എക്സ് ഇനി ‘സൗജന്യമാകില്ല’; ട്വീറ്റ്, ലൈക്, റിപ്ലൈ തുടങ്ങിയ സേവനങ്ങൾക്ക് പ്രതിവർഷ വരിസംഖ്യ ഉടനെന്ന് റിപ്പോർട്ട്

എക്സ് ഉപയോഗിക്കാൻ ഇനി പണം നൽകേണ്ടി വരും. ട്വീറ്റ്, ലൈക്, റിപ്ലൈ തുടങ്ങിയ എക്സ് സേവനങ്ങൾ ഉപയോഗിക്കുന്നതിനായി പുതിയ ഉപയോക്താക്കളില്‍ നിന്ന് ഇനി മുതൽ ഒരു നിശ്ചിത തുക ഈടാക്കും. ട്വീറ്റുകൾ ലൈക്ക് ചെയ്യുന്നതും പോസ്റ്റുചെയ്യുന്നതും അവയ്ക്ക് മറുപടി നൽകുന്നതുമെല്ലാം ഇത്രയും നാൾ സൗജന്യ സേവനങ്ങളായിരുന്നു. എന്നാൽ എക്സിന്റെ പുതിയ നയപ്രകാരം ഇവ ഉൾപ്പടെ ട്വീറ്റുകൾ ബുക്ക്‌മാർക്ക് ചെയ്യുന്നതിന് പോലും പണം നൽകേണ്ടി വരും. ‘എക്സ് ഡെയിലി ന്യൂസ്’ എന്ന എക്സ് അക്കൗണ്ടാണ് പുതിയ ഉപയോക്താക്കളിൽ നിന്ന് നിരക്ക് ഈടാക്കുന്ന കമ്പനി നടപടി ആദ്യം റിപ്പോർട്ട് ചെയ്യുന്നത്. പുതിയ ഉപയോക്താക്കൾക്ക് എക്സ് ഉപയോഗിക്കണമെങ്കിൽ വാർഷിക വരിസംഖ്യ നൽകണമെന്ന് സൂചിപ്പിക്കുന്ന ഉള്ളടക്കങ്ങൾ എക്സ് വെബ്‌സൈറ്റിൽ നൽകിയിട്ടുണ്ടെന്നും എക്സ് ഡെയിലി ന്യൂസ് റിപ്പോർട്ടിൽ പറയുന്നുണ്ട്.

ഉപയോക്താക്കൾക്ക് പ്രതിവർഷം വരിസംഖ്യ ഏർപ്പെടുത്തുന്ന സബ്‌സ്‌ക്രിപ്‌ഷൻ മോഡൽ കഴിഞ്ഞ ഒക്ടോബറിൽ മസ്ക് അവതരിപ്പിച്ചിരുന്നു. ആദ്യ പടിയെന്നോണം ന്യൂസിലൻഡ്, ഫിലിപ്പീൻസ് എന്നി രാജ്യങ്ങളിലാണ് ഈ സേവനം ആദ്യം നിലയിൽ വന്നത്. ന്യൂസിലൻഡിൽ 1.43 ന്യൂസിലൻഡ് ഡോളറും ഫിലിപ്പീൻസിൽ 42.51 ഫിലിപ്പീൻ പെസോയുമാണ് സബ്സ്ക്രിപ്ഷൻ നിരക്ക്. ഈ നിരക്കിന്റെ അടിസ്ഥാനത്തിൽ പ്രതിവർഷം ഒരു ഡോളറെന്ന (ഏകദേശം 83 ഇന്ത്യന്‍ രൂപ) കണക്കിലാകും വരിസംഖ്യ ഈടാക്കുകയെന്നാണ് സൂചന. ക്രമേണ മാറ്റ് രാജ്യങ്ങളിലേക്ക് സബ്‌സ്‌ക്രിപ്‌ഷൻ മോഡൽ നടപ്പിലാക്കാനുള്ള നീക്കത്തിലാണ് കമ്പനി.

ദിനംപ്രതി ഉയരുന്ന വ്യാജ അക്കൗണ്ടുകളും അവയിലെ ഉള്ളടക്കങ്ങളും നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കമെന്നാണ് മസ്കിന്റെ വിശദീകരണം. പുതിയ ഉപയോക്താക്കൾക്ക് മാത്രമായിരിക്കും ഇത് ബാധകമാകുക എന്നതാണ് ശ്രദ്ധേയം. എന്നാൽ, നിലവിലെ ഉപയോക്താക്കളെ ഈ മാറ്റം ബാധിക്കുമോ എന്ന കാര്യത്തിൽ എക്സ് വ്യക്തത നൽകിയിട്ടില്ല. പുതിയ മാതൃകയിൽ പണമടയ്ക്കാതെ ഉപോയോഗിക്കുന്നവർക്ക് ‘റീഡ് ഒൺലി’ മോഡിലായിരിക്കും എക്സ് ലഭ്യമാകുക, അതായത്, പുതിയ ഉപയോക്താക്കൾക്ക് പോസ്റ്റുകൾ കാണാനും വായിക്കാനും വീഡിയോകൾ കാണാനും അക്കൗണ്ടുകൾ പിന്തുടരാനും മാത്രമേ കഴിയൂ. പണമടച്ച് ഉപയോഗിക്കുന്നവർക്ക് മാത്രമേ ഇനി മുതൽ എക്‌സിലെ പോസ്റ്റുകൾ ലൈക് ചെയ്യാനും വീണ്ടും ഷെയർ ചെയ്യാനും സാധിക്കുകയുള്ളു.

Be the first to comment

Leave a Reply

Your email address will not be published.


*