സംവിധായകന് നൽകുന്ന അതേ പ്രതിഫലം എഴുത്തുകാർക്കും നൽകണം: മിഥുൻ മാനുവൽ തോമസ്

സിനിമയിൽ സംവിധായകന് നൽകുന്ന അതേ പ്രതിഫലം ആ സിനിമ എഴുതിയ വ്യക്തിക്കും നൽകണമെന്ന് എഴുത്തുകാരനും സംവിധായകനുമായ മിഥുൻ മാനുവൽ തോമസ്. മിഥുൻ കഥയും തിരക്കഥയും എഴുതി വൈശാഖ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ടർബോയുടെ റിലീസിനോട് അനുബന്ധിച്ച് സില്ലിമോങ്കിന് നൽകിയ അഭിമുഖത്തിലായിരുന്നു മിഥുൻ മാനുവൽ തോമസ് ഇക്കാര്യം പറഞ്ഞത്.

‘സിനിമയിലെ ഏറ്റവും പ്രധാനപ്പെട്ട ഡിപ്പാർട്ട്‌മെന്റ് എന്ന് പറയുന്നത് എഴുത്താണ്. എഴുത്ത് മോശമായി കഴിഞ്ഞാൽ ആ സിനിമയുടെ കാര്യം കട്ടപ്പൊകയാണ്. സിനിമ ആദ്യമുണ്ടാകുന്നത് ഷൂട്ടിങ് യൂണിറ്റിന് മുന്നിലല്ല അത് എഴുത്തുകാരന്റെ മനസിലാണ് ആദ്യമായിട്ട് ആ സിനിമയുടെ രൂപം ഉണ്ടാവുന്നത്. അയാൾ അത് മനസിൽ കണ്ട് അത് സംവിധായകന് പറഞ്ഞുകൊടുത്ത് അത് വേറെ രീതിയിൽ കൺസീവ് ചെയ്യുമ്പോഴാണ് സിനിമയുണ്ടാവുന്നത്’ എന്ന് മിഥുൻ മാനുവൽ തോമസ് പറഞ്ഞു.

‘സാലറി സംവിധായകനോളം തന്നെ കൊടുക്കേണ്ട ഡിപ്പാർട്ട്‌മെന്റാണ് എഴുത്ത്. ഇപ്പോൾ അങ്ങനെയുള്ള രീതിയിലേക്ക് വരുന്നുണ്ട്. കണ്ടന്റ് ആണ് പ്രധാനപ്പെട്ടത് എന്ന തരത്തിൽ കാര്യങ്ങൾ വരുന്നുണ്ട്. സിനിമകളും സീരിസുകളും വരുന്നുണ്ട്. ഹോളിവുഡിൽ നോക്കുകയാണെങ്കിൽ അവിടെ എഴുത്തുകാരനാണ് ഏറ്റവും പ്രാധാന്യം’ എന്നും മിഥുൻ പറഞ്ഞു.

മമ്മൂട്ടി നായകനായ ടർബോ മേയ് 23 നാണ് റിലീസ് ചെയ്യുന്നത്. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രം നിർമിക്കുന്നത്.

ഒരിടവേളക്ക് ശേഷം മമ്മൂട്ടി അച്ചായൻ കഥാപാത്രമായി എത്തുന്ന ചിത്രം ആരാധകർ ഏറെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. കന്നഡ താരം രാജ് ബി ഷെട്ടിയും തെലുങ്ക് നടൻ സുനിലും ചിത്രത്തിൽ പ്രധാനവേഷത്തിൽ എത്തുന്നുണ്ട്.

Be the first to comment

Leave a Reply

Your email address will not be published.


*