
ഡൽഹി ഹൈക്കോടതി ജഡ്ജിയുടെ വസതിയിൽ നിന്ന് പണം കണ്ടെത്തിയ സംഭവത്തിൽ ജസ്റ്റിസ് യശ്വന്ത് വർമ്മയുടെ വിശദീകരണം പുറത്ത്. തനിക്കെതിരായ ഗൂഢാലോചനയാണിതെന്ന് യശ്വന്ത് വർമ്മ പറഞ്ഞു. സംഭവ സമയത്ത് താൻ വസതിയിൽ ഉണ്ടായിരുന്നില്ല. ആർക്കും ഉപയോഗിക്കാനാകുന്ന സ്റ്റോർ റൂമിലാണ് തീപ്പിടുത്തം ഉണ്ടായത്. സുരക്ഷ ഉദ്യോഗസ്ഥർ അടക്കം ഉപയോഗിക്കുന്ന മുറിയാണിതെന്നും ജഡ്ജി വിശദീകരിക്കുന്നു. എന്നാൽ അന്വേഷണത്തിന്റെ ഭാഗമായി മൊബൈൽ ഫോൺ നശിപ്പിക്കുകയോ ഡാറ്റ ഇല്ലാതാക്കുകയോ ചെയ്യരുതെന്ന് ഡൽഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് യശ്വന്ത് വർമ്മയ്ക്ക് നിർദേശം നൽകി.
വസതിയിൽ നിന്ന് കണ്ടെത്തിയ നോട്ടുകെട്ടുകളുടെ ദൃശ്യങ്ങൾ ഇതിനകം പുറത്തുവിട്ടിരുന്നു. കത്തിയ നിലയിലാണ് നോട്ട്കെട്ടുകൾ കണ്ടെത്തിയിരിക്കുന്നത്. ഡൽഹി പൊലീസ് കമ്മീഷണറും ഈ സമയത്ത് ഇവിടെ എത്തിയ പൊലീസ് ഉദ്യോഗസ്ഥരും നൽകിയിരിക്കുന്ന വിവരങ്ങളും റിപ്പോർട്ടിൽ ചേർത്തിട്ടുണ്ട്.
യശ്വന്ത് വര്‍മ്മയുടെ ഔദ്യോഗിക വസതിയില്‍ ഉണ്ടായ തീപിടുത്തത്തെ തുടർന്ന് യാദൃശ്ചികമായി നടത്തിയ പരിശോധനയിലാണ് ഒരു മുറിയിൽ വൻതോതിൽ നോട്ടുകെട്ടുകൾ കണ്ടെത്തിയത്. കണക്കില്‍പ്പെടാത്ത പണം ആണെന്ന് മനസിലാക്കിയ ഫയർ ഫോഴ്സ് ഉദ്യോഗസ്ഥര്‍ ഉടന്‍ ഉന്നത പൊലീസ്ഉദ്യോഗസ്ഥരെ വിവരം അറിയിച്ചു.
സംഭവം അറിഞ്ഞ ഉടൻ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന കൊളീജിയം വിളിച്ചു ചേര്‍ത്ത് ജസ്റ്റിസ് യശ്വന്ത് വര്‍മ്മയെ അലഹബാദ് ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റാൻ തീരുമാനിക്കുകയും ചെയ്തിരുന്നു. യശ്വന്ത് വര്‍മ്മയ്ക്കെതിരെ കടുത്ത നടപടി സ്വീകരിക്കണമെന്നും ആഭ്യന്തര അന്വേഷണം നടത്തണമെന്നും കൊളീജിയത്തിലെ ചില അംഗങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ആഭ്യന്തര അന്വേഷണം പ്രഖ്യാപിച്ച സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അതിനായി മൂന്നംഗ സമിതിയെ നിയോഗിക്കുകയും ചെയ്തു. സമിതി നൽകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകും ഇനി സുപ്രീംകോടതി തുടർ നടപടി സ്വീകരിക്കുന്നത്. അന്വേഷണം നടക്കുന്ന സാഹചര്യത്തില്‍ ജസ്റ്റിസ് യശ്വന്ത് വര്‍മ്മയെ ജുഡീഷ്യല്‍ ജോലികളില്‍നിന്ന് മാറ്റി നിര്‍ത്താനും ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന നിർദേശിച്ചിട്ടുണ്ട്.
Be the first to comment