യാട്ട് ക്ലബ് ഇനി കോഴിക്കോടും; മെന്‍ററായി അഭിലാഷ് ടോമി

കോഴിക്കോട്: കോഴിക്കോട്ട് യാട്ട് ക്ലബിന് തുടക്കമിട്ട് ജെല്ലിഫിഷ് വാട്ടര്‍ സ്‌പോര്‍ട്‌സ് ക്ലബ്. സെയ്‌ലിങ്ങിലേക്ക് മുതിര്‍ന്നവരെയും കുട്ടികളെയും കൂടുതല്‍ ആകര്‍ഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ക്ലബ് ആരംഭിച്ചത്. മലയാളി നാവികന്‍ കമാന്‍ഡര്‍ അഭിലാഷ് ടോമിയാണ് ക്ലബിന്‍റെ മെന്‍റര്‍.

രാജ്യത്ത് സെയ്‌ലേസിന്‍റെ ഒരു പുതിയ തലമുറയെ വാര്‍ത്തെടുക്കാന്‍ ജെല്ലിഫിഷ് വാട്ടര്‍ സ്‌പോര്‍ട്‌സിനോടൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് അഭിലാഷ് പറഞ്ഞു. സെയ്‌ലിങ് ഒരേ സമയം വിനോദവും സാഹസികതയും പ്രകൃതിയെ അറിയാനുള്ള അവസരവുമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഉല്ലസിക്കുവാനും പ്രഫഷണലായി സെയ്‌ലിങ് അഭ്യസിക്കാനുമുള്ള അവസരങ്ങള്‍ ഒരുക്കിയുമായിരിക്കും രാജ്യത്തെ കുട്ടികളെയും മുതിര്‍ന്നവരെയും സെയ്‌ലിങ്ങിന്‍റെ ലോകത്തേക്ക് കൊണ്ടു വരികയെന്ന് ജെല്ലിഫിഷ് വാട്ടര്‍ സ്‌പോര്‍ട്‌സ് സ്ഥാപകന്‍ കൗഷിക്ക് കോടിത്തോടിക പറഞ്ഞു. സെയ്‌ലിങ് പ്രോല്‍സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായി ഇവര്‍ക്ക് ക്ലബിന്‍റെ നേതൃത്വത്തില്‍ വിവിധ പരിശീലന പരിപാടികള്‍ സംഘടിപ്പിക്കും. തുടക്കക്കാര്‍ക്കും പരിചയ സമ്പന്നര്‍ക്കും സെയ്‌ലിങ് റെഗാട്ട മല്‍സരങ്ങളും നടത്തുമെന്നും കൗഷിക്ക് പറഞ്ഞു.

ജലസാഹസിക കായിക വിനോദങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി 2013 ലാണ് കോഴിക്കോട് ചെറുവണ്ണൂരില്‍ ജെല്ലിഫിഷ് വാട്ടര്‍ സ്‌പോര്‍ട്‌സ് ക്ലബ് ആരംഭിച്ചത്. 2022ലെ ഗോള്‍ഡന്‍ ഗ്ലോബ് റേസ് പായ്‌വഞ്ചിയോട്ട മല്‍സരത്തില്‍ അഭിലാഷ് ടോമിയുടെ ഇന്ത്യയില്‍ നിന്നുള്ള ഏക സഹ സ്‌പോണ്‍സറായിരുന്നു ജെല്ലിഫിഷ് വാട്ടര്‍ സ്‌പോര്‍ട്‌സ് ക്ലബ്.

കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നടന്ന ചടങ്ങില്‍ ജെല്ലിഫിഷ് യാട്ട് ക്ലബിന്‍റെ ഉദ്ഘാടനം അഭിലാഷ് ടോമി നിര്‍വഹിച്ചു. ജെല്ലിഫിഷ് വാട്ടര്‍ സ്‌പോര്‍ട്‌സ് സ്ഥാപകന്‍ കൗഷിക്ക് കോടിത്തോടിക അധ്യക്ഷത വഹിച്ചു. ജെല്ലിഫിഷ് വാട്ടര്‍ സ്‌പോര്‍ട്‌സ് മുഖ്യ പരിശീലകന്‍ പ്രസാദ് തുമ്പാണി, കോട്ടനാട് പ്ലാന്‍റേഷന്‍സ് മാനേജിങ് ഡയരക്ടര്‍ എംപി ചെറിയാന്‍, മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് സെക്രട്ടറി പോള്‍ വര്‍ഗീസ്, കോഴിക്കോട് ബിസിനസ് ക്ലബ് ട്രഷറര്‍ കെ.വി സക്കീര്‍ ഹുസൈന്‍ എന്നിവര്‍ സംസാരിച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*