോപണങ്ങൾ അന്വേഷിക്കാൻ ഈ മാസം ആദ്യം ഡൽഹി പോലീസ് പ്രത്യേക അന്വേഷണ സംഘത്തെ (എസ്‌ഐടി) രൂപീകരിച്ചിരുന്നു. അതിനിടെ, ഗുസ്തി താരങ്ങളുടെ ആരോപണത്തിൽ അന്വേഷണം പൂർത്തിയാകുന്നതുവരെ ഗുസ്തി ഫെഡറേഷന്റെ എല്ലാ പ്രവർത്തനങ്ങളും കായിക മന്ത്രാലയം റദ്ദാക്കി.
Be the first to comment