ബ്രിജ് ഭൂഷണ്‍ സിങ്ങിന്റെ അനുയായി സഞ്ജയ് സിങിനെ ദേശീയ ഗുസ്തി ഫെഡറേഷന്റെ (ഡബ്ല്യുഎഫ്‌ഐ) പുതിയ മേധാവിയായി തിരഞ്ഞെടുത്തതില്‍ പ്രതിഷേധം തുടരുന്നു. ഗുസ്തി താരം സാക്ഷി മാലിക് ഗുസ്തി അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ചതിന് പിന്നാലെ പത്മശ്രീ തിരിച്ചെടുക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ച് ഗുസ്തി താരം ബജ്‌രംഗ് പുനിയ. സമൂഹമാധ്യമമായ എക്‌സിലൂടെയാണ് പുനിയ ഇക്കാര്യം അറിയിച്ചത്.
”എന്റെ പത്മശ്രീ പുരസ്‌കാരം പ്രധാനമന്ത്രിക്ക് തിരിച്ചുനല്‍കുന്നു. ഇക്കാര്യം അറിയിക്കുന്നതിനുള്ള കത്താണിത്. ഇതാണെന്റെ നിലപാട്”- പുനിയ എക്‌സില്‍ കുറിച്ചു. കൂടാതെ പ്രധാനമന്ത്രിക്ക് അയച്ച കത്തും അദ്ദേഹം പങ്കുവച്ചു.
‘പ്രിയപ്പെട്ട മോദി ജി, നിങ്ങള്‍ ആരോഗ്യവാനാണെന്ന് പ്രതീക്ഷിക്കുന്നു. നിങ്ങളുടെ തിരക്കിനിടയിലും ഈ രാജ്യത്തെ ഗുസ്തി താരങ്ങളിലേക്ക് ശ്രദ്ധ ചെലുത്തുന്നതിനാണ് ഞാന്‍ ഈ കത്തെഴുതുന്നത്. ബ്രിജ് ഭൂഷന്റെ ലൈംഗികോപദ്രവത്തിനെതിരെ ഈ ജനുവരി മുതല്‍ രാജ്യത്തെ വനിതാ താരങ്ങള്‍ പ്രതിഷേധിക്കുന്ന കാര്യം നിങ്ങള്‍ക്ക് ബോധ്യമുണ്ടാകുമല്ലോ. ഈ പ്രതിഷേധങ്ങളില്‍ ഞാനും പങ്കെടുത്തിരുന്നു. ഇതിനെതിരെ കടുത്ത നടപടികള്‍ സ്വീകരിക്കുമെന്ന സര്‍ക്കാര്‍ ഉറപ്പിലാണ് പ്രതിഷേധം അവസാനിപ്പിച്ചത്.
എന്നാല്‍ സമരം ആരംഭിച്ച് മൂന്ന് മാസം കഴിഞ്ഞിട്ടും ഒരു എഫ്‌ഐആര്‍ പോലും ബ്രിജ് ഭൂഷണെതിരെ എടുത്തിരുന്നില്ല. ഏപ്രിലില്‍ വീണ്ടും തെരുവില്‍ സമരം ആരംഭിച്ചപ്പോഴാണ് എഫ്‌ഐആര്‍ പോലും രജിസ്റ്റര്‍ ചെയ്യുന്നത്. ജനുവരിയില്‍ 19 പരാതികളാണ് ഉണ്ടായിരുന്നതെങ്കില്‍ ഏപ്രിലാകുമ്പോഴേക്ക് അത് ഏഴായി കുറഞ്ഞു. ഇതിനര്‍ഥം ബ്രിജ് ഭൂഷന് തന്റെ സ്വാധീനം 12 സ്ത്രീകളില്‍ ചെലുത്താന്‍ സാധിച്ചുവെന്നാണ്”- പുനിയ കത്തില്‍ പറയുന്നു.
ഇന്നലെയാണ് സഞ്ജയ് സിങ്ങ് ഡബ്ല്യുഎഫ്‌ഐയുടെ മേധാവിയായി തിരഞ്ഞെടുക്കപ്പെട്ടത്. 15ല്‍ 13 പോസ്റ്റും നേടിയാണ് സഞ്ജയ് സിങ്ങ് തിരഞ്ഞെടുക്കപ്പെട്ടത്. കോമണ്‍വെല്‍ത്ത് ഗെയിംസ് സ്വര്‍ണ മെഡല്‍ ജേതാവും പ്രമുഖ ഗുസ്തി താരങ്ങളുടെ പിന്തുണയോടെയും മത്സരിച്ച അനിത ഷിയോറനെയായിരുന്നു സഞ്ജയ് സിങ് പരാജയപ്പെടുത്തിയത്. തുടര്‍ന്ന് ബജ്‌റംഗ് പുനിയയ്ക്കും വിനേഷ് ഫോഗട്ടിനുമൊപ്പം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് പ്രതിഷേധത്തിന്റെ ഭാഗമായി താന്‍ ഗുസ്തി അവസാനിപ്പിക്കുകയാണെന്ന പ്രഖ്യാപനം സാക്ഷി മാലിക് നടത്തിയത്.
’40 ദിവസം ഞങ്ങള്‍ റോഡിലാണ് ഉറങ്ങിയത്. എന്നിട്ടും ബ്രിജ് ഭൂഷണ്‍ സിങിന്റെ ബിസിനസ് പങ്കാളിയും അടുത്ത സഹായിയുമായ ഒരാളാണ് ഡബ്ല്യുഎഫ്ഐയുടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്’ എന്നു പറഞ്ഞുകൊണ്ട് വികാരാധീതയായ താരം തന്റെ ബൂട്ടുകള്‍ അഴിച്ച് മേശയുടെ മുകളില്‍ വച്ചായിരുന്നു പ്രതികരിച്ചത്.
Be the first to comment